വിന്‍ഡോസ് XP സോര്‍സ് കോഡ് ചോര്‍ന്നു

By Web TeamFirst Published Sep 26, 2020, 2:28 PM IST
Highlights

ദ വെര്‍ജ് ആണ് ഈ ചോര്‍ച്ച സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചില ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ ടൊറന്‍റ് ഫയലുകളായി സോര്‍‍സ് കോഡ് ലഭ്യമാണ് എന്നാണ് ദ വേര്‍ജ് റിപ്പോര്‍ട്ട് പറയുന്നത്. 

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് XPയുടെയും വിന്‍ഡോസ് സെര്‍വര്‍ 2003ന്‍റെയും അടക്കം വിവിധ സോഫ്റ്റ്വെയറുകളുടെ സോര്‍സ് കോഡ് ഓണ്‍ലൈനില്‍ ചോര്‍ന്നു. വളരെക്കാലമായി ചില ഓണ്‍ലൈന്‍ സര്‍ക്കിളുകളില്‍ ഈ ഫലയലുകള്‍ പ്രചരിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇവ ലഭ്യമാകുന്നത്.

ദ വെര്‍ജ് ആണ് ഈ ചോര്‍ച്ച സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചില ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ ടൊറന്‍റ് ഫയലുകളായി സോര്‍‍സ് കോഡ് ലഭ്യമാണ് എന്നാണ് ദ വേര്‍ജ് റിപ്പോര്‍ട്ട് പറയുന്നത്. മൊത്തത്തില്‍ ചോര്‍ന്ന ഫയലുകള്‍ 43 ജിബി വരുമെന്നാണ് ദ ഹാക്കര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിന്‍ഡോസ് XP അല്ലാതെ വിന്‍ഡോസ് CE 3, വിന്‍ഡോസ് CE 4, വിന്‍ഡോസ് CE 5 , വിന്‍ഡോസ് Embedded 7
വിന്‍ഡോസ് Embedded CE തുടങ്ങി ചില എംഎസ് ഡോസ് സോര്‍സ് കോഡുകള്‍ വരെ ചോര്‍ന്ന ഫയലുകളില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഇത് പുറത്തുവിട്ട വ്യക്തിയുടെ പ്രതികരണം ദ ഹാക്കര്‍ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട് - എല്ലാ വിവിരങ്ങളും തീര്‍ത്തും സൌജന്യമാകണം എന്നും, എല്ലാവര്‍ക്കും ലഭിക്കണമെന്നും ഞാന്‍ കരുതുന്നു. വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതും മറ്റും പൈശാചികമായ ഒരു പ്രവര്‍ത്തിയാണ്, ഹാക്കര്‍ പറഞ്ഞതായി ദ ഹാക്കര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിന്‍ഡോസ് XPക്കുള്ള സപ്പോര്‍ട്ട് 2014 ല്‍ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതാണ്. എന്നാല്‍ 2017ലെ വാനക്രൈ ആക്രമണത്തിനെ തുടര്‍ന്ന് പക്ഷെ ഇതിന്‍റെ ഒരു പാച്ച് മൈക്രോസോഫ്റ്റിന് ഇറക്കേണ്ടി വന്നിരുന്നു. ലോകത്തിലെ പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ഒരു ശതമാനം ഇപ്പോഴും വിന്‍ഡോസ് XPയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്കുകള്‍.
 

click me!