ഇന്ത്യന്‍ റേപ്പിസ്റ്റുകളുടെ മനസ്സിലെന്ത്? 100 തടവുകാരെ കണ്ട ഗവേഷകയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published Dec 7, 2019, 3:31 PM IST
Highlights

'സ്ത്രീസുരക്ഷ' എന്ന വാക്കിനെ കുറിച്ച് പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തയിടമായി മാറിയിരിക്കുകയാണ് രാജ്യം. ഉന്നാവിൽ ഇത് രണ്ടാം തവണയാണ് നീതി തേടിയെത്തിയ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. 

'സ്ത്രീസുരക്ഷ' എന്ന വാക്കിനെ കുറിച്ച് പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തയിടമായി മാറിയിരിക്കുകയാണ് രാജ്യം. ഉന്നാവിൽ ഇത് രണ്ടാം തവണയാണ് നീതി തേടിയെത്തിയ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. ആദ്യ ഉന്നാവ പെൺകുട്ടിയെ വാഹനമിടിച്ച് വകവരുത്താൻ ശ്രമിച്ചപ്പോൾ രണ്ടാമത്തെ പെൺകുട്ടിയെ തീവച്ച് കൊലപ്പെടുത്തി.  

കഴിഞ്ഞാഴ്ച ഹൈദരാബാദിൽ ഇരുപത്തേഴുകാരിയായ ഒരു  വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പച്ചക്ക് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതെല്ലാം നടന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ് എന്നതാണ് ഏറെ വേദനജനകം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  ബലാത്സംഗ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ മനോഗതങ്ങളിലൂടെ ഒരു അ​ന്വേഷണ യാത്ര ലക്ഷ്യമിട്ടിറങ്ങിയ ഗവേഷകയായ  മധുമിത പാണ്ഡേയുടെ അനുഭവമാണ് ഓര്‍മ്മ വരുന്നത്. 

"അവളെ ഇനി ആരും വിവാഹം കഴിക്കില്ല, അതുകൊണ്ട് ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ആ കുട്ടിയെ ഞാന്‍ വിവാഹം കഴിക്കാം"- പീഡനകേസില്‍ ജയലില്‍ കഴിയുന്ന തടവുകാരന്‍റെ വാക്കുകള്‍ കേട്ട് മധുമിത പാണ്ഡേ എന്ന ഗവേഷക ഞെട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരത്തിലുളള ഞട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുകളിലൂടെയാണ്  മധുമിത എന്ന യുവഗവേഷകയുടെ സഞ്ചാരം. ബലാത്സംഗ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ മനോഗതങ്ങളിലൂടെ ഒരു അ​ന്വേഷണ യാത്ര ലക്ഷ്യമിട്ടിറങ്ങിയ  മധുമിത  കണ്ടും കേട്ടുമറിഞ്ഞ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ്. അമേരിക്കയിലെ പ്രശസ്​തമായ അംഗ്ലിയ റസ്​കിൻ സർവകലാശാലയിലെ ക്രിമിനോളജി ഗവേഷകയായ മധുമിത തന്‍റെ പഠനത്തിന്‍റെ ഭാഗമായി സമീപിച്ചത്​ 100 കുറ്റവാളികളെയായിരുന്നു. 

ഇന്ത്യയിൽ സ്​ത്രീ സുരക്ഷക്ക്​ മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർന്ന ‘നിർഭയ’ കേസാണ്​ ഗവേഷണം ആ വഴിക്ക്​ തിരിച്ചുവിടാൻ ഗവേഷകയെ പ്രേരിപ്പിച്ചത്​. 2013ൽ രാജ്യമൊന്നടങ്കം ഒരു നിർഭയ പ്രക്ഷോഭം ഏറ്റെടുത്തപ്പോൾ മധുമിതക്ക്​ മുന്നിൽ അതിൽ കവിഞ്ഞ വിഷയങ്ങൾ ഒന്നുമില്ലായിരുന്നു. മനുഷ്യന്​ ചെയ്യാൻ സാധിക്കുമെന്ന്​ വിശ്വസിക്കാനാവാത്ത ക്രൂരകൃത്യം എങ്ങനെ ഈ കുറ്റവാളികൾ ചെയ്യുന്നുവെന്നതാണ്​ ഗവേഷകയിൽ ആദ്യം ഉയർന്ന ചോദ്യങ്ങളിൽ ഒന്ന്​. തീരെ സ്ത്രീ സൗഹൃദമല്ലാത്ത രാജ്യമായി ജി20 രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ മാറിയതും നിർഭയ കേസി​ന്‍റെ കാലഘട്ടത്തിലായിരുന്നു.

സ്​ത്രീപീഡനങ്ങളുടെ ലോകതലസ്​ഥാനം എന്ന രീതിയിലേക്ക്​ വളരുന്ന ഇന്ത്യയെ ആണ്​ 2015ലെ നാഷനൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോയുടെ കണക്കുകളിൽ കാണാൻ കഴിയുന്നത്​. ആ വര്‍ഷം 34,651 സ്​ത്രീകൾ  രാജ്യത്ത്​ ബലാത്സംഗത്തിന്​ ഇരയായി. കൊടുംകുറ്റവാളികളുടെ സാന്നിധ്യത്താൽ കുപ്രസിദ്ധമായ തീഹാർ ജയിലിലേക്ക്​ മധുമിത കയറിച്ചെല്ലു​​മ്പോള്‍ പ്രായം 22. സ്​ത്രീത്വത്തെ പിച്ചിച്ചീന്തിയതിന്​ അഴിക്കുള്ളിലായവർ പറയുന്നതും അവരുടെ മാനസികാവസ്​ഥയും വായിച്ചെടുക്കാൻ പര്യാപ്​തമായ കൂടിക്കാഴ്​ചയായിരുന്നു ലക്ഷ്യം. 

മൂന്ന്​ വർഷം കൊണ്ട്​ നൂറിലധികം പ്രതികളുമായി സംസാരിച്ചു. ഭൂരിഭാഗം പേരും  വിദ്യാഭ്യാസം  ഇല്ലാത്തവർ ആയിരുന്നു. ചിലർ മൂന്നിലോ നാലിലോ പഠനം നിർത്തിയവർ.  സാധാരണക്കാരായ ഈ കുറ്റവാളികൾ പക്ഷെ ചെകുത്താൻമാരാണെന്നാണ്​ മധുമിത പറയുന്നത്​. അവർ ചെയ്​തുകൂട്ടിയത്​ ഒട്ടേറെ ചിന്തിക്കാനുള്ളതാണ്​. പതിവ്​ സ്​ത്രീ വിരുദ്ധ വർത്തമാനങ്ങൾ തന്നെയാണ്​ ഈ കുറ്റവാളികളിൽ ചിലർ  ആവർത്തിക്കുന്നത്​. ചെയ്​ത കുറ്റംപോലും മറന്ന്​ സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള വ്യ​ഗ്രതയും സാമർഥ്യവും അവരിൽ മധുമിത കണ്ടു. എന്തിനാണ്​ ബലാത്സംഗം ചെയ്​തത്​ എന്ന്​ പോലും ഇവർക്ക്​ അറിയില്ല. സ്​ത്രീയുടെ ‘സമ്മതം’ ‘അനുമതി’ എന്നിവയൊന്നും അവർക്ക്​ അറിയില്ലെന്നാണ്​ ഗവേഷക പറയുന്നത്​.

ബലാത്സംഗം ചെയ്തെന്ന് പോലും സമ്മതിക്കാന്‍ ഇവരിൽ പലരും തയാറാല്ല. മൂന്നോ നാലോ പേർക്ക്​  പശ്ചാത്താപമുള്ളത്​. ബാക്കിയുള്ളവർ സ്വയം ന്യായീകരിക്കാനോ, തെറ്റല്ലെന്ന് വരുത്തി തീര്‍ക്കാനോ, കുറ്റം ഇരയുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള വഴികളോ തേടുന്നവരാണ്​. ഇത്​ ചൂണ്ടിക്കാട്ടാനായി അഞ്ച് വയസുള്ള കുട്ടിയെ പീഡിപ്പിച്ചയാളുമായുള്ള അഭിമുഖം മധുമതി എടുത്ത്​ ഉദ്ദരിക്കുന്നുണ്ട്​. 

തെറ്റ് മനസിലായെന്നും അതില്‍ പശ്ചാത്തപമുണ്ടെന്നും അയാള്‍ പറയുന്നു. താന്‍ അവളുടെ ജീവിതം നശിപ്പിച്ചു. അവളെ ആരും വിവാഹം കഴിക്കില്ല, അത് കൊണ്ട് ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ആ കുട്ടിയെ താന്‍ വിവാഹം കഴിക്കാമെന്നാണ് അയാള്‍ പറയുന്നത്.ഈ പ്രതികരണം തന്നെ ഞെട്ടിച്ചെന്ന്​ മധുമിത പറയുന്നു. ഇതിന്​  ശേഷം ആ അഞ്ച് വയസുകാരിയെ കാണാന്‍ ഗവേഷക പോയി. പീഡിപ്പിച്ചയാള്‍ ജയിലിലാണെന്ന് പോലും ഇത് വരെയും മാതാപിതാക്കള്‍ കുട്ടിയെ അറിയിച്ചിട്ടില്ല.

ഇന്ത്യയിലെ കുടുംബ വ്യവസ്​ഥയിൽ സ്​ത്രീകൾ സാ​മ്പ്രദായികമായ ​രീതികളിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പല സ്​ത്രീകളും ഭർത്താക്കൻമാരുടെ പേര്​ പോലും പറയാൻ ധൈര്യപ്പെടുന്നില്ല. ചില സുഹൃത്തുക്കളെ വിളിച്ച്​ ഇക്കാര്യം അന്വേഷിച്ചതായും മധുമിത പറയുന്നു. അമ്മ, ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്നായിരുന്നു അന്വേഷിച്ചത്​. ‘കുട്ടികളുടെ അച്ഛനെന്നോ’, ‘കേള്‍ക്കൂ’ എന്നെക്കൊയാണ് ഭര്‍ത്താവിനെ ഇവർ അഭിസംബോധന ചെയ്യുന്നത്.

പുരുഷത്വം എന്നാല്‍ അധികാരവും, സ്ത്രീതത്വം എന്നാല്‍ വിധേയത്വവും ആണ്,  ഒട്ടുമിക്ക കുടുംബങ്ങളിലെയും ചിത്രം ഏറെക്കുറെ സമാനം, മധുമിത പറയുന്നു. ചെറുപ്പക്കാരെ വഴി തെറ്റിക്കുമെന്നും ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കുമെന്നും പറഞ്ഞ്​  ലൈംഗിക പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ പോലും ഭരണകൂടം തയാറാകുന്നില്ല. ലൈംഗികാവയവങ്ങളുടെ പേരോ, ലൈംഗികത എന്നോ പറയാന്‍ പോലും മാതാപിതാക്കള്‍ മടിക്കുന്നു. ഇത് മറികടക്കാനായില്ലെങ്കില്‍ പിന്നെ എങ്ങനെ ആണ്‍കുട്ടികളെ പഠിപ്പിക്കുമെനാണ്​ മധുമിതയുടെ ചോദ്യം.
 

click me!