വോയിസ്, എസ്എംഎസ് റീചാർജുകൾക്ക് പുതിയ നിയമം; കുറഞ്ഞ നിരക്കിൽ കൂടുതൽ പ്ലാനുകൾ വരുന്നു

Published : Sep 25, 2026, 04:49 PM IST
Mobile Phone

Synopsis

ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി വോയിസ്, എസ്എംഎസ് മാത്രം ഉൾപ്പെടുന്ന പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് നിർദേശം നൽകി. 30 ദിവസം വരെ കാലാവധിയുള്ള ഇത്തരം പ്ലാനുകൾക്ക് നിരക്ക് കുറവായിരിക്കും. ഇതോടെ ഡാറ്റ ഉപയോഗിക്കാത്തവർക്ക് അധിക തുക നൽകേണ്ട സാഹചര്യം ഒഴിവാക്കാം.

മൊബൈൽ ഫോൺ പ്രധാനമായും കോളുകൾക്കും എസ്എംഎസിനുമായി ഉപയോഗിക്കുന്നവർക്ക് ആശ്വാസവാർത്ത. ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി കൂടുതൽ വോയിസ്, എസ്എംഎസ് മാത്രം ഉൾപ്പെടുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ് നിർദേശം നൽകി.

30 ദിവസം വരെ കാലാവധിയുള്ള പ്ലാനുകൾ

2026ലെ ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ പ്രകാരം 30 ദിവസം വരെയുള്ള കാലാവധിയുള്ള വോയ്സ്, എസ്എംഎസ് മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ ടെലികോം കമ്പനികൾ അവതരിപ്പിക്കണം. നിലവിലുള്ള താരിഫ് പ്ലാനുകളിൽ ലഭ്യമായ കുറഞ്ഞ കാലാവധിക്ക് അനുസൃതമായ ഓപ്ഷനുകളും കമ്പനികൾ നൽകേണ്ടിവരും. ഡാറ്റ ഉൾപ്പെടുത്താത്തതിനാൽ ഇത്തരം പ്ലാനുകൾക്ക് അതിനനുസരിച്ചുള്ള നിരക്ക് കുറവും ഉണ്ടായിരിക്കണമെന്ന് ട്രായ് നിർദേശിച്ചിട്ടുണ്ട്. ഇതോടെ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് ആവശ്യമില്ലാത്ത ഡാറ്റയ്ക്കായി പണം നൽകേണ്ട സാഹചര്യം ഒഴിവാക്കാനാകും.

മാസത്തിൽ ഒരേ തീയതിയിൽ പുതുക്കാം

30 ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള കുറഞ്ഞത് ഒരു വോയ്സ്, എസ്എംഎസ് പ്ലാനെങ്കിലും എല്ലാ ടെലികോം കമ്പനികളും നൽകണം. ഈ പ്ലാനുകൾ എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന തരത്തിലായിരിക്കണം. ഒരു മാസത്തിൽ പുതുക്കേണ്ട തീയതി ഇല്ലെങ്കിൽ, ആ മാസത്തെ അവസാന ദിവസമായിരിക്കും പുതുക്കലിനുള്ള തീയതി. ഉദാഹരണത്തിന്, ഒരു പ്ലാൻ എല്ലാ മാസവും 31ന് പുതുക്കേണ്ടതാണെങ്കിൽ 31 ദിവസമില്ലാത്ത മാസങ്ങളിൽ അവസാന ദിവസത്തിൽ പ്ലാൻ പുതുക്കും.

നിലവിൽ ദീർഘകാല പ്ലാനുകൾ കൂടുതൽ

ടെലികോം കമ്പനികൾ നിലവിൽ നൽകുന്ന വോയ്സ്, എസ്എംഎസ് മാത്രം ഉൾപ്പെടുന്ന പ്ലാനുകളിൽ ഭൂരിഭാഗവും ദീർഘകാല കാലാവധിയുള്ളവയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. 80 അല്ലെങ്കിൽ 84 ദിവസം, 336 അല്ലെങ്കിൽ 365 ദിവസം തുടങ്ങിയ കാലാവധികളിലാണ് ഇത്തരം പ്ലാനുകൾ കൂടുതലായും ലഭിക്കുന്നത്. കുറഞ്ഞ കാലയളവിലേക്ക് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇതോടെ പരിമിതമായ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിനും സാമ്പത്തിക സാഹചര്യത്തിനും അനുസരിച്ച് ചെറിയ കാലയളവിലേക്ക് റീചാർജ് ചെയ്യാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് ട്രായ് വ്യക്തമാക്കുന്നത്.

നിലവിലെ പ്ലാൻ നിരക്കുകൾ

നിലവിൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ വോയ്സ്, എസ്എംഎസ് മാത്രം ഉൾപ്പെടുന്ന റീചാർജ് പ്ലാനുകൾ നൽകുന്നുണ്ട്. ജിയോയുടെ ത്രൈമാസ പ്ലാനിന് 448 രൂപയും വാർഷിക പ്ലാനിന് 1748 രൂപയുമാണ് നിരക്ക്. എയർടെലും വോഡഫോൺ ഐഡിയയും 1849 രൂപ നിരക്കിൽ വാർഷിക പ്ലാനുകൾ നൽകുന്നു. ഇവയുടെ ത്രൈമാസ പ്ലാനുകൾക്ക് യഥാക്രമം 469 രൂപയും 470 രൂപയുമാണ് നിരക്ക്.

പുതിയ പ്ലാനുകളുടെ വില എത്ര?

ട്രായിയുടെ പുതിയ നിർദേശത്തോടെ നിലവിലുള്ള ദീർഘകാല പ്ലാനുകൾക്ക് പുറമെ കുറഞ്ഞ കാലാവധിയുള്ള കൂടുതൽ റീചാർജ് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിച്ചേക്കും. എന്നാൽ പുതിയ പ്ലാനുകളുടെ കൃത്യമായ നിരക്കുകൾ ടെലികോം കമ്പനികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് അവരുടെ ഉപയോഗത്തിനും ബജറ്റിനും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാൻ പുതിയ സംവിധാനം കൂടുതൽ സൗകര്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പഴയ അലക്സ അല്ലിത്! പുതിയ അലക്സാ+ ഇന്ത്യയിൽ
റോബോട്ടുകളെ നിർമിക്കാൻ റോബോട്ടുകൾ; ചൈനയിലെ പുതിയ വിപ്ലവം