യുദ്ധക്കപ്പലിന്റെ ഡെക്കിൽ നിന്ന് ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതകളാകാൻ ഇവർ

Published : Sep 21, 2020, 03:16 PM ISTUpdated : Sep 21, 2020, 03:29 PM IST
യുദ്ധക്കപ്പലിന്റെ ഡെക്കിൽ നിന്ന് ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതകളാകാൻ ഇവർ

Synopsis

ആദ്യത്തെ വനിതാ എയർബോൺ  ടാക്റ്റീഷ്യൻസായി മാറാൻ ഒരുങ്ങുകയാണ് ഈ രണ്ടു നാവികസേനാ ഓഫീസർമാരും.

സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് രീതി സിംഗ് - ഈ രണ്ടു പേരുകളും ഇനി ഇന്ത്യൻ നാവികസേനാ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടാൻ പോവുകയാണ്. യുദ്ധക്കപ്പലുകളുടെ ഡെക്കിൽ നിന്ന് ഹെലികോപ്റ്ററുകൾ പറത്തുന്ന, ആദ്യത്തെ വനിതാ എയർബോൺ  ടാക്റ്റീഷ്യൻസായി മാറാൻ ഒരുങ്ങുകയാണ് ഈ രണ്ടു നാവികസേനാ ഓഫീസർമാരും. ഇന്ത്യൻ നേവിയുടെ കൊച്ചിയിലുള്ള സതേൺ നേവൽ കമാണ്ടിൽ നിന്ന്, ഇന്ന് നേവിയുടെ ഒബ്‌സര്‍‌വര്‍ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഈ രണ്ടു മിടുക്കികളും. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരികളായ രണ്ടു പേരും 2018 -ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. 

 

സബ് ലെഫ്റ്റനന്റ് രീതി സിംഗ്, സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി 

ഇത് ഇന്ത്യൻ നാവിക സേനയെ സംബന്ധിച്ചിടത്തോളം ഏറെ ഐതിഹാസികമായ ഒരു നാഴികക്കല്ലാണ്. ഇന്ത്യൻ നാവിക സേനയിൽ ലിംഗസമത്വം ഊട്ടിയുറപ്പിക്കുന്നത്തിനുള്ള ആദ്യ നടപടികളിൽ ഒന്ന്. ഇന്ത്യൻ നേവിയിൽ ഇപ്പോൾ തന്നെ നിരവധി സ്ത്രീകൾ ഓഫീസർമാരായ ഉണ്ടെങ്കിലും, കോംബാറ്റ്‌ റോളുകളിൽ, അതായത് യുദ്ധം വരുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെടേണ്ടി വരുന്ന തരത്തിലുള്ള ഉത്തരവാദിത്തങ്ങളിൽ സ്ത്രീ പ്രാതിനിധ്യം തുലോം തുച്ഛമാണ്. ഇതുവരെ സ്ത്രീകൾ കടന്നു ചെന്നിട്ടില്ല എന്നതുകൊണ്ടുതന്നെ, പടക്കപ്പലുകൾ അടക്കമുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്കുവേണ്ടിയുള്ള ടോയ്‍ലെറ്റുകൾ, ചേഞ്ചിങ് റൂമുകൾ പോലെയുള്ള സൗകര്യങ്ങളും ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ പോവുകയാണ്. ആ അർത്ഥത്തിൽ ഇത് കേവലം രണ്ടു സ്ത്രീകളുടെ നിയമനം മാത്രമായല്ല കാണേണ്ടത്, ഒരു വ്യവസ്ഥിതിയിൽ ഉണ്ടാകാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങൾ എന്ന രീതിയിൽ തന്നെയാണ്. ഈ രണ്ടു വനിതകൾ പടക്കപ്പലുകളിൽ നിയുക്തരാകുമ്പോൾ അവിടെ അതോടൊപ്പം സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങളും  അവിടങ്ങളിൽ സ്ഥാപിതമാകും. അത് ഇന്ത്യൻ നാവികസേനയിൽ വനിതകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു വലിയ മാറ്റമാകും. 

ഈ രണ്ട് ഓഫീസർമാരും നാവികസേനയുടെ ഏറ്റവും പുതിയ ചോപ്പർ ആയ MH -60 റോമിയോ പറത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കൻ പ്രതിരോധകമ്പനിയായ ലോക്ക് ഹീഡ് മാർട്ടിൻ ഇന്ത്യൻ നാവികസേനയ്ക്ക് നൽകുന്ന അത്യാധുനിക ആന്റി സർഫസ്, ആന്റി സബ്മറൈൻ വാർഫെയർ, സെർച്ച് ആൻഡ് റെസ്ക്യൂ ചോപ്പറുകളാണ് MH -60 റോമിയോകൾ. ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ചോപ്പറുകളാണ് ഇവ. ഇവയിൽ സമുദ്രാന്തർ ഭാഗത്ത് ഒളിച്ചിരിക്കുന്ന സബ്മറൈനുകളെ കണ്ടെത്താനുള്ള സെൻസറുകളും റഡാറുകളും ഒക്കെയുണ്ട്. ഈ ഹെലികോപ്റ്ററുകൾ പറത്തുന്നതിനു പുറമെ ഇവയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഹെൽഫയർ മിസൈലുകൾ, പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റംസ്, എംകെ 54 ടോർപിഡോകൾ എന്നിവയും പ്രയോഗിക്കാനുള്ള സവിശേഷ പരിശീലനം സിദ്ധിച്ചവരാകും ഈ രണ്ടു വനിതാ ഓഫീസർമാരും.

 

ഹൈദരാബാദ് സ്വദേശിയായ സബ് ലെഫ്റ്റനന്റ് രീതി സിംഗ്, തന്റെ കുടുംബത്തിൽ നിന്നുള്ള മൂന്നാം തലമുറ സൈനികോദ്യോഗസ്ഥയാണ്. രീതിയുടെ അച്ഛനും മുത്തച്ഛനും സൈനിക ഓഫീസർമാർ ആയിരുന്നവരാണ്. മുത്തച്ഛൻ കരസേനയിലും, അച്ഛൻ നാവികസേനയിലും. അച്ഛനെപ്പോലെ വെള്ള യൂണിഫോമിടണം എന്നത് രീതിയുടെ ചെറുപ്പത്തിലേ തന്നെ ഉള്ള മോഹമായിരുന്നു. സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2015 -ൽ കിരൺ ശെഖാവത്ത് എന്ന ഒരു നാവികസേനാ ഉദ്യോഗസ്ഥ അപകടത്തിൽ മരിച്ചതാണ് നേവൽ ഏവിയേഷൻ രംഗത്തേക്ക് കടന്നുവരാൻ കുമുദിനിക്ക് പ്രേരണയായത്. ഈ ചലഞ്ച് ഏറ്റെടുക്കാൻ തനിക്ക് ആഗ്രഹം തോന്നി എന്നാണ് അവർ പറഞ്ഞത്. 
 
ഇവർക്കൊപ്പം, നേവി ആൻഡ് കോസ്റ്റ് ഗാർഡ് പേഴ്സണലിന്റെ ഇരുപത്തൊന്നാം ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയ സബ് ലെഫ്റ്റനന്റ് അഫ്‌നാൻ ഷെയ്ഖ്, സബ് ലെഫ്റ്റനന്റ് ക്രീഷ്മ ആർ എന്നിവർ നേവിയുടെ വിമാനങ്ങൾ പറത്തും. ഈ മേഖലയിൽ ഇപ്പോൾ തന്നെ സ്ത്രീ സാന്നിധ്യമുണ്ട് എങ്കിലും, യുദ്ധക്കപ്പലിന്റെ ടേക്കിൽ നിന്ന് അസോൾട്ട് ചോപ്പറുകൾ പറത്തുന്ന ആദ്യത്തെ രണ്ടു വനിതാ പൈലറ്റുകളാണ്  രീതി സിങ്ങും, കുമുദിനി ത്യാഗിയും.

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ