യുഎഇയില്‍ ചിലര്‍ക്ക് വാട്ട്സ്ആപ്പ് കോളുകള്‍ ലഭ്യമാകുന്നു

By Web TeamFirst Published Sep 30, 2021, 5:00 PM IST
Highlights

വിഒഐപി സംവിധാനം വഴിയുള്ള ഫോണ്‍ കോളുകള്‍ യുഎഇയില്‍ നിരോധിച്ചിരിക്കുകയാണ്. വോയിസ് ഓഫര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ എന്നതാണ് വിഒഐപി. 

ദുബായ്: യുഎഇയിലെ ചില സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴി ഫോണ്‍ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പിലും സ്കൈപ്പിലും കോളുകള്‍ ചിലര്‍ക്ക് ലഭിക്കുന്നുവെന്നാണ് വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് സംഭവം സ്ഥിരീകരിച്ച ഖലീജ് ടൈംസ്. വളരെ വ്യക്തമായ ശബ്ദത്തില്‍ തന്നെ ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഒഐപി സംവിധാനം വഴിയുള്ള ഫോണ്‍ കോളുകള്‍ യുഎഇയില്‍ നിരോധിച്ചിരിക്കുകയാണ്. വോയിസ് ഓഫര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ എന്നതാണ് വിഒഐപി. കേരളത്തിലെ അടക്കം പ്രവാസികള്‍ ബോട്ടിം പോലുള്ള ആപ്പുകളാണ് അതിനാല്‍ ഇത്തരം കോളുകള്‍ക്കായി ഉപയോഗിക്കുന്നത്. അതേസമയം വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങള്‍ക്കായി മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ്പ് ബിസിനസ് എന്നിവ യുഎഇയില്‍ ലഭ്യമാണ്.

അതേ സമയം വോയിസ് ഓഫര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍  ഫോണ്‍കോളുകള്‍ക്ക് മുകളിലുള്ള വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് യുഎഇ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി തലവനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

കഴിഞ്ഞ ഡിസംബറിലാണ് ജിസിസി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെ യുഎഇ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി തലവന്‍ മുഹമ്മദ് അല്‍ കുവൈത്തി ഈ കാര്യം വ്യക്തമാക്കിയത്. ഉപയോഗത്തിന്‍റെ തോത് പരിശോധിക്കാന്‍ നിലവിലെ വോയിസ് ഓഫര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍  ഫോണ്‍കോളുകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും എന്നാണ് അന്ന് അറിയിച്ചത്. എങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. 

click me!