എക്സിൽ പുതിയ മാറ്റങ്ങൾ: കുട്ടികൾ ഇനി സുരക്ഷിതരോ?

Published : Nov 29, 2026, 11:13 PM IST
X platform

Synopsis

കൗമാരക്കാരുടെ സുരക്ഷയ്ക്കായി എക്സ് പുതിയ പാരന്റൽ കൺട്രോൾ ഫീച്ചർ അവതരിപ്പിച്ചു. 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ അക്കൗണ്ടുകളിൽ മാതാപിതാക്കൾക്ക് സമയ പരിധിയും നിയന്ത്രണങ്ങളും ഏർപ്പെടുത്താം. എന്നാൽ കുട്ടികളുടെ സമ്മതത്തോടെ മാത്രമേ ഈ സുരക്ഷാ സംവിധാനം പ്രവർത്തിക്കൂ.

ഇരുപത് വർഷത്തെ പ്രവർത്തന കാലയളവിനിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ രക്ഷാകർതൃ നിയന്ത്രണ സംവിധാനങ്ങൾ അവതരിപ്പിച്ചു. 13 മുതൽ 17 വയസ്സ് വരെയുള്ള കൗമാരക്കാരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. എക്സിന്റെ ഔദ്യോഗിക സേഫ്റ്റി അക്കൗണ്ടിലൂടെയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

കുട്ടികൾക്കായി പ്രത്യേക നിയന്ത്രണ സംവിധാനങ്ങളില്ലെന്ന വിമർശനം ഏറെക്കാലമായി എക്സ് നേരിട്ടിരുന്നു. 2024ലെ ഒരു പഠനമനുസരിച്ച് ജെൻ ആൽഫ വിഭാഗത്തിലെ മൂന്നിലൊന്ന് കുട്ടികൾക്കും എക്സ് അക്കൗണ്ടുണ്ടെന്നാണ് റിപ്പോർട്ട്. മുതിർന്നവർക്കുള്ള ഉള്ളടക്കവും വ്യാജ അക്കൗണ്ടുകളും തെറ്റായ വിവരങ്ങളും പ്ലാറ്റ്ഫോമിൽ വ്യാപകമായതിനാൽ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ശക്തമായിരുന്നു.

കൗമാരക്കാരുടെ അക്കൗണ്ടുകളിൽ എന്തൊക്കെ നിയന്ത്രിക്കാം?

പുതിയ സംവിധാനപ്രകാരം 13നും 17നും ഇടയിൽ പ്രായമുള്ളവരുടെ അക്കൗണ്ടുകൾ സ്വതവേ സംരക്ഷിത മോഡിലേക്ക് മാറും. പ്രൊഫൈലുകൾ സ്വകാര്യമായിരിക്കും. സെൻസിറ്റീവ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുകയും വ്യക്തിഗത താൽപര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ ഒഴിവാക്കുകയും ചെയ്യും. കൂടാതെ, കഴിഞ്ഞ 7 ദിവസത്തിനിടെ കുട്ടികൾ എത്ര സമയം എക്സിൽ ചെലവഴിച്ചുവെന്ന് മാതാപിതാക്കൾക്ക് പരിശോധിക്കാം. 15 മിനിറ്റ് ഇടവേളകളിൽ പ്രതിദിന ഉപയോഗപരിധിയും നിശ്ചയിക്കാം. പരിധി കഴിഞ്ഞാൽ അർധരാത്രി വരെ ആപ്പ് സ്വയം ലോക്കാകും. പുതിയ ഫോളോവേഴ്‌സിന് അനുമതി നൽകുക, പ്രത്യേക വാക്കുകൾ മ്യൂട്ട് ചെയ്യുക, ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകളും വീഡിയോകളും മാത്രം 'ഫോർ യു' ഫീഡിൽ കാണുന്ന തരത്തിൽ നിയന്ത്രിക്കുക തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡയറക്ട് മെസേജുകൾ ലഭിക്കുന്നത് വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നോ കൗമാരക്കാർ ഫോളോ ചെയ്യുന്നവരിൽ നിന്നോ മാത്രമാക്കാനും സാധിക്കും. കുട്ടികൾ ആരുമായാണ് സ്വകാര്യമായി സന്ദേശങ്ങൾ കൈമാറുന്നതെന്ന അക്കൗണ്ട് പട്ടികയും മാതാപിതാക്കൾക്ക് കാണാം.

സ്വകാര്യതയ്ക്ക് നിയന്ത്രണങ്ങളില്ല

എന്നാൽ കുട്ടികളുടെ സ്വകാര്യത പൂർണമായി ഇല്ലാതാക്കുന്ന രീതിയിലല്ല പുതിയ സംവിധാനം. മാതാപിതാക്കൾക്ക് സ്വകാര്യ സന്ദേശങ്ങൾ വായിക്കാനോ സെർച്ച്, വ്യൂവിങ് ഹിസ്റ്ററി പരിശോധിക്കാനോ കുട്ടികൾക്കുവേണ്ടി പോസ്റ്റുകൾ ഇടാനോ പാസ്‌വേഡ് മാറ്റാനോ കഴിയില്ല. മാതാപിതാക്കൾ വരുത്തുന്ന ഓരോ ക്രമീകരണ മാറ്റവും കുട്ടികൾക്ക് കാണാനാകും. കുടുംബങ്ങൾക്ക് ആവശ്യമായ സുരക്ഷാ നിയന്ത്രണങ്ങൾ നൽകുമ്പോഴും കൗമാരക്കാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് എക്സിന്റെ സുരക്ഷാ വിഭാഗം മേധാവി മൈക്കൽ ഒ ഹെർലി വ്യക്തമാക്കി.

എങ്ങനെയാണ് നിയന്ത്രണങ്ങൾ സജ്ജമാക്കുന്നത്?

മാതാപിതാക്കൾക്ക് കുട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ല. പാരന്റൽ കൺട്രോൾസ് വിഭാഗത്തിൽ നിന്ന് ക്യുആർ കോഡോ ക്ഷണ ലിങ്കോ സൃഷ്ടിക്കണം. 72 മണിക്കൂറിനുള്ളിൽ കാലാവധി അവസാനിക്കുന്ന ലിങ്ക് കുട്ടി സ്വീകരിച്ചാൽ മാത്രമേ അക്കൗണ്ടുകൾ ബന്ധിപ്പിക്കപ്പെടൂ. ഒരു രക്ഷിതാവിന് പരമാവധി 5 കൗമാരക്കാരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാം. എന്നാൽ ഒരു കൗമാര അക്കൗണ്ടുമായി ഒരു മുതിർന്നയാളുടെ അക്കൗണ്ട് മാത്രമേ ബന്ധിപ്പിക്കാനാകൂ. കുട്ടിക്ക് 18 വയസ്സ് തികയുന്നതോടെ നിയന്ത്രണ സംവിധാനം സ്വയം അവസാനിക്കും.

പ്രധാന വെല്ലുവിളി സമ്മതം തന്നെ

കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ഇലോൺ മസ്കിന്റെ എക്സ് ആഗോളതലത്തിൽ കടുത്ത പരിശോധന നേരിടുന്നതിനിടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഗ്രോക്ക് എഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് സമ്മതമില്ലാത്ത ലൈംഗിക ദൃശ്യങ്ങളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും സൃഷ്ടിക്കപ്പെടുന്നുവെന്ന ആരോപണത്തിൽ അമേരിക്കയിലെ വിർജീനിയ, ഒറിഗൺ സംസ്ഥാനങ്ങൾ മസ്കിന്റെ കമ്പനികൾക്കെതിരെ കേസ് നൽകിയിരുന്നു.

പുതിയ നിയന്ത്രണങ്ങൾ ആശ്വാസകരമാണെങ്കിലും പ്രധാന പരിമിതി കുട്ടികളുടെ സമ്മതം നിർബന്ധമാണെന്നതാണ്. മാതാപിതാക്കൾ അയക്കുന്ന ക്ഷണം കൗമാരക്കാർക്ക് നിരസിക്കാം. കൂടാതെ, അക്കൗണ്ട് തുടങ്ങുമ്പോൾ നൽകുന്ന ജനനത്തീയതിയെ അടിസ്ഥാനമാക്കിയാണ് പ്രായപരിശോധനയുടെ ആദ്യഘട്ടം. പ്രായപൂർത്തിയായവരുടെ ജനനത്തീയതി നൽകി രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് നിയന്ത്രണങ്ങൾ മറികടക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പുതിയ സംവിധാനം സുരക്ഷയിലേക്കുള്ള ഒരു തുടക്കമാണെങ്കിലും കുട്ടികളുടെ ഓൺലൈൻ സുരക്ഷ പൂർണമായി ഉറപ്പാക്കാൻ ഇത് മതിയാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭൂതകാലം കണ്ട് ഭാവി പ്രവചിക്കാൻ പെർപ്ലെക്സിറ്റി ടൈം മെഷീൻ
ലിങ്ക്ഡ്ഇൻ ഡാറ്റാ ഡൗൺലോഡിൽ വൻ മാറ്റങ്ങൾ!