ഒറ്റക്കൈ കൊണ്ട് ഏത് ഡിസൈനും എംബ്രോയ്ഡറി ചെയ്തു കൊടുക്കുന്ന അഞ്ജന ഷാജിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
കുറവുകളെ കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെ, പരിമിതികളില്‍ നിന്നും സാധ്യതകളെ തേടി സ്വന്തമായൊരു ഇടം കണ്ടെത്തിയ അഞ്ജന ഷാജി പലര്‍ക്കുമൊരു മാതൃകയാണ്. ജന്മനാ വലതു കൈ ഇല്ലാഞ്ഞിട്ടും എംബ്രോയ്ഡറി ആർട്ടിസ്റ്റ് എന്ന നിലയില്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ് ഈ 28കാരി. എംഎസ്ഡബ്ല്യു ബിരുദധാരിയായിട്ടും ശാരീരിക പരിമിതി തൊഴില്‍ ലഭിക്കാന്‍ തടസ്സമായതോടെ ഏറെ വിഷമത്തിലായിരുന്നു അഞ്ജന. എന്നാല്‍ ഒരിക്കല്‍ ഒരു കുഞ്ഞുടുപ്പിൽ കണ്ട പൂക്കളുടെ എംബ്രോയിഡറിയാണ് അഞ്ജനയുടെ സംരംഭക ജീവിതം മൊട്ടിടാന്‍ കാരണം. ഒറ്റക്കൈ കൊണ്ട് ഏത് ഡിസൈനും എംബ്രോയ്ഡറി ചെയ്തു കൊടുക്കുന്ന അഞ്ജന ഷാജിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
വേര്‍ത്തിരിവോ പ്രത്യേക പരിഗണനയോ ഇല്ലാത്ത കുട്ടിക്കാലം
കുട്ടിക്കാലത്ത് ഞാന്‍ അങ്ങനെ സ്പെഷ്യൽ സ്കൂളില്‍ ഒന്നുമല്ല പഠിച്ചത്. വീടിനടുത്തുള്ള സ്കൂളില്‍ തന്നെയാണ് പഠിച്ചത്. എനിക്ക് അങ്ങനെ ഒരു വേര്‍ത്തിരിവോ പ്രത്യേക പരിഗണന വേണമെന്നോ ഒന്നും തോന്നിയിട്ടില്ല. മറ്റ് കുട്ടികളെ പോലെ തന്നെ സാധാരണ ഒരു കുട്ടിയായി തന്നെയാണ് ഞാനും പഠിച്ചത്. സുഹൃത്തുക്കള്‍ ആണെങ്കിലും അധ്യാപകര്‍ ആണെങ്കിലും വളരെ സപ്പോർട്ടീവ് ആയിരുന്നു. അപ്പച്ചനയെയും അമ്മച്ചിയെയും കൃഷിയിലൊക്ക ഞാനും സഹായിക്കുമായിരുന്നു. അടുക്കളയിലും എല്ലാ കാര്യങ്ങളും എല്ലാവരെയും പോലെ തന്നെയായിരുന്നു ഞാൻ ചെറുപ്പം മുതലേ ചെയ്തിരുന്നത്. ഡിഗ്രി പഠിച്ചത് കോട്ടയത്ത് ബിസിഎമ്മിലായിരുന്നു. പിന്നീട് എം.എസ്.ഡബ്ല്യു ചെയ്തു. ഏഴ്- എട്ട് വര്‍ഷത്തോളം ഞാന്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്.
ഉള്‍വലിഞ്ഞ് കഴിഞ്ഞ ടീനേജ് കാലം
ടീനേജ് പ്രായത്തിലേക്ക് കടക്കുന്ന സമയത്ത് നമുക്ക് ഒരു ബോഡി കോൺഷ്യസ് വരുമല്ലോ. ആ സമയത്താണ് ഞാൻ ശരിക്കും എന്‍റെ കുറവിനെ കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത്. കുട്ടിക്കാലം മുതലേ സ്കൂളില്‍ ഡാൻസിനൊക്കെ പങ്കെടുക്കുമായിരുന്നു. പക്ഷേ ടീനേജ് പ്രായത്തിൽ എത്തിയപ്പോള്‍ ഞാന്‍ ഒന്നിനും പങ്കെടുക്കാതെയും എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞും തുടങ്ങി. ഡാൻസ് കളിക്കുന്നത് ഭംഗികേടാണ് എന്നൊക്കെയുള്ള എന്റെ തന്നെ തോന്നലും അപകർഷതാബോധവുമൊക്കെ വന്നു തുടങ്ങി.
ജോലി പോലും കിട്ടാതെ ഇരിന്നിട്ടുണ്ട്
എംഎസ്ഡബ്ല്യു എന്ന് പറയുമ്പോൾ അറിയാമല്ലോ ഇരുന്നുള്ള ഒരു ജോലിയല്ല, എന്റെ സ്പെഷ്യലൈസേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ആയിരുന്നു. അപ്പോൾ കൂടുതൽ ഫീൽഡ് വര്‍ക്ക് ചെയ്യേണ്ടതായി വരും. ഞാനത് ഇഷ്ടപ്പെട്ടെടുത്ത ഒരു കോഴ്സ് ആണ്. എനിക്ക് അങ്ങനെ ഇരുന്നൊരു ജോലി ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാൻ ആ കോഴ്സ് തിരഞ്ഞെടുത്തത്. പക്ഷേ റിയാലിറ്റി ജോലിയിലേക്ക് വന്നപ്പോഴേക്കും ഈ പേര് പറഞ്ഞ് എന്നെ തഴയുകയായിരുന്നു. ഞാൻ എല്ലാവരെയും പോലെ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് എന്നെ പരിചയമുള്ളവർക്ക് അറിയാം. പക്ഷേ പരിചയമില്ലാത്തവർ കാണുമ്പോൾ ഇങ്ങനെ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയാണ് എന്ന ഒരു രീതിയിലാണ് എന്നെ പരിഗണിക്കുന്നത്. അത് എന്‍റെ പ്രൊഫഷനെയും ബാധിച്ചു.
എനിക്ക് യാത്ര ചെയ്യാൻ പറ്റുമോ, ലൈസൻസ് ഉണ്ടോ, പെട്ടെന്നൊക്കെ എവിടെയെങ്കിലും സ്റ്റേ ചെയ്യേണ്ടി വന്നാല്‍ അതിന് പറ്റുമോ തുടങ്ങിയ പല ചോദ്യങ്ങളുമാണ് ഞാന്‍ ഇന്റർവ്യൂവിന് പോയപ്പോൾ നേരിട്ടത്. പഠിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒന്നും ചോദിച്ചില്ല. അപ്പോഴാണ് ഞാനും ശരിക്കും തിരിച്ചറിയുന്നത് എനിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന്. അതുകൊണ്ടാണ് ഞാൻ ഇതുവരെ അപ്ലൈ ചെയ്ത ജോലികളിൽ നിന്നൊന്നും എനിക്ക് ഒരു റെസ്പോൺസും കിട്ടാത്തത്. അങ്ങനെ ജോലി കിട്ടാൻ ബുദ്ധിമുട്ടായി. പിന്നെ പരിചയമുള്ള ഒരു ആന്‍റി വഴി ഞാൻ ഒരു പ്രൈവറ്റ് ഫേമിൽ ഒരു കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവായി ജോലിക്ക് കയറി. പ്രൈവറ്റ് ഫേമും കോർപ്പറേറ്റ് ഫീൽഡുമായതിന്‍റെ മത്സരങ്ങളും അതിന്‍റേതായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അവര്‍ പറഞ്ഞ ടാർഗറ്റിലേക്ക് എത്താൻ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് എനിക്ക് പറ്റിയ പരിപാടി അല്ല എന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി. ഒരു വര്‍ഷം കഴിഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.
ഭര്‍ത്താവാണ് പിന്തുണ
എന്നെപ്പോലെ ഒരാളെ ആരെങ്കിലും സ്വീകരിക്കുമോ എന്നുള്ള ഒരു ടെൻഷൻ ഉണ്ടായിരുന്നു. എന്റെ കൂടെ പഠിച്ച ഫ്രണ്ടിന്റെ ഫ്രണ്ട് ആണ് ഇദ്ദേഹം. ആൾക്ക് എന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. ഞങ്ങൾ സംസാരിച്ചപ്പോൾ എനിക്കും ഓക്കെയായി. അങ്ങനെ ഞങ്ങൾ വീട്ടിൽ സംസാരിച്ചു. പുള്ളിയുടെ വീട്ടുകാർക്കും ഓക്കെയാണ്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 3 വർഷമായി. ഭര്‍ത്താവാണ് ഇപ്പോള്‍ എല്ലാത്തിനും പിന്തുണ.
വഴിത്തിരിവായ കുഞ്ഞുടുപ്പ്
കുഞ്ഞുന്നാൾ മുതലേ അമ്മ തൈക്കുന്നത് കണ്ടാണ് വളർന്നതെങ്കിലും തയ്യലോ എംബ്രോയ്ഡറിയോ ഒന്നും ഞാന്‍ ചെയ്തിരുന്നില്ല. ചിത്രം വരച്ച് പോലും നോക്കിയിട്ടില്ലായിരുന്നു. ഒരു കുഞ്ഞ് കെട്ടുടുപ്പിൽ കണ്ട ഒരു പൂവിന്‍റെ എംബ്രോയ്ഡറിയാണ് വഴിത്തിരിവായതെന്ന് പറയാം. ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ കുട്ടിയുടെ കുഞ്ഞുടുപ്പ് കണ്ടപ്പോള്‍ ഭയങ്കര രസമായിട്ട് തോന്നി. അങ്ങനെ ചെയ്തു നോക്കിയാലോ എന്ന് കരുതി. അമ്മച്ചി തയ്ക്കുന്നത് കൊണ്ട് വീട്ടിൽ അത്യാവശ്യത്തിലുള്ള നൂലും സൂചിയുമൊക്കെയുണ്ടായിരുന്നു. അങ്ങനെ അമ്മച്ചിയുടെ പഴയ സാധനങ്ങളൊക്കെ എടുത്ത് പതിയെ വരച്ച് തയ്ച്ചു നോക്കി. അത് കൊള്ളാം എന്ന് അമ്മച്ചിയൊക്കെ പറഞ്ഞു. പിന്നെ അവിടുന്നായിരുന്നു തുടക്കം. ആ സമയത്ത് എംബ്രോയ്ഡറി എന്നൊരു സംഭവത്തിനെക്കുറിച്ച് വലിയ ഐഡിയ ഒന്നുമില്ലായിരുന്നു. ഞാന്‍ പതിയെ പഴയ ഡ്രസ്സുകളിലേക്കൊക്കെ തയ്ക്കാൻ തുടങ്ങി. പിന്നെ ഹസ്ബൻഡിന്‍റെ ടീഷര്‍ട്ടിലൊക്കെ എംബ്രോയ്ഡറി ചെയ്യുമായിരുന്നു. അങ്ങനെ കുറേ പേരൊക്കെ ചോദിക്കാൻ തുടങ്ങി. ഒത്തിരി വർക്കുകൾ വന്നു തുടങ്ങിയതോടെയാണ് ഇതൊരു ബിസിനസ് എന്ന രീതിയിലേക്ക് എത്തിയത്. അങ്ങനെയാണ് ‘വൺ ഹാൻഡ് എംബ്രോയ്ഡറി’ എന്ന സോഷ്യൽ മീഡിയ പേജ് തുടങ്ങിയത്.
പ്രതിമാസം കുറഞ്ഞത് 25,000 രൂപയുടെ വരുമാനം
ഇപ്പോൾ കുഞ്ഞുടുപ്പ്, ടീഷർട്ട്, ഷര്‍ട്ട്, സാരി അങ്ങനെ എല്ലാത്തിലും എംബ്രോയ്ഡറി ചെയ്യും. ശരിയും ഓർഡറിന്റെ എണ്ണം എടുക്കാൻ തന്നെ എനിക്ക് പറ്റുന്നില്ല. നൂറിലധികം ഓർഡറുകൾ പെൻഡിങ് ഉണ്ട്. സ്റ്റിച്ച് ചെയ്യാൻ വേണ്ടി ആറ് ചേച്ചിമാരുണ്ട്. അവര്‍ അവരുടെ വീട്ടിലിരുന്നാണ് സ്റ്റിച്ച് ചെയ്യുന്നത്. മെറ്റീരിയൽ ഞാൻ അവർക്ക് കൊണ്ടുപോയി കൊടുക്കും. അവർ സ്റ്റിച്ച് ചെയ്തു കഴിയുമ്പോൾ ഞാൻ പോയി മേടിക്കും. പിന്നെ ഞാൻ അതിൽ ഫർദർ എംബ്രോയ്ഡറി ചെയ്തിട്ട് സെൽ ചെയ്യും. മാസ വരുമാനം നമുക്ക് കൃത്യമായി പറയാൻ പറ്റില്ല. എങ്കിലും ശരാശരി 25,000 രൂപ വരെ പ്രതിമാസം കിട്ടുന്നുണ്ട്.

കാരാട്ടെ ബ്ലൂ ബെല്‍റ്റ്!
എനിക്ക് പണ്ടുമുതലേ കരാട്ടയോ കളരിയോ അങ്ങനെ എന്തെങ്കിലുമൊക്കെ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിവാഹത്തിന് ശേഷമാണ് അത് സാധിച്ചത്. ഹസ്ബൻഡ് സപ്പോർട്ടീവ് ആയതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. പുള്ളിയാണ് ശരിക്കും എന്നെ ഫോഴ്സ് ചെയ്തു വിട്ടത്. ഇപ്പോള്‍ ബ്ലൂ ബെല്‍റ്റ് ആയിട്ടേയുള്ളൂ. ശരിക്കും ഞാന്‍ ഇത് ആസ്വദിച്ചാണ് പഠിക്കുന്നത്. നമ്മുക്ക് ഇഷ്ടമുള്ള കാര്യം ആകുമ്പോള്‍ എത്ര തിരക്ക് ആണെങ്കിലും നമ്മള്‍ സമയം കണ്ടെത്തുമല്ലോ. പിന്നെ ജിമ്മിലും പോകാറുണ്ട്. ഡ്രൈവിങ്ങും അറിയാം. നമ്മുക്ക് ആഗ്രഹമുണ്ടെങ്കിൽ എത്ര പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടാണെലും പരിശ്രമിക്കാന്‍ തോന്നും. ഇന്നത്തെ കാലത്ത് ഒരുപാട് സാധ്യതകൾ നമ്മുടെ മുമ്പിലുണ്ട്. ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെങ്കിലും എന്തെങ്കിലും തരത്തിലുള്ള സൊല്യൂഷന് വേണ്ടി നമ്മുടെ ചുറ്റും ആൾക്കാരുമുണ്ട്. ഞാൻ എന്റെ ഒരു ഇൻഫിനിറ്റി കോംപ്ലക്സിൽ നിന്ന് പുറത്ത് കടന്നതിനു ശേഷം സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങനെ ഒരു കുറവുണ്ട് എന്നുള്ളതിന്റെ പേരിൽ ലിമിറ്റ് ചെയ്യാൻ ശ്രമിക്കാറില്ല. ഒരു കംഫർട്ട് സോണിൽ തന്നെ ഇരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതുകൊണ്ടാവാം എനിക്ക് ഇതൊക്കെ ചെയ്യാന്‍ സാധിക്കുന്നത്. അഭിമാനത്തേക്കാൾ ഉപരി അത്ഭുതമാണ് എനിക്ക് തോന്നുന്നത്. എന്നെപ്പോലെയുള്ള ഒരുപാട് പേർക്ക് ഞാനൊരു മോട്ടിവേഷൻ ആവുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. എന്നെപ്പോലെയുള്ള കുട്ടികൾ ഉണ്ടായിട്ടുള്ള മാതാപിതാക്കള്‍ കോൺടാക്ട് ചെയ്യാറുണ്ട്. അവർക്ക് ഇതുവരെ ടെൻഷൻ ആയിരുന്നു. എന്ത് ചെയ്യും? എങ്ങനെ വളർത്തിയെടുക്കും എന്നുള്ള ചിന്തയായിരുന്നു. ഇപ്പോൾ മോളുടെ വീഡിയോ കാണിച്ച് എനിക്കിപ്പോൾ എന്റെ മോളെ വളർത്താൻ ഒരു കോൺഫിഡൻസ് ആയി. എന്റെ കുട്ടി ഇങ്ങനെ വളർന്നു വരും എന്നുള്ള ധൈര്യമായി എന്ന് പറഞ്ഞ് ഒത്തിരി അമ്മമാര്‍ എന്നെ വിളിക്കാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.
ആഗ്രഹം സ്വന്തമായി ഒരു ബ്രാൻഡ്
ഫ്യൂച്ചർ പ്ലാൻ തീർച്ചയായിട്ടും ഇത് വലിയൊരു ബ്രാൻഡ് ആക്കി എടുക്കണം എന്നുള്ളത് തന്നെയാണ്. പിന്നെ എന്നെപ്പോലെയുള്ളവരെ എനിക്ക് പറ്റുന്ന വിധത്തിൽ ഈ ഒരു മേഖലയില്‍ ഉൾപ്പെടുത്തണം, എന്‍റെ ഒപ്പം അവരെയും വളർത്തിയെടുക്കണം എന്ന് ആഗ്രഹമുണ്ട്.
