ഒറ്റക്കുള്ള ലോക യാത്ര, ഞാൻ കണ്ടുമുട്ടിയ സ്ത്രീകൾ; ഗൗരി എഴുതുന്നു

Published : Mar 08, 2026, 12:07 PM IST
International womens day 2026

Synopsis

യാത്ര ചെയ്യുമ്പോൾ നിരവധി ആളുകളെ നമ്മൾ കണ്ടുമുട്ടാറുണ്ട്. ലോകയാത്രക്കിടയിൽ കണ്ടുമുട്ടിയ മൂന്ന് സ്ത്രീകളെക്കുറിച്ച് ട്രാവലറായ ഗൗരി പറയുന്നു.  

യാത്രകൾ കൊണ്ട് ഞാൻ നേടിയതെന്തെന്നു ചോദിച്ചാൽ പെട്ടെന്ന് മനസ്സിൽ വരുന്ന ഉത്തരം കുറേ മനുഷ്യരെ കണ്ടു എന്നത് തന്നെയായിരിക്കും. മനുഷ്യനോളം രസമുള്ള മറ്റൊരു ജീവി ഈ ലോകത്തുണ്ടോ? ചെറിയ ചില കൊതികളും വാശികളും അസൂയയും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ഉള്ളിൽ സൂക്ഷിക്കുന്ന ഒരു കഥയില്ലാത്ത, എന്നാൽ നൂറായിരം കഥകളുള്ള ജീവികൾ! ഒരേ സമയം കാര്യങ്ങളെ സങ്കീർണമാക്കാനും ലളിതമാക്കാനും കെൽപ്പുള്ളവർ! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മനസിലാക്കാനും മനസിലാക്കപ്പെടാനും തത്രപ്പെടുന്നവർ! 

യാത്രകളിൽ സ്ഥലങ്ങൾക്കപ്പുറം പലപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ചില മുഖങ്ങളാണ്, ജീവിതങ്ങളാണ്. പലപ്പോഴും പൊതുവായ ഭാഷയോ വിശ്വാസമോ സംസ്കാരമോ ജീവിതശൈലിയോ ഒന്നുമില്ലാഞ്ഞിട്ടും കരുണയോടെ സഹാനുഭൂതിയോടെ സ്നേഹത്തോടെ എന്നോട് പെരുമാറിയ അനവധി മുഖങ്ങൾ ഒന്നു കണ്ണടച്ചാൽ എനിക്കോർത്തെടുക്കാൻ സാധിക്കും. ഇവയിലെ പെൺമുഖങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട് എന്റെ മനസ്സിൽ. അവരിൽ ചിലരെ കുറിച്ച് ഞാൻ പറയാം.

1.യാനി

ബാലിയിലെ സനൂർ എന്ന തീരദേശപട്ടണത്തിൽ നാലു ദിവസം താമസിക്കാൻ ഞാൻ തെരഞ്ഞെടുത്തത് യാനിയുടെ ഹോംസ്റ്റേ ആണ്. അതിരാവിലെ സനൂരിൽ വന്നു വണ്ടിയിറങ്ങിയ എനിക്ക് ഹോംസ്റ്റേ കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവിൽ ഗൂഗിളിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് യാനിയാണ്. വഴി കൃത്യമായി പറഞ്ഞു തന്ന ശേഷം ഫോൺ വെയ്ക്കുന്നതിനു മുൻപ് യാനി കൂട്ടിച്ചേർത്തു “ഇവിടെ ധാരാളം നായ്ക്കളുണ്ട്. അതുകൊണ്ട് ഗേറ്റ് തുറക്കുമ്പോൾ അവയിലൊന്നും പുറത്തേയ്ക്ക് ചാടിപ്പോകാതെ ശ്രദ്ധിക്കണം”. സംസാരത്തിൽ അല്പം കർകശക്കാരിയായി തോന്നിയെങ്കിലും ഞാൻ ഒന്നു മൂളുകമാത്രം ചെയ്തു. 

ഹോംസ്റ്റേ കണ്ടുപിടിച്ച് ഗേറ്റ് തുറന്നതും യാനി പറഞ്ഞതുപോലെ തന്നെ, നായ്ക്കളുടെ ഒരു പഞ്ചായത്ത് തന്നെ അവിടെയുണ്ട്. എല്ലാം ഷിറ്റ്സു പോലെയുള്ള ചെറിയ നായ്ക്കുട്ടികൾ ആണ്. പല പ്രായത്തിലുള്ളവർ ഉണ്ട്. വീട് അഥവാ ഹോംസ്റ്റേയുടെ എല്ലാ ഭാഗത്തും നായ്ക്കൾക്ക്‌ പോകാൻ അനുവാദമുണ്ടെങ്കിലും പത്തു പതിനഞ്ചു പട്ടികൾ വളരുന്നതിന്റേതായ യാതൊരു വൃത്തിക്കുറവും അവിടെയില്ല. എല്ലാവർക്കും ഉപയോഗിക്കാനായി പൊതുവായി ഒരടുക്കള. അടുക്കളയിൽ നിറയെ നൂഡിൽസ് പാക്കേറ്റുകളും ബിസ്കറ്റ് പാക്കേറ്റുകളും വെച്ചിട്ടുണ്ട്. കൂടെ ഒരു ബോർഡും. “നിങ്ങൾക്കിഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ പാകം ചെയ്തു കഴിക്കാം. സൗജന്യമാണ് ”

കുടിക്കുന്ന വെള്ളത്തിനു വരെ കണക്കുപറയുന്നവരുള്ള ഈ കാലത്ത് ഇങ്ങനെ ഒരു ഹോംസ്റ്റേ! ആദ്യമായിട്ടാണ്. വൃത്തിയുള്ള മുറിയും പരിസരവും. ഒരു കുളിയും പാസ്സ് ആക്കി ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. താഴേയ്ക്കിറങ്ങിയപ്പോൾ സോഫയിൽ പട്ടിയെയും കളിപ്പിച്ചുകൊണ്ട് മധ്യവയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നു. ചെമ്പൻ മുടിയും കണ്ണാടിയുമൊക്കെ വെച്ച് ഗൗരവത്തിൽ ഇരിക്കുകയാണ്.

“നിങ്ങൾ ആണോ ഗൗരി? ”

ഞാൻ താഴെ ഇറങ്ങിയതും അവർ ചോദിച്ചു.

“അതേ”

“ഞാൻ യാനി. നമ്മൾ തമ്മിൽ രാവിലെ ഫോണിൽ സംസാരിച്ചിരുന്നു”

മറുപടിയായി ഞാൻ ചിരിച്ചു.

“തിരക്കില്ലെങ്കിൽ ഒരു കോഫി കുടിക്കു. അടുക്കളയിൽ കെറ്റിലിൽ വെച്ചിട്ടുണ്ട് ”

ഞാൻ അകത്തുപോയി ഒരു കപ്പിൽ കാപ്പി നിറച്ചുകൊണ്ടുവന്ന് അവരുടെ അടുത്തിരുന്നു. അവരുടെ മടിയിൽ ഒരു ഇത്തിരിക്കുഞ്ഞൻ പട്ടി സ്വച്ഛമായി കിടന്നുറങ്ങുന്നു. താഴെ അവർക്ക് ചുറ്റുമായി വേറെയും മൂന്നാലു പട്ടികളുണ്ട്. വെള്ളക്കാർ പട്ടികളെ കൊണ്ടുനടക്കുന്നത് കണ്ടെന്നല്ലാതെ നാട്ടുകാർക്കിടയിൽ പൊതുവെ ബാലിയിൽ അങ്ങനെ നായ്സ്നേഹം ഞാൻ കണ്ടിട്ടില്ല അതുവരെ.

“ഇവിടെ എത്ര നായ്ക്കളുണ്ട്?” ഞാൻ ചോദിച്ചു.

“പതിനഞ്ച്. എനിക്ക് സ്വന്തമായി ഒരാൾ മാത്രമായിരുന്നു. അവൻ മരണപ്പെടുകയും ചെയ്തു. ഇപ്പൊ ഇവിടെ ഉള്ളവരെല്ലാം ഇവിടെ വന്നുകയറിയവരോ അല്ലെങ്കിൽ പല സ്ഥലങ്ങളിൽ നിന്നായി ഞാൻ കൊണ്ടുവന്നവരോ ആണ്. ”

“എനിക്കും നായ്ക്കളെ ഒരുപാടിഷ്ടാണ്. എന്റെ വീട്ടിലും ഉണ്ടൊരാൾ. ഇത്രയും നായ്ക്കളെ ഒരുമിച്ച് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി ”

“കാപ്പി ആറും. ചൂടു പോകുന്നതിനു മുൻപ് കുടിക്കൂ”

കുടിച്ചുകൊണ്ടിരിക്കെ അവർ പറഞ്ഞു

“ഇവിടെ അടുക്കളയിൽ ഉള്ളതെല്ലാം നിങ്ങൾക്കെടുക്കാം. ഒരു ചാർജുമില്ല, നിയന്ത്രണവുമില്ല. ”

“ഞാൻ ഇതാദ്യമായിട്ടാണ് ഇത്രയധികം ഭക്ഷണസാധനങ്ങൾ വിലയീടാക്കാതെ വെച്ചിരിക്കുന്നത് കാണുന്നത്. മുറിയുടെ സൗകര്യം വെച്ചു നോക്കുമ്പോൾ വാടകയും തുച്ഛമാണ്. ഇത് നിങ്ങൾക്ക് നഷ്ടമല്ലേ? ” ചോദ്യം കേട്ടപ്പോൾ യാനി ഒന്നു ചിരിച്ചു.

“ലാഭത്തിനും നഷ്ടത്തിനുമപ്പുറം ചിലതില്ലേ? ഇവിടെ താമസത്തിനു വരുന്ന പലരും കോളേജ് വിദ്യാർഥികളായ വിദേശികളാണ്. അവരുടെ കൈയ്യിൽ അധികം പണമൊന്നും കാണില്ല. എന്നാൽ വിശപ്പിന് ഒരു കുറവും കാണില്ല. എന്റെ മകൾക്ക് ഏകദേശം ആ പ്രായമാണ്. അതുകൊണ്ടെനിക്കറിയാം. അവരെടുക്കുന്ന ഓരോ പാക്കറ്റിനും കണക്കുപറയുക എന്നൊക്കെ വെച്ചാൽ അതു ദ്രോഹമല്ലേ! പുതിയൊരു സ്ഥലം കാണണം എന്ന മോഹത്തോടെ അല്ലെ ഇവിടെ പലരും വരുന്നത്! അതിന്റെ കൂടെ ഇത്തരത്തിൽ അവരെ കഴുത്തറക്കുന്നത് ശരിയല്ല എന്നൊരു തോന്നൽ. ”

എന്റെ മുന്നിലിരിക്കുന്ന ആ സ്ത്രീയോട് വല്ലാത്തൊരു ബഹുമാനം തോന്നിയെനിക്ക്. പിന്നീടുള്ള പല ദിവസങ്ങളിലും ഞങ്ങൾ ഇതുപോലെ കണ്ടു. സംസാരിച്ചു. തമാശകൾ പറഞ്ഞു. സനൂർ വിട്ടുപോകുന്നതിന്റെ തലേന്ന് യാനി പറഞ്ഞു

“ഞാൻ നിങ്ങളെ കൊണ്ടുവിടാം പോർട്ടിൽ. രാവിലെ തയ്യാറായി നിന്നോളൂ ”

ബോട്ട് വരുന്നതിനും വളരെ നേരത്തെ ഞങ്ങൾ രണ്ടാളും തുറമുഖത്തെത്തി. കടലിലേക്ക് നോക്കുന്ന ഒരു ബെഞ്ചിലിരുന്നുകൊണ്ട് ഞങ്ങൾ പിന്നെയും കുറേ നേരം സംസാരിച്ചു. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചുമെല്ലാം യാനി ചോദിച്ചു. ഒരിയ്ക്കലെങ്കിലും ബാലിയ്ക്കപ്പുറം മറ്റെവിടെയെങ്കിലും യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ടെന്ന് യാനി പറഞ്ഞു. സംഭാഷണത്തിന്റെ ഇടയ്ക്ക് എപ്പോളോ നായ്‌ക്കുട്ടികളുടെ വിഷയം കയറിവന്നു. പലരും വളരെ മോശപ്പെട്ട രീതിയിൽ ഉപേക്ഷിക്കപ്പെട്ടവർ ആണ്. ഗർഭപാത്രം പുറത്തേക്ക് തള്ളിനിന്ന രീതിയിലാണ് യാനിയുടെ മടിയിൽ സ്ഥിരം കിടക്കാറുള്ള റീറ്റ എന്ന നായയെ യാനിയ്ക്ക് കിട്ടിയത്. ബാലിയിലെ മൃഗാശുപത്രികൾ ചിലവേറിയതാണെന്നും പലപ്പോഴും കടം മേടിച്ചു വരെ പല നായ്ക്കളെയും ചികിൽസിച്ചിട്ടുണ്ടെന്നും യാനി പറഞ്ഞു.

“നിങ്ങൾക്ക് പണ്ട് തൊട്ടേയുണ്ടോ നായ് പ്രേമം?”

“ഹേയ് ഇല്ല! ഞാൻ ഇവറ്റകളെ ശ്രദ്ധിച്ചിട്ടേയില്ല പണ്ടൊന്നും. എന്റെ മകളെ മാത്രമല്ലേ ഗൗരി കണ്ടിട്ടുള്ളു? അവൾക്ക് താഴെ ഒരു മകനുണ്ട്. അവന് ഏകദേശം നാലു വയസ്സായിട്ടും അവൻ മിണ്ടുന്നില്ല. ആ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ പെരുമാറുന്ന പോലെയൊന്നുമല്ല അവന്റെ പെരുമാറ്റം. ഡോക്ടറെ കാണിച്ചപ്പോഴാണ് അറിയുന്നത് അവൻ ഓട്ടിസ്റ്റിക് ആണെന്ന്. പിന്നീട് എപ്പോഴോ ഞാൻ നായ്ക്കുട്ടികളെ ശ്രദ്ധിച്ചു തുടങ്ങി. മിണ്ടാൻ കഴിവില്ലാത്ത സ്നേഹിക്കാൻ മാത്രം അറിയുന്ന കുറേ ജന്മങ്ങൾ. എന്നെകൊണ്ടാവുന്നതൊക്കെ ഞാൻ അവർക്ക് ചെയ്തു കൊടുത്തുതുടങ്ങി. അങ്ങനെ ഇപ്പൊ പതിനഞ്ചു പേർ എന്റെ വീട്ടിലുണ്ട്. ഞാൻ കർമയിൽ വിശ്വസിക്കുന്നുണ്ട് ഗൗരി. ആരുമില്ലാത്ത ഇവരെയൊക്കെ ഞാൻ നോക്കുന്നതിനു പ്രതിഫലമായി എന്റെ കാലം കഴിഞ്ഞാൽ നാളെ എന്റെ മകനെ ആരെങ്കിലുമൊക്കെ നോക്കാൻ ഉണ്ടാകും എന്ന പ്രതീക്ഷയാണെനിക്ക് “

തൊണ്ടയിടറിക്കൊണ്ട് യാനി പറഞ്ഞു നിർത്തി.

അതുവരെ ഞാൻ കണ്ട ഹോംസ്റ്റേ നടത്തുന്ന ആത്മവിശ്വാസമുള്ള, കാര്യപ്രാപ്തിയുള്ള യാനിയേ അല്ല ഞാൻ അവിടെ കണ്ടത്. തന്റെ കാലം കഴിഞ്ഞാൽ തന്റെ കുഞ്ഞിന് ആരുണ്ട് എന്ന ചിന്ത അലട്ടുന്ന നിസ്സഹായ ആയ അമ്മയെ ആണ്.

2. ജെയ്ൻ

തായ്‌ലൻഡിലെ ഫുക്കെറ്റിൽ ഒരു പരിപാടിയുണ്ട്. നിലാവുള്ള രാത്രികളിൽ കവര് കാണിക്കാൻ ബോട്ടിൽ അവർ നമ്മളെ കടലിലേക്ക് കൊണ്ടുപോകും. അൽപനേരം കവരൊക്കെ കണ്ടശേഷം കടലിലിറങ്ങി കുളിക്കാം, തിരിച്ചു പോരാം. ഇങ്ങനെ ഒരു കലാപരിപാടി അവിടെ നടക്കുന്നുണ്ട് എന്നറിഞ്ഞത് തന്നെ അവിടെ ആവോ നാങ് ബീച്ചിൽ കൂടെ രാത്രി നടന്നപ്പോഴാണ്. നിലാവുള്ള ദിവസം ആയതുകൊണ്ട് പല ബോട്ടുകാരും പിന്നാലെ കൂടുന്നുണ്ട്. അധികം മനുഷ്യർ വീഴുന്നില്ല. കാരണം അന്നേ ദിവസം ദ്വീപുകൾ കാണാൻ ബോട്ടിൽ പോയവർ കവരും കണ്ടിട്ടാണ് മടങ്ങിയത്. അതുകൊണ്ട് തന്നെ വീണ്ടും കടലിൽ ഇറങ്ങാൻ പലർക്കും താല്പര്യമില്ല. പിന്നെ കവര് കാണാൻ പറ്റുമോ എന്ന് ഉറപ്പും പറയാൻ സാധിക്കില്ല. നിലാവ്, രാത്രി, കടൽ ഇത് മൂന്നും ഏറെ പ്രിയപ്പെട്ടതായതുകൊണ്ട് അധികം ആലോചിക്കാതെ ഞാൻ തലകുലുക്കി സമ്മതിച്ചു. 

എന്റെ ബോട്ടുകാരന്റെ പേര് “സ്‌നേക്ക്”. പാമ്പിന്റെ കൂടെയാണല്ലോ ബോട്ടും കേറി പോകുന്നതെന്ന് മനസ്സിൽ ആലോചിച്ച് ചിരിച്ചെങ്കിലും നമ്മുടെ സ്‌നേക്ക് ഉള്ളത് ഉള്ളതുപോലെ പറഞ്ഞു “മാഡം! നിങ്ങളെ മാത്രം കൊണ്ടുപോയാൽ എണ്ണക്കാശ് പോലും മുതലാവില്ല. ഒരു പത്തുമിനിറ്റ് കൂടി തരണം. ഒരാളെക്കൂടെ എങ്കിലും സംഘടിപ്പിക്കാൻ നോക്കട്ടെ. കിട്ടിയില്ലെങ്കിൽ നിങ്ങളെ ഞാൻ കൊണ്ടുപോയിരിക്കും. സ്‌നേക്കിന്റെ ഗ്യാരണ്ടി ” ഇതും പറഞ്ഞു സ്‌നേക്ക് അപ്രത്യക്ഷനായി. ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് സ്‌നേക്ക് മടങ്ങി വന്നു. “എന്റെ കൂട്ടുകാരന്റെ റിസോർട്ടിൽ ഒരു പെൺകുട്ടിയുണ്ട്. നിങ്ങളെ പോലെ ഒറ്റയ്ക്ക് വന്നതാണ്. ഒരഞ്ചു മിനിറ്റ് കൂടി കാക്കണം. ആളെയും കൂട്ടി നമുക്ക് പോകാം ”

ഞാൻ തലയാട്ടി. ഒന്നുമില്ലെങ്കിലും ഒരു പെങ്കൊച്ചല്ലേ. വരട്ടെ.

സമയം അല്പം കഴിഞ്ഞപ്പോൾ കിലുകിലെ ചിരിച്ചുകൊണ്ട് ഒരു സ്ത്രീശബ്ദം. “ഞാൻ വൈകിയോ? ” ദേഹത്തോട് ഇറുകിക്കിടക്കുന്ന കറുത്ത ഡ്രസ്സ്‌. കറുത്ത മുടി. ചുണ്ടിൽ ചുമന്ന ലിപ്സ്റ്റിക്ക്. കാഴ്ച്ചയിൽ ഒരന്പത് വയസ്സ് പ്രായം.

“ഹായ്! എന്റെ പേര് ജെയ്ൻ!”

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രായം പ്രതീക്ഷിച്ചില്ല. ശരിക്കും ഞാൻ ഞെട്ടിപ്പോയി.

“നിങ്ങളും എന്നെപ്പോലെ ഒറ്റയ്ക്കാണല്ലേ ”

സ്‌നേക്കിനോട് വന്നപ്പോൾ മുതൽ നിർത്താതെ തായ് ഭാഷയിൽ സംസാരിച്ച ജെയ്ൻ പെട്ടെന്ന് എന്നോട് ചോദിച്ചു.

“അതേ! പേരെന്താണ് ”

“ഗൗരി”

“ഇന്ത്യ? ”

“അതേ. വന്നിട്ടുണ്ടോ? ”

“പിന്നെ! എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ജയ്പൂർ! അവിടുന്ന് ഭാങ് ഒക്കെ ഞാൻ കുടിച്ചിട്ടുണ്ട് ”

കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.

“ജെയ്ൻ ഇവിടുത്തുകാരി ആണോ?”

“ജനിച്ചത് ബാംഗ്കോക്കിൽ ആണ്. വിവാഹം കഴിച്ചത് ഒരു വെള്ളക്കാരനെ ആണ്. അയാളുടെ കൂടെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഓസ്ട്രേലിയയ്ക്ക് പോയി. രണ്ട് മക്കളുണ്ട് ”

ഇത്രയുമായപ്പോഴേക്കും ബോട്ട് കടലിലേക്കിറക്കി സ്‌നേക്ക് വിളിച്ചു.

“ലേഡീസ്! വരു! ”

ബോഡിക്കോൺ ഡ്രെസ്സിൽ ബോട്ട് കയറാൻ ജെയ്ൻ നന്നേ പണിപ്പെട്ടു. സ്‌നേക്കിനോട് കണ്ണടയ്ക്കാൻ പറഞ്ഞിട്ട് ഡ്രസ്സ്‌ ചൊരുകിക്കയറ്റി എന്റെ കൈയും പിടിച്ച് അവർ ഒരു വിധം ബോട്ടിൽ കയറി.

“ഞാൻ ഡിന്നർ കഴിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോട്ടലിലെ ബോയ് എന്നോട് പറഞ്ഞത് കവര് കാണാൻ സാധ്യതയുണ്ടെന്ന്. ഒട്ടും ആലോചിക്കാതെ വൈ നോട്ട്! എന്നും പറഞ്ഞു ഞാൻ ഇറങ്ങിയതാണ്. വസ്ത്രം പോലും മാറിയില്ല”

ചിരി നിർത്താതെ അവർ പറഞ്ഞു നിർത്തി.

“ഒരുപാട് നാളായോ ഒറ്റയ്ക്കുള്ള ഈ യാത്ര?”

“എവിടുന്ന്! ലാരിയുടെ കൂടെ ഓസ്ട്രേലിയയ്ക്ക് പോകുമ്പോൾ ഇരുപത്തിരണ്ട് വയസ്സായിരുന്നു പ്രായം. ലാരി എന്റെ ഭർത്താവായിരുന്നു കേട്ടോ! പിന്നെ വീടും കുട്ടികളും മാത്രമായിരുന്നു ലോകം. രണ്ട് കൊല്ലം മുൻപ് ഞങ്ങൾ വേർപിരിഞ്ഞു. കുട്ടികളൊക്കെ വലുതായി, പല സ്ഥലങ്ങളിലായി. വല്ലാതെ ഒറ്റപ്പെട്ടൊരു അവസ്ഥ. ഒരു ദിവസം പെട്ടെന്ന് ഒരു ബാഗും പാക്ക് ചെയ്ത് ഇറങ്ങി. ഏകദേശം അൻപതു രാജ്യങ്ങൾ കണ്ടു. മകൾ പ്രെഗ്നന്റ് ആണിപ്പോൾ. അവൾക്കെന്നെ ആവശ്യമുണ്ട്. അതുകൊണ്ട് യാത്ര അവസാനിപ്പിക്കുന്നു തത്കാലം. തിരിച്ചു പോകുന്നതിന് മുൻപായി ജനിച്ച നാട്ടിൽ വരണമെന്നൊരു തോന്നൽ. അങ്ങനെ വന്നു.“

അവർ ചിരി മായാതെ പറഞ്ഞു നിർത്തി.

അപ്പോഴേക്കും കുറച്ചു ദൂരം പോയിരുന്നു ബോട്ട്.

”ദാ നോക്കു നോക്കു “

സ്‌നേക്ക് കൈ കൊണ്ട് വെള്ളം മെല്ലെ ഇളക്കിക്കൊണ്ട് പറഞ്ഞു. കവര് മിന്നിക്കൊണ്ടേയിരുന്നു. കണ്ണെടുക്കാതെ ഞങ്ങൾ രണ്ടു പേരും അതു നോക്കി നിന്നു.

“ഞാൻ ഇവിടെ ജനിച്ചതാണെങ്കിലും ആദ്യമായിട്ടാണ് ഇതു കാണുന്നത്. ”

ഞാൻ അവരെ നോക്കിയൊന്ന് ചിരിക്കുക മാത്രം ചെയ്തു.

“പലതും വളരെ വൈകിയാണ് കണ്ടതും പഠിച്ചതും. രണ്ടു കൊല്ലം മുൻപാണ് നീന്താൻ പഠിച്ചത്. അതുവരെ വെള്ളം പേടിയായിരുന്നു. ജീവിതം എനിക്ക് വേണ്ടി ജീവിച്ച് തുടങ്ങിയത് വളരെ വൈകിയാണ്. ”

“നീന്താൻ ഇറങ്ങുന്നുണ്ടോ നിങ്ങൾ? ”

നൈലോൺ ടീ ഷർട്ടും ഷോർട്സുമൊക്കെ ഇട്ട് ഞാൻ നീന്താൻ റെഡി ആയിരുന്നു.

“ഞാനും വരട്ടെ? ” ജെയ്ൻ ചോദിച്ചു

“ഈ വേഷത്തിൽ നീന്താൻ ബുദ്ധിമുട്ടായിരിക്കില്ലേ? ” ഞാൻ ചോദിച്ചു

“ലൈഫ് ജാക്കറ്റ് ഇട്ട് പൊന്തിക്കിടക്കാല്ലോ ആകാശവും നോക്കി. ഇറങ്ങാനും കയറാനും ഗൗരി ഒന്ന് സഹായിച്ചാൽ മതി ”

“അത് ഞാൻ ഏറ്റു ”

ലൈഫ് ജാക്കറ്റ് ഇട്ട് ഏണി വഴി ബദ്ധപ്പെട്ടവർ വെള്ളത്തിലിറങ്ങി. ശേഷം എന്റെ കൈകൾ വിട്ടു. മെല്ലെ ഓളങ്ങളുടെ താളത്തിനനുസരിച്ച് അവർ നീങ്ങി. മലന്നു കിടന്ന് പൂർണചന്ദ്രനും നോക്കി അവരങ്ങനെ കിടന്നു. സംതൃപ്തയായ സന്തോഷവതിയായ ഒരു സ്ത്രീ! കവരിനുമപ്പുറം അന്ന് രാത്രി നിലാവത്തങ്ങനെ കടലിൽ ഒഴുകിനടന്ന ജെയ്നിനെ ആണ് തെളിമയോടെ ഞാൻ ഓർക്കുന്നത്.

3. രത്‌നാ ജി

നേപ്പാളിൽ നമ്മുടെ ഊബർ പോലെ പ്രചാരത്തിലുള്ള ഒരു ആപ്പ് ആണ് പഠാവോ. ഈ ആപ്പ് വഴി നമുക്ക് കാറും സ്കൂട്ടറുമൊക്കെ വിളിക്കാം. ഒറ്റയ്ക്കാണെങ്കിൽ സ്‌കൂട്ടർ ആണ് ലാഭം. ഈ സ്കൂട്ടർ ഓടിക്കുന്ന ആളെ പഠാവോ റൈഡർ എന്നാണ് വിളിക്കുന്നത്. അങ്ങനെ ഒരു വൈകുന്നേരം പഠാവോ വഴി ഒരു സ്കൂട്ടർ ഞാൻ ബുക്ക്‌ ചെയ്തു. മാപ്പിൽ നോക്കുമ്പോൾ നമ്മുടെ റൈഡർ ഒരേ റൗണ്ട് കുറേ നേരമായി കിടന്ന് കറങ്ങുകയാണ്. ഒടുവിൽ കാത്തുനിന്ന് മടുത്തു ഞാൻ റൈഡറെ വിളിച്ചു.

“ഹലോ!” അപ്പുറത്ത് നിന്നൊരു കിളിനാദം.

“നിങ്ങൾ എവിടെയാണ്! കുറേ നേരമായി ഒരേ സ്ഥലത്തു തന്നെ കിടന്ന് കറങ്ങുന്നു” ഞാൻ പറഞ്ഞു.

“എവിടെയാണ് ഞാൻ വരേണ്ടത്? ” മറുചോദ്യം!

“മാപ്പിൽ കാണിക്കുന്ന സ്ഥലത്ത് വരു ”

“ക്ഷമിക്കണം. എനിക്ക് മാപ്പ് നോക്കാൻ അറിയില്ല. ഏതെങ്കിലും അടുത്തുള്ള കട അടയാളം പറയുകയാണെങ്കിൽ ഞാൻ അങ്ങോട്ട് വരാം ”

ഈ കാലത്ത് മാപ്പ് നോക്കാൻ അറിയാത്തവരോ! എന്നൊന്ന് ഞാൻ ചിന്തിച്ചെങ്കിലും ഞാൻ മറുപടി പറഞ്ഞു

“നിങ്ങൾ നൈസ് മോമോസ് എന്നൊരു കടയുടെ മുന്നിൽ വരു. ഞാൻ അവിടെയുണ്ട് ”

“ദയവു ചെയ്ത് റൈഡ് ക്യാൻസൽ ചെയ്യല്ലേ! ഞാൻ ആരോടെങ്കിലും ചോദിച്ചു പറഞ്ഞു കണ്ടുപിടിച്ച് അവിടെയെത്താം. ”

അൽപനേരം കൂടെ കാത്തുനിന്നപ്പോഴേക്കും കക്ഷി ഇങ്ങെത്തി. കാലു വൃത്തിക്ക് നിലത്തു കുത്താൻ പറ്റാത്ത വിധത്തിൽ കുറിയൊരു സ്ത്രീ. പഠാവോ റൈഡർ എന്നൊക്കെ ആലോചിച്ചപ്പോൾ ഒരു ചെറുപ്പക്കാരിയെ പ്രതീക്ഷിച്ച ഞാൻ ആളെ കണ്ട് ഞെട്ടി. ഏകദേശം എന്റെ അമ്മയുടെ പ്രായം! ഹൃദ്യമായ ചിരി. പേര് രത്‌നാ. പ്രായത്തിൽ മൂത്തതായതുകൊണ്ട് തന്നെ ഞാൻ അവരെ പിന്നീട് രത്ന ജി എന്നാണ് സംബോധന ചെയ്തത്. ഹെൽമെറ്റിനൊപ്പം അവരുടെ ഫോൺ എന്നെ ഏൽപ്പിച്ചിട്ടു പറഞ്ഞു,

“മാപ്പ് നോക്കി എനിക്കൊന്ന് വഴി പറഞ്ഞു തരണം. രണ്ട് മാസമേ ആയുള്ളൂ ”

“ഈ ജോലിക്ക് കയറിയിട്ടോ? ”

“ജോലിയ്ക്ക് കയറിയിട്ടും ലൈസൻസ് എടുത്തിട്ടും ” അവർ കുലുങ്ങി കുലുങ്ങി ചിരിച്ചു. പറയാതെ വയ്യ, ആള് അസാധ്യ ക്യൂട്ട് ആണ് കാണാൻ! രണ്ടു മാസം മുൻപാണ് വണ്ടി ഓടിക്കാൻ പഠിച്ചതെന്ന് ആള് പറഞ്ഞെങ്കിലും ആ ചിരിയുടെ മുൻപിൽ ഞാൻ അങ്ങ് ഫ്ലാറ്റ് ആയി.

“പെട്ടെന്ന് പഠിക്കാൻ കാരണമെന്താ രത്ന ജി? ”

“ഞങ്ങൾ ഒരു ഗ്രാമത്തിലായിരുന്നു താമസം. ഇവിടുന്ന് ജീപ്പ് മാർഗം ഏകദേശം എട്ടു മണിക്കൂർ എടുക്കും. എനിക്കധികം പഠിപ്പൊന്നുമില്ല. മക്കളെയും ഭർത്താവിനെയും നോക്കി ചില്ലറ തയ്യലുമൊക്കെയായി ഇങ്ങനെ കഴിഞ്ഞു. മകന് ഇവിടെയാണ്‌ ജോലി. അവന്റെ കുഞ്ഞിനെ നോക്കാനാണ് രണ്ടു കൊല്ലം മുൻപ് ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നത്. കുഞ്ഞിനേയും കൊണ്ട് ഒരു ദിവസം നടക്കാൻ ഇറങ്ങിയപ്പോഴാണ് പെട്ടെന്നൊരു തോന്നൽ ഉണ്ടായത്. പണ്ട് തോട്ടെ എന്റെ മോഹമാണ് സ്കൂട്ടർ ഓടിക്കാൻ പഠിക്കണം എന്നത്. ഇന്ന് പഠിക്കാം നാളെ പഠിക്കാം എന്ന് കരുതി ഇത്ര കാലമായിട്ടും പഠിച്ചില്ല. പെട്ടെന്ന് തന്നെ ഒരു ഡ്രൈവിംഗ് സ്കൂൾ കണ്ടുപിടിച്ച് ഞാൻ അങ്ങ് പഠിച്ചെടുത്തു. കുഞ്ഞിനെ പ്ലേ സ്കൂളിൽ വിട്ടു തുടങ്ങിയപ്പോൾ മരുമകളാണ് ‘പഠാവോ’ ആപ്പിനെക്കുറിച്ച് പറഞ്ഞത്. മെല്ലെ എല്ലാം പഠിച്ചു വരുന്നേയുള്ളൂ. എങ്കിലും ഞാൻ സന്തോഷവതിയാണ് “

എനിയ്ക്ക് അവരോട് വല്ലാത്തൊരു ബഹുമാനം തോന്നി! ഈ പ്രായത്തിൽ അവരുടെ ജീവിതം അവർ 180 ഡിഗ്രി തിരിക്കാൻ കാണിച്ച ആ മനസ്സ്! മുപ്പത്തുകളിൽ തന്നെ പലതും ചെയ്യാൻ വൈകിപ്പോയി എന്നു പറഞ്ഞു പതം പെരുക്കുന്ന എന്നെ കണ്ണുതുറപ്പിച്ച ഒരു കൂടിക്കാഴ്ച ആയിരുന്നു അത്!

ഇനിയുമുണ്ട് ഒരുപാടു പെൺമുഖങ്ങൾ, ജീവിതങ്ങൾ. ലവീന ബീച്ചിൽ തെന്നിയടിച്ചു വീണ മുട്ടുപൊട്ടിയ എന്നെ സ്വന്തം ഉടുപ്പ് കീറി മുറിവ് കെട്ടിയ റഷ്യക്കാരി കാറ്റലീന, ഒരു സായാഹ്നം കണ്ട പരിചയത്തിന്റെ പുറത്ത് മാസും ഇട്ടുപന്തുമൊക്കെ ഉണ്ടാക്കി എന്നെ സൽക്കരിച്ച ലക്ഷദ്വീപുകാരി സൈനുതാത്ത, ഒരു വൈകുന്നേരം മുഴുവൻ ഇരുന്നു വിശേഷം പറഞ്ഞ പാലക്കാട്ടുകാരി രുക്മിണിയമ്മ, അച്ഛനെ ഓർത്ത് ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞപ്പോൾ ചായാൻ ഒരു തോളു തന്ന ഗോവക്കാരി റേച്ചൽ അങ്ങനെ എത്രയെത്ര മുഖങ്ങൾ.

വാല്മീകി രാമായണത്തിൽ പറയുന്ന ഒരു വാക്യമുണ്ട് “അഹോ! നാരി ഭാഗ്യവതി! ” ഇതിന് പലകാലങ്ങളിൽ പല സന്ദർഭങ്ങളിൽ പല വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരമമായ അർത്ഥം ഒന്നേയുള്ളു “സ്ത്രീ എത്ര ഭാഗ്യവതി! ” എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇത് സത്യമാണ്. സ്ത്രീ ആയതിന്റെ പേരിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ശരിയാണ്. പക്ഷെ സ്വയം അമ്പരപ്പിക്കാനും പലവട്ടം ഉടച്ചുവാർക്കാനും പല സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ചെറുത്തുനിൽക്കാനും ഒരു സ്ത്രീയോളം കഴിവ് പുരുഷനുണ്ടോ? സംശയമാണ്.

PREV
Read more Articles on
click me!

Recommended Stories

International womens day 2026: പച്ചപ്പിനെ തേടിയൊരു യാത്ര; ഒപ്പം നിങ്ങളെയും!
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: നാടിന്റെ അഭിമാനമായി മാറുന്ന പെണ്ണുങ്ങൾക്ക് സ്നേഹ സന്ദേശങ്ങൾ അയക്കാം