കുടുംബം, കുട്ടികൾ, ജോലി ഇവയ്ക്കൊക്കെ മുൻഗണന നൽകുമ്പോൾ പലപ്പോഴും സ്വയം മറന്നു പോകുന്നു.

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയിൽ എന്നെങ്കിലും എപ്പോഴെങ്കിലും അവനവന്റെ സന്തോഷം എന്താണെന്ന്, അവനവനു വേണ്ടി ഒരല്പ്പം സമയം മാറ്റി വെയ്ക്കണമെന്ന് തോന്നിയിട്ടുണ്ടോ? അടുക്കളയല്ലാതെ, ഭാരിച്ച ജോലികളല്ലാതെ മറ്റൊരിടത്ത് അല്പനേരം ചിലവഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ഉത്തരവാദിത്തങ്ങൾക്കിടയിൽ 'ഞാൻ' എന്ന വ്യക്തിയെ പലരും മറന്നുപോകാറുണ്ട്. കുടുംബം, കുട്ടികൾ, ജോലി... ഇവയ്ക്കൊക്കെ മുൻഗണന നൽകുമ്പോൾ പലപ്പോഴും സ്വയം മറന്നു പോകുന്നു. അതിന്റെ ഫലം പലപ്പോഴും മാനസിക സമ്മർദ്ദവും കാടുകയറുന്ന ചിന്തകളുമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, ആ 'ഞാൻ' എന്നെത്തന്നെ തിരിച്ചുപിടിക്കുന്നത് യാത്രകളിലൂടെയാണ്. കാടും മലകളും പച്ചപ്പും തേടിയുള്ള യാത്രകൾ.

Add Asianetnews as a Preferred SourcegooglePreferred

​പ്രകൃതിയിലെ നിറക്കൂട്ടുകൾ

​യാത്രകൾ എന്നെ പഠിപ്പിച്ചത് അളവറ്റ ആനന്ദം എങ്ങനെ കണ്ടെത്താം എന്നാണ്. യാത്രകളിൽ ഞാൻ ഇലകളെയും വൃക്ഷങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അപ്പോൾ മനസ്സിലാകും പ്രകൃതിയിൽ എത്ര തരം പച്ചകളുണ്ടെന്ന്! ഇരുണ്ട പച്ച, നേർത്ത പച്ച, തവിട്ടു കലർന്ന പച്ച... അങ്ങനെ എത്രയെത്ര വർണ്ണങ്ങൾ. ഈ വൈവിധ്യങ്ങൾ കാണുമ്പോൾ ലഭിക്കുന്ന സമാധാനം മറ്റൊന്നിലും കിട്ടില്ല.

​മാവ് കരുതിവെച്ച മധുരം

​കഴിഞ്ഞ തവണ ഒരു യാത്രയിലായിരുന്നു ഞാൻ. ഉച്ചസമയം, കത്തുന്ന വെയിൽ. ഇടുങ്ങിയ വഴിയിലൂടെ സ്കൂട്ടർ ഓടിച്ചു പോകുമ്പോൾ നല്ല വിശപ്പും ദാഹവും തോന്നിത്തുടങ്ങിയിരുന്നു. പെട്ടെന്ന് സ്കൂട്ടറിന് മുന്നിലേക്ക് എന്തോ ഒന്ന് വീണു. വണ്ടി ഒതുക്കി നോക്കിയപ്പോൾ അതൊരു മാമ്പഴമായിരുന്നു! ​ആ വെയിലത്ത് ആ മാമ്പഴത്തിന് എന്തൊരു മധുരമായിരുന്നു എന്നോ. "മാവേ, നിനക്ക് നന്ദി... ഈ വിശപ്പിൽ എനിക്കായി ഇതൊരുക്കി വെച്ചതിന്" എന്ന് മനസ്സുകൊണ്ട് പറഞ്ഞു പോയി. പ്രകൃതി നമ്മളെ അറിഞ്ഞു കരുതുന്ന നിമിഷങ്ങളാണവ. നമ്മൾ നടന്നു തളർന്ന് ഒരിടത്ത് ഇരിക്കുമ്പോൾ വന്നു തൊടുന്ന കാറ്റ് പോലും എത്ര വലിയ അനുഗ്രഹമാണെന്ന് അപ്പോൾ തോന്നിപ്പോകും. ഇത്തരം ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം.

​സ്വയം സ്നേഹിക്കാം, കരുതലോടെ...

​'സെൽഫ് കെയർ' എന്നാൽ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ സമയം കണ്ടെത്തുക എന്നതാണ്. അത് ഒരു ചെറുയാത്രയാവാം, പ്രകൃതിയെ നോക്കിയിരിക്കുന്നതാവാം. നിങ്ങൾ സന്തോഷമായിരുന്നാൽ മാത്രമേ നിങ്ങളുടെ ചുറ്റുമുള്ളവർക്കും ആ സന്തോഷം നൽകാൻ കഴിയൂ. ​അതുകൊണ്ട് ഇടയ്ക്കൊക്കെ ആ സ്കൂട്ടർ ഒന്ന് സ്റ്റാർട്ട് ചെയ്യൂ, പച്ചപ്പിനെ തേടി ഇറങ്ങൂ. അല്ലെങ്കിൽ ഒരു ബസ്‌ പിടിക്കൂ... സൈഡ് സീറ്റിൽ ഇരുന്ന് ഇഷ്ടമുള്ള പാട്ട് കേട്ട് എങ്ങോട്ടെന്നില്ലാതെ ഒന്ന് ചുറ്റിക്കറങ്ങൂ. ഒരു ഐസ്ക്രീം കഴിക്കൂ... കൈനിറയെ കുപ്പി വളകൾ വാങ്ങിയിട്ട് അപരിചിതരായ മനുഷ്യരുടെ ഇടയിൽ നടന്നു നോക്കൂ. അല്ലെങ്കിൽ ഏതെങ്കിലും പുഴയിറമ്പിൽ കാറ്റ് കൊണ്ടല്പനേരം ഇരുന്നു നോക്കൂ. അവനവനെ സ്നേഹിക്കുമ്പോൾ ഈ പ്രകൃതി എത്ര മനോഹരമാണെന്ന് മനസ്സിലാവും.

​ഒരു പുതിയ തുടക്കം

​ഈ വനിതാ ദിനത്തിൽ നമുക്ക് ഒരു പുതിയ ശീലം തുടങ്ങാം. മാസത്തിലൊരിക്കലെങ്കിലും മനസ്സിന് ഇഷ്ടമുള്ള ഒരിടത്തേക്ക് പോകാം. ആ യാത്രകൾ നിങ്ങളെ നിങ്ങളിലേക്ക് തന്നെ തിരികെ എത്തിക്കും. പ്രകൃതി നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന ആ കുഞ്ഞു സന്തോഷങ്ങളെ ഏറ്റുവാങ്ങൂ.