ഓർക്കുട്ട് തിരിച്ചെത്തുമോ? പഴയ സോഷ്യൽ മീഡിയയെ തിരികെ കൊണ്ടുവരാൻ സ്ഥാപകന്‍റെ പുതിയ നീക്കം!

Published : Oct 12, 2026, 11:12 AM IST
Orkut logo,  Orkut Make a Comeback, Orkut, Orkut comeback, Orkut founder, Orkut Buyukkokten, social media, social networking, new social media platform, internet news, artificial intelligence, AI agents, digital communities, online friendships, ഓർക്കുട്ട്, ഓർക്കുട്ട് തിരിച്ചുവരവ്, ഓർക്കുട്ട് സ്ഥാപകൻ, സോഷ്യൽ മീഡിയ, പുതിയ സോഷ്യൽ മീഡിയ, സാമൂഹിക മാധ്യമങ്ങൾ, ഇന്റർനെറ്റ് വാർത്തകൾ, നിർമിത ബുദ്ധി, എഐ, ഓൺലൈൻ സൗഹൃദങ്ങൾ, ഡിജിറ്റൽ ലോകം

Synopsis

ഗൂഗിൾ 2014-ൽ അടച്ചുപൂട്ടിയ ഓർക്കുട്ട് വീണ്ടും തിരിച്ചെത്തുമെന്ന ചർച്ചകൾ സജീവമാകുന്നു. യഥാർഥ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന പുതിയൊരു സാമൂഹിക മാധ്യമം ആരംഭിക്കാൻ സ്ഥാപകൻ ഓർക്കുട്ട് ബ്യൂക്കോക്ക്റ്റൻ ഓൺലൈൻ നിവേദനം ആരംഭിച്ചു. നിലവിലെ സോഷ്യൽ മീഡിയകളുടെ പോരായ്മകളും എഐ സൃഷ്ടിക്കുന്ന വെല്ലുവിളികളും മറികടക്കുന്ന പുതിയ പ്ലാറ്റ്‌ഫോമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

ഒരുകാലത്ത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ തരംഗമായിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഓർക്കുട്ട് വീണ്ടും തിരിച്ചെത്തുമോ? ഓർക്കുട്ടിന്റെ സ്ഥാപകൻ ഓർക്കുട്ട് ബ്യൂക്കോക്ക്റ്റൻ പുതിയൊരു സാമൂഹിക മാധ്യമ ശൃംഖല ആരംഭിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയതോടെയാണ് ഈ ചർച്ചകൾ വീണ്ടും സജീവമായത്. യഥാർഥ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും പരസ്‍പരമുള്ള അടുപ്പത്തിനും പ്രാധാന്യം നൽകുന്ന ഒരു ഇന്റർനെറ്റ് ലോകമാണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

2000-കളിൽ യുവജനങ്ങൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ ഓർക്കുട്ട്, ഗൂഗിൾ 2014-ൽ അടച്ചുപൂട്ടുകയായിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷമാണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്‍റെ തിരിച്ചുവരവിനുള്ള സാധ്യത വീണ്ടും ഉയരുന്നത്. എന്നാൽ, പഴയ ഓർക്കുട്ട് പ്ലാറ്റ്‌ഫോം പുനരാരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ ഓർക്കുട്ടിനായി ഓൺലൈൻ നിവേദനം

പുതിയ സാമൂഹിക മാധ്യമ സംരംഭത്തിന് പിന്തുണ തേടി ബ്യൂക്കോക്ക്റ്റൻ ഓർക്കുട്ട് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ നിവേദനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ മാനുഷികമായ ഇന്റർനെറ്റ് അനുഭവം ആഗ്രഹിക്കുന്നവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ 115 രാജ്യങ്ങളിൽ നിന്നായി 2,70,000-ത്തിലധികം പേർ നിവേദനത്തിൽ ഒപ്പിട്ടിരുന്നു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. എക്സിലും അദ്ദേഹം തുറന്ന കത്തും സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. സൗഹൃദങ്ങളും സമൂഹബന്ധങ്ങളും പരസ്പരം അംഗീകരിക്കപ്പെടുന്ന ഒരിടവും കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതായിരിക്കണം ഇന്റർനെറ്റെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സാമൂഹിക മാധ്യമങ്ങൾ ലക്ഷ്യം മറന്നുവെന്ന് സ്ഥാപകൻ

സാമൂഹിക മാധ്യമങ്ങൾ അവയുടെ യഥാർഥ ലക്ഷ്യത്തിൽനിന്ന് അകന്നുപോയെന്നാണ് ബ്യൂക്കോക്ക്റ്റന്റെ നിരീക്ഷണം. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ആദ്യകാല സാമൂഹിക മാധ്യമങ്ങളിൽ ചിലത് സൃഷ്‍ടിച്ച താൻ, അവയുടെ മാറ്റങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം തുറന്ന കത്തിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപരിചിതരുമായി ബന്ധപ്പെടുന്നത് ഒരുകാലത്ത് ആവേശകരമായ അനുഭവമായിരുന്നു. എന്നാൽ, ഇപ്പോൾ അർഥവത്തായ ബന്ധങ്ങളേക്കാൾ ഉപയോക്താക്കളുടെ ശ്രദ്ധ പരമാവധി പിടിച്ചുനിർത്തുന്നതിനാണ് പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വിമർശിക്കുന്നു.

ഉപയോക്താക്കളുടെ ഇടപെടലുകൾ വർധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഫീഡുകളും ആളുകളെ സ്വാധീനിക്കുന്ന അൽഗോരിതങ്ങളും പരസ്യങ്ങൾക്കായുള്ള വിവരശേഖരണവും സാമൂഹിക മാധ്യമങ്ങളുടെ സ്വഭാവത്തെ മാറ്റിയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഫലമായി യുവാക്കൾക്കിടയിൽ ഏകാന്തതയും ഉത്കണ്ഠയും വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എഐയും ഓൺലൈൻ വിശ്വാസ്യതയും

നിർമിത ബുദ്ധിയുടെ വളർച്ചയും സാമൂഹിക മാധ്യമങ്ങളിലെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെന്ന് ബ്യൂക്കോക്ക്റ്റൻ മുന്നറിയിപ്പ് നൽകുന്നു. മറുവശത്ത് സംസാരിക്കുന്നത് യഥാർഥ വ്യക്തിയാണോ എന്ന് തിരിച്ചറിയുക കൂടുതൽ പ്രയാസകരമാകുകയാണ്. വ്യാജ അക്കൗണ്ടുകൾ, ഡീപ്‌ഫേക്ക് ദൃശ്യങ്ങൾ, നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ, സ്വയം പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ എന്നിവ ഓൺലൈൻ ഇടപെടലുകളിലെ വിശ്വാസം ദുർബലപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

“ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അസാധാരണമായ സാങ്കേതികവിദ്യയാണ്. എന്നാൽ, സാമൂഹിക മാധ്യമങ്ങളെ സവിശേഷവും മൂല്യവത്തുമാക്കിയ അടിസ്ഥാന സങ്കൽപ്പത്തെത്തന്നെ അത് ഇല്ലാതാക്കുകയാണ്. മറുവശത്ത് ഒരു യഥാർഥ വ്യക്തിയുണ്ടെന്ന വിശ്വാസമായിരുന്നു അത്,” എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഓർക്കുട്ടിന്റെ തിരിച്ചുവരവ് ആദ്യ ശ്രമമല്ല

ഓർക്കുട്ട് തിരിച്ചെത്തുമെന്ന ചർച്ചകൾ ഇതാദ്യമല്ല. 2022-ലും ബ്യൂക്കോക്ക്റ്റൻ ഓർക്കുട്ട് ഡോട്ട് കോം വീണ്ടും സജീവമാക്കി പുതിയ സാമൂഹിക മാധ്യമം രൂപീകരിക്കുന്നതിനെക്കുറിച്ച് തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യധാരാ സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന ഉപയോക്തൃ ഇടപെടലുകൾക്ക് അമിത പ്രാധാന്യം നൽകുന്ന രീതിക്കു പകരം അർഥവത്തായ ബന്ധങ്ങൾക്കും കൂട്ടായ്മകൾക്കും പ്രാധാന്യം നൽകുന്ന പ്ലാറ്റ്‌ഫോമാണ് അന്ന് അദ്ദേഹം വിഭാവനം ചെയ്തത്. എന്നാൽ, ആ ശ്രമം പഴയ ഓർക്കുട്ടിന്റെ ഔദ്യോഗിക തിരിച്ചുവരവിലേക്ക് നയിച്ചില്ല.

പുതിയ പ്രചാരണത്തിലൂടെ കൂടുതൽ മാനുഷികമായ ഇന്റർനെറ്റ് എന്ന ആശയത്തിന് പിന്തുണ തേടുകയാണ് ഇപ്പോൾ അദ്ദേഹം. ഓർക്കുട്ടിന്റെ പഴയകാല ഉപയോക്താക്കൾക്കിടയിൽ തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രതീക്ഷ ശക്തമാണെങ്കിലും പുതിയ പ്ലാറ്റ്‌ഫോം എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ പൊതുജനപിന്തുണ ശേഖരിക്കുന്ന ഘട്ടത്തിലാണ് പദ്ധതി. ഔദ്യോഗിക പ്രഖ്യാപനമോ പ്രവർത്തനം ആരംഭിക്കുന്ന തീയതിയോ ഇതുവരെ പുറത്തുവന്നിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

വാട്‌സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ ഇനി ഫോൺ അപ്‌ഡേറ്റ് ചെയ്യണം? പുതിയ നീക്കവുമായി കമ്പനി
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി