കോടതി ഉത്തരവ് ലംഘിച്ചതിന് ആപ്പിളിനെതിരെ സിവിൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയ വിധി യുഎസ് ഫെഡറൽ അപ്പീൽ കോടതി ശരിവച്ചു
വാഷിംഗ്ടൺ: മൊബൈൽ ഗെയിമിംഗ് ലോകത്ത് നാല് വർഷം പഴക്കമുള്ള പോരാട്ടം ഒടുവിൽ ഒരു പുതിയ വഴിത്തിരിവിലെത്തി. ആപ്പിളും വീഡിയോ ഗെയിം കമ്പനിയായ എപ്പിക് ഗെയിംസും തമ്മിൽ യുഎസ് കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടമാണ് ഇപ്പോൾ ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുന്നത്. കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ആപ്പിൾ കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി കണ്ടെത്തി. എങ്കിലും ഈ തീരുമാനം ആപ്പിളിന് അൽപ്പം ആശ്വാസവും നൽകുന്നതാണ് എന്നതാണ് ശ്രദ്ധേയം. കോടതി ഉത്തരവ് ലംഘിച്ചതിന് ആപ്പിളിനെതിരെ സിവിൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയ വിധി യുഎസ് ഫെഡറൽ അപ്പീൽ കോടതി ശരിവച്ചു. ആപ്പിളിന്റേതല്ലാത്ത മറ്റ് പേയ്‌മെന്റ് സംവിധാനങ്ങൾ ഐഫോൺ ആപ്പ് സ്റ്റോറിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് ആപ്പിൾ മനപൂർവ്വം അവഗണിച്ചു എന്നായിരുന്നു ആരോപണം. എങ്കിലും ഈ വിധി ആപ്പിളിന് ഒരു ഇളവ് കൂടി നൽകുന്നു. അതായത് ബാഹ്യ പേയ്‌മെന്റ് സംവിധാനങ്ങൾ വഴി നടത്തുന്ന വാങ്ങലുകൾക്ക് ഇപ്പോൾ കമ്മീഷൻ ഈടാക്കാൻ കോടതി ഉത്തരവനുസരിച്ച് ആപ്പിളിന് കഴിയും.
എന്താണ് കേസ്?
ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഡെവലപ്പർമാർക്ക് ബാഹ്യ പേമെന്‍റ് സംവിധാനങ്ങൾ (ആപ്പിളിന്റേതല്ലാത്ത പേമെന്‍റ് രീതികൾ) ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കോടതി മുമ്പ് ആപ്പിളിനോട് ഉത്തരവിട്ടിരുന്നു. പക്ഷേ ഈ ഉത്തരവ് ശരിയായി നടപ്പിലാക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടു. തങ്ങളുടെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആപ്പിൾ മനപൂർവ്വമായിരുന്നു ആപ്പിളിന്റെ തീരുമാം. ആപ്പിളിന്‍റെ ഒരു നാടകം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.
ആപ്പിളിന് എന്താണ് ആശ്വാസം?
ആപ്പിളിന് ബാഹ്യ പേയ്‌മെന്റുകൾക്ക് കമ്മീഷൻ ഈടാക്കാൻ കഴിയില്ലെന്ന് കീഴ്‌ക്കോടതി മുമ്പ് വിധിച്ചിരുന്നു. എങ്കിലും അപ്പീൽ കോടതി ഇപ്പോൾ ഈ നിയന്ത്രണം റദ്ദാക്കി. പുതിയ ഉത്തരവനുസരിച്ച്, ആപ്പിളിന് ബാഹ്യ പേയ്‌മെന്റ് ഓപ്ഷനുകളിൽ ന്യായമായ കമ്മീഷൻ ഈടാക്കാമെന്ന് കോടതി പ്രസ്‍താവിച്ചു. അതേസമയം ആപ്പിളിന് എത്ര കമ്മീഷൻ ഈടാക്കാമെന്ന് ഇനി കീഴ്‌ക്കോടതി ജഡ്‍ജി തീരുമാനിക്കേണ്ടിവരും.
പഴയ തർക്കം എന്താണ്?
2020-ൽ എപ്പിക് ഗെയിംസാണ് ഈ പോരാട്ടത്തിന് തുടക്കമിട്ടത്. ആപ്പിൾ തങ്ങളുടെ ഐഫോണുകൾ ഒരു പൂട്ടിയ കോട്ട പോലെയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് എപ്പിക് ഗെയിംസ് ആരോപിച്ചു. ആപ്പ് സ്റ്റോറിൽ നിന്നുള്ള ഓരോ വാങ്ങലിനും ആപ്പിൾ 15 ശതമാനം മുതൽ 30 ശതമാനം വരെ ഉയർന്ന കമ്മീഷൻ ഈടാക്കുന്നു. അതേസമയം 2021-ൽ, ആപ്പിളിന് അതിന്റെ ആപ്പ് സ്റ്റോറിൽ ബാഹ്യ പേയ്‌മെന്റ് ഓപ്ഷനുകളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്താൻ ഉത്തരവിട്ടു. ആപ്പിൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തു, പക്ഷേ 2024 ജനുവരിയിൽ സുപ്രീം കോടതി ആപ്പിളിന്‍റെ അപ്പീൽ തള്ളി. തുടർന്ന് ആപ്പിൾ ബാഹ്യ പേയ്‌മെന്റ് സിസ്റ്റങ്ങളിൽ 12-27% കമ്മീഷൻ ഈടാക്കാൻ തുടങ്ങി. ഇത് വളരെ ചെലവേറിയതായതിനാൽ ഡെവലപ്പർമാർക്ക് ലാഭമൊന്നും ലഭിച്ചില്ല. ഇതിനെത്തുടർന്ന്, എപ്പിക് വീണ്ടും ആപ്പിളിനെതിരെ കോടതിയലക്ഷ്യ കുറ്റം ചുമത്തി പരാതി നൽകി. വാദം കേൾക്കലിനുശേഷം ആപ്പിളിന്റെ സമീപനം വെറും കപടമാണെന്നും കോടതി വിലയിരുത്തിയിരുന്നു.


