ലൈംഗികബന്ധത്തിനിടെ കോണ്ടം ഊരി മാറ്റുന്നതിന് ഇനി വിലക്കു വന്നേക്കും, നിയമനിർമാണത്തിന് തയ്യാറെടുത്ത് അമേരിക്ക

By Web TeamFirst Published Sep 15, 2021, 12:47 PM IST
Highlights

ഈ ചതിക്ക് ഇരയായ പല യുവതികൾക്കും ഒടുവിൽ സിഫിലിസ്, ഗൊണേറിയ, എയിഡ്സ് പോലുള്ള ഗുരുതരമായ ഗുഹ്യരോഗങ്ങളും ബാധിക്കുന്നുണ്ട്.

അമേരിക്കയിലെ യുവതികൾ അവർ ഡേറ്റ് ചെയ്യുന്ന യുവാക്കളുമായി ബന്ധത്തിൽ ഏർപ്പെടും മുമ്പ്, മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "കോണ്ടം കയ്യിലുണ്ടോ?" ഇല്ല എന്നാണ് ഉത്തരമെങ്കിൽ, "എല്ലാം മറന്നേക്കൂ..." എന്ന ഒരു മറുപടിയുടെ അവർ ആ ഡേറ്റ് അവിടെ വെച്ച് അവസാനിപ്പിക്കും. അതുകൊണ്ടുതന്നെ പലരും ഡേറ്റിനു പുറപ്പെടും മുമ്പുതന്നെ ഒരു പാക്കറ്റ് കോണ്ടം കയ്യിൽ കരുതാറുണ്ട്. 

എന്നാൽ, ഇങ്ങനെ ഒരു സുരക്ഷാ മുൻകരുതലിന്റെ തടസ്സം ഒട്ടും ഇഷ്ടമല്ലാത്ത ചിലരുമുണ്ട് അമേരിക്കൻ യുവാക്കൾക്കിടയിൽ. അവരിൽ പലരും പിന്തുടരുന്ന ഒരു ശീലം അവിടെ "കോണ്ടം സ്റ്റെൽത്തിങ്" എന്നാണ് അറിയപ്പെടുന്നത്. അതായത് ബന്ധപ്പെടാൻ തുടങ്ങുമ്പോൾ കോണ്ടം ധരിക്കുന്ന അവർ ബന്ധം പുരോഗമിക്കുന്നതിനിടെ പങ്കാളി അറിയാതെ അത് നീക്കം ചെയ്തുകളയും. അറിയാതെ ഊരിപ്പോയതാണ് എന്നും മറ്റുമുള്ള ന്യായങ്ങൾ പിടിക്കപ്പെട്ടാൽ അവർ നിരത്താറുണ്ട് എങ്കിലും, ഇത് തികഞ്ഞ ഗൂഢോദ്ദേശ്യത്തോടുകൂടി തന്നെ നടത്തപ്പെടുന്ന ഒരു തന്ത്രമാണ്. ഇതിന് ഇനിമേൽ നിയമപ്രകാരം തന്നെ വിലക്കു വീഴും എന്നാണ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിലെ അസംബ്ലിയിലെ അംഗമായ ക്രിസ്റ്റിന ഗാർഷ്യയാണ്  "കോണ്ടം സ്റ്റെൽത്തിങ്"നു ഇരയാകുന്ന സ്ത്രീകൾക്ക് അവരുടെ കാമുകന്മാർക്കെതിരെ കേസുകൊടുക്കാൻ പര്യാപ്തമാകും വിധം നിയമത്തെ ഭേദഗതി ചെയ്യാനുള്ള ബില്ലുമായി മുന്നോട്ടു വന്നിട്ടുള്ളത്.

എന്താണീ  "കോണ്ടം സ്റ്റെൽത്തിങ്" ?

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പങ്കാളിയുടെ സമ്മതം കൂടാതെ കോണ്ടം ഊരി മാറ്റുകയോ, അതിനെ മനഃപൂർവം നശിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്റ്റെൽത്തിങ് എന്ന് പറയുന്നത്. സ്റ്റെൽത്തിങ് നടന്ന ശേഷം യുവതികൾ തങ്ങളുടെ കാമുകരുമായി ഇതേപ്പറ്റി ചർച്ചചെയ്യുമ്പോൾ പലപ്പോഴും അവർക്കു കിട്ടുന്ന മറുപടി, "ഇതിത്ര കാര്യമാക്കാനുണ്ടോ? എന്നെ വിശ്വാസമില്ലേ?" എന്നാവും. എന്നാൽ, വിശ്വസിക്കാൻ പറ്റാത്ത ആളാണ് തന്റെ കാമുകനെന്ന് അയാൾ തെളിയിച്ച സംഭവമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന  "കോണ്ടം സ്റ്റെൽത്തിങ്" എന്ന് 2017 -ൽ നടന്ന ഒരു സർവേയിൽ സാറ എന്ന യുവതി ഗാർഡിയനോട് പറയുകയുണ്ടായി. അത്രമേൽ വിശ്വാസയോഗ്യനായിരുന്നു എങ്കിൽ തന്റെ അറിവോ സമ്മതമോ കൂടാതെ കോണ്ടം ഊരി മാറ്റില്ലായിരുന്നു എന്നാണ് സാറ പറയുന്നത്.

 

 

ഇത്തരത്തിൽ വെറും പരസ്പര വിശ്വാസത്തിന്റെ പേരിൽ കോണ്ടം കൂടാതെ ബന്ധപ്പെട്ടവരും,  "കോണ്ടം സ്റ്റെൽത്തിങ്" നു ഇരയായി കാമുകരോട് വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ കൂടാതെ ബന്ധപ്പെടേണ്ടി വന്നവരും ഒടുവിൽ സിഫിലിസ്, ഗൊണേറിയ, എയിഡ്സ് പോലുള്ള ഗുരുതരമായ ഗുഹ്യരോഗങ്ങൾക്ക് ഇരകളായി ജീവിതകാലം മുഴുവൻ നരകിച്ചു കഴിയേണ്ടി വന്ന ചരിത്രമുണ്ട് അമേരിക്കയിൽ. ഇങ്ങനെ  "കോണ്ടം സ്റ്റെൽത്തിങ്" ന് തങ്ങളുടെ കാമുകിമാരെ നിർബന്ധിക്കുന്ന യുവാക്കളിൽ 29 % പേർക്കും ലൈംഗിക രോഗങ്ങളുണ്ട് എന്നതും ഞെട്ടിക്കുന്ന ഒരു കണക്കാണ്. ആഗ്രഹിക്കാതെ ഗർഭം ധരിക്കേണ്ടി വരിക എന്ന മറ്റൊരു റിസ്കും ഇങ്ങനെ ചതിക്കപ്പെടുന്ന യുവതികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 12 % യുവതികളും തങ്ങൾ  "കോണ്ടം സ്റ്റെൽത്തിങ്"ന് ഇരകളായിട്ടുണ്ട് എന്നാണ് പറഞ്ഞത്.

പുതിയ നിയമം

ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ് ഈ ബിൽ ഇപ്പോൾ. എന്നാൽ നിലവിലെ ബിൽ പ്രകാരം  "കോണ്ടം സ്റ്റെൽത്തിങ്" ഒരു സിവിൽ ഒഫെൻസ് മാത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്നതുകൊണ്ട് ഇതിന്റെ പേരിൽ കാമുകർക്ക് ജയിലിൽ പോകേണ്ട സാഹചര്യം എന്തായാലും ഉണ്ടാവാനിടയില്ല. എന്നാലും, ഇങ്ങനെ ചതിക്കപ്പെടുന്ന യുവതികൾക്ക് അധികം താമസിയാതെ തന്നെ തങ്ങളെ വഞ്ചിക്കുന്ന കാമുകരിൽ നിന്ന് കനത്ത തുക തന്നെ നഷ്ടപരിഹാരമായി ഈടാക്കാനുള്ള നിയമവ്യവസ്ഥതന്നെ അമേരിക്കയിൽ നിലവിൽ വരുമെന്നാണ് ആക്ടിവിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.

click me!