ആര്‍ത്തവ അവധിയുമായി സൊമാറ്റോ; ട്രാൻസ്ജെൻഡേഴ്സിനും കരുതൽ

By Web TeamFirst Published Aug 9, 2020, 11:53 PM IST
Highlights

വര്‍ഷത്തില്‍ 10 ദിവസം ആര്‍ത്തവ അവധിയാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വനിതാ ജീവനക്കാര്‍ക്കും, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയും. 

ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരോട് അനുഭാവപൂര്‍വ്വമായ സമീപനവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. വര്‍ഷത്തില്‍ 10 ദിവസം ആര്‍ത്തവ അവധിയാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വനിതാ ജീവനക്കാര്‍ക്കും, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയും. 

ശനിയാഴ്ചയാണ് ഇക്കാര്യം സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ ഇമെയില്‍ വഴി പ്രഖ്യാപിച്ചത്. ആര്‍ത്തവ അവധി അപേക്ഷിക്കുന്നതിന് വിമുഖത പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും ദീപിന്ദര്‍ വിശദമാക്കുന്നു. അവധിയേക്കുറിച്ച് സംസാരിക്കുന്നതിന് നാണക്കേട് തോന്നണ്ട കാര്യമില്ലെന്നും ദീപിന്ദര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ജീവിതത്തിന്‍റെ ഭാഗമാണ്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നത് എന്താണെന്ന് പൂര്‍ണമായി മനസിലാക്കാന്‍ നമ്മുക്ക് സാധിക്കണമെന്നില്ല. എന്നാല്‍ അവര്‍ക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് വിശ്വാസത്തിലെടുക്കണം. നിരവധിപ്പേര്‍ക്ക് ആര്‍ത്തവ ദിനങ്ങള്‍ അതീവ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാകും അങ്ങനെയുള്ള ജീവനക്കാരോടെ കമ്പനിക്കുള്ള പിന്തുണ പ്രഖ്യാപിക്കുന്നതാണ് തീരുമാനം എന്നും ദീപിന്ദര്‍  വിശദമാക്കുന്നു. 

സ്ത്രീയും പുരുഷനും ശാരീരികമായ വ്യത്യാസങ്ങളുണ്ട്. കൂടുതല്‍ അവധി അനുവദിക്കുന്നത് സ്ത്രീകള്‍ക്ക് കഴിവ് കുറവായതുകൊണ്ടല്ല, മറിച്ച് തൊഴിലിടം സൌഹാര്‍ദ്ദപരമാക്കാനാണ് തീരുമാനമെന്നും ദീപീന്ദര്‍ വ്യക്തമാക്കി. 2008ലാണ് സൊമാറ്റോയുടെ പിറവി. ഗുരുഗ്രാമില്‍ ആരംഭിച്ച കമ്പനിക്ക് രാജ്യത്ത് 5000ത്തിലേറെ ജീവനക്കാരാണ് ഉള്ളത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ആരോഗ്യപരമല്ലാത്ത വേര്‍തിരിവ് അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് സൊമാറ്റോയുടെ മാതൃകാപരമായ തീരുമാനം. 

click me!