ലഹരിക്കേസില്‍ 'വാട്ട്സ്ആപ്പ് ചാറ്റ്' വില്ലനാകുമ്പോള്‍; വാട്ട്സ്ആപ്പും ആരോപണ നിഴലിലോ?

By Web TeamFirst Published Sep 26, 2020, 10:16 AM IST
Highlights

 സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ പങ്കില്‍ അന്വേഷണം നടക്കുമ്പോഴാണ് സുശാന്തിന്‍റെ ടാലന്‍റ് മാനേജറായ ജയ് ഷായിലേക്ക് അന്വേഷണം എത്തുന്നതും ഇയാളുടെ മൊബൈല്‍ പരിശോധനയ്ക്ക് വരുകയും അതിലെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ വഴി ബോളിവുഡിലെ ദീപിക, രാകുല്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തയ്യാറായത്. 

മുംബൈ: രാജ്യത്ത് ഏറെ ചര്‍ച്ചയാകുകയാണ് പ്രമുഖ സിനിമ താരങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്ന മയക്കുമരുന്ന് കേസ്. നടി ദീപിക പാദുക്കോണിനെ അടക്കം കേസ് കൈകാര്യം ചെയ്യുന്ന നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വഴിത്തിരിവായത് ടാലന്‍റ് ഏജന്‍റ് ജയ് ഷായുടെ 2017ലെ ചാറ്റുകള്‍ കണ്ടെത്തിയതാണ്.

സുശാന്ത് രാജ്പുത്തിന്‍റെ മരണത്തിന് ശേഷം അതിന് അനുബന്ധമായാണ് സിനിമ രംഗത്തെ മയക്കുമരുന്ന് കേസ് ഉടലെടുത്തത്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ പങ്കില്‍ അന്വേഷണം നടക്കുമ്പോഴാണ് സുശാന്തിന്‍റെ ടാലന്‍റ് മാനേജറായ ജയ് ഷായിലേക്ക് അന്വേഷണം എത്തുന്നതും ഇയാളുടെ മൊബൈല്‍ പരിശോധനയ്ക്ക് വരുകയും അതിലെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ വഴി ബോളിവുഡിലെ ദീപിക, രാകുല്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തയ്യാറായത്. 

എന്നാല്‍ വാട്ട്സ്ആപ്പ് ചാറ്റ് മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായതോടെയാണ് മറ്റൊരു പ്രധാന വിഷയം ഉയര്‍ന്നുവന്നത്. വാട്ട്സ്ആപ്പ് പറയുന്നത് തങ്ങളുടെ ചാറ്റിംഗ് സംവിധാനം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ആണെന്നാണ്. അതായത് അയക്കുന്ന സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ കാണാന്‍ സാധിക്കൂ എന്ന്. അപ്പോള്‍ എങ്ങനെ അത് ചോരും?, ഇത് ആപ്പിന്‍റെ സുരക്ഷ വീഴ്ചയല്ലെ എന്നത്. എന്തായാലും ഇതിനിപ്പോള്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് മറുപടി നല്‍കിയിട്ടുണ്ട്.

ചാറ്റുകൾ ഇപ്പോഴും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും വാട്ട്സ്ആപ്പിന് പോലും സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താവിന് ഒരു ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ സൈൻ അപ്പ് ചെയ്യാൻ കഴിയൂ. നിലവിൽ, ഒരു ഉപകരണത്തിൽ മാത്രമേ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയൂ. ഇതു കൂടാതെ, വാട്സാപ് വെബ് ഉപയോഗിക്കാമെങ്കിലും പ്രാഥമിക ഉപകരണം ഇന്റർനെറ്റുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ചോർന്ന സന്ദേശങ്ങളെക്കുറിച്ചും വാട്ട്സ്ആപ്പ് വിശദീകരിക്കുന്നുണ്ട്. 
വാട്ട്സ്ആപ്പ് നിങ്ങളുടെ സന്ദേശങ്ങളെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിക്കുന്നു. ഇതിനാൽ നിങ്ങൾക്കും നിങ്ങൾ ആശയവിനിമയം നടത്തുന്ന വ്യക്തിക്കും മാത്രമേ അയച്ചവ വായിക്കാൻ കഴിയൂ. ഇതിനിടയിലുള്ള ആർക്കും ഇത് ആക്‌സസ് ചെയ്യാൻ കഴിയില്ല. ഒരു ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് ആളുകൾ വാട്ട്സ്ആപ്പ് സൈൻ അപ്പ് ചെയ്യുന്നുവെന്നതും നിങ്ങളുടെ സന്ദേശ ഉള്ളടക്കത്തിലേക്ക് വാട്സാപിന് ആക്‌സസ് ഇല്ലെന്നതും ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.

ഉപകരണ സ്റ്റോറേജിനായി ഓപ്പറേറ്റിങ് സിസ്റ്റം നിർമാതാക്കൾ നൽകുന്ന മാർഗനിർദേശം വാട്ട്സ്ആപ്പ് പിന്തുടരുന്നു. ഒപ്പം ഉപകരണത്തിൽ സംഭരിച്ചിരിക്കുന്ന ഉള്ളടക്കം മൂന്നാം കക്ഷികൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയുന്നതിന് ശക്തമായ പാസ്‌വേഡുകൾ അല്ലെങ്കിൽ ബയോമെട്രിക് ഐഡികൾ പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ നൽകുന്ന എല്ലാ സുരക്ഷാ സവിശേഷതകളും പ്രയോജനപ്പെടുത്താൻ ഞങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വാട്ട്സ്ആപ്പ് പറയുന്നു.

ഇത്തരം വാട്ട്സ്ആപ്പ് മെസേജുകളുടെ പകർപ്പ് ഫോണിലും അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവ് പോലുള്ള സ്റ്റോറേജുകളിലും സൂക്ഷിക്കുന്നുണ്ട്. ഇതൊന്നും വാട്ട്സ്ആപ്പിന്‍റെ സുരക്ഷയുടെ ഭാഗമല്ല. സ്റ്റോറേജ് ചെയ്തിരിക്കുന്ന മെസേജുകൾ എന്നും എപ്പോഴും വീണ്ടെടുക്കാൻ സാധിക്കും.

അന്വേഷണ ഏജന്‍സിക്ക് എങ്ങനെ ഈ ചാറ്റുകള്‍ കിട്ടി.?

വിവിധ ദേശീയ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം അന്വേഷണ ഏജന്‍സി മൊബൈല്‍ ക്ലോണ്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. അതായത് ഒരാള്‍ ഉപയോഗിക്കുന്ന മൊബൈലിന്‍റെ വെര്‍ച്വലായ ഒരു പതിപ്പ് ഏജന്‍സിയുടെ കൈയ്യില്‍ കിട്ടി. 2005 മുതല്‍ ഈ സംവിധാനം നിലവിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം ഇഎംഐ നമ്പര്‍ ഉണ്ടെങ്കില്‍ ഫോണിന്‍റെ ക്ലോണ്‍ നിര്‍മ്മിക്കാം.

ഇപ്പോള്‍ ആപ്പുകള്‍ അടക്കം ഇതിന് സംവിധാനമുണ്ട്. ഇത്തരത്തില്‍ ജയ് ഷായുടെ ഫോണിന്‍റെ ക്ലോണ്‍ നിര്‍മ്മിച്ച് ഐക്ലൌഡിലോ ഗൂഗിള്‍ ഡ്രൈവിലോ ശേഖരിച്ച 2017 ലെ ചാറ്റിന്‍റെ ബാക്ക് അപ്പ് കണ്ടെത്തിയത് ആയിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോണിന്‍റെ ക്ലോണ്‍ നിര്‍മ്മിക്കുന്ന ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും ഏതെങ്കിലും വ്യക്തി അത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അതേ സമയം അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് നിയമപ്രകാരം കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും, ഫോറന്‍സിക് തെളിവ് ശേഖരണത്തിനും ഉപയോഗിക്കാന്‍ അനുവാദമുണ്ട്.

click me!