'ബാഹ്യ സൗന്ദര്യമല്ല, ആത്മവിശ്വാസമാണ് വേണ്ടത്'; മിസ് ഇന്ത്യ വേള്‍ഡ് വൈഡ് സെക്കന്റ് റണ്ണറപ്പ് സുകന്യ പറയുന്നു

Published : Sep 15, 2023, 07:17 PM ISTUpdated : Sep 15, 2023, 07:23 PM IST
'ബാഹ്യ സൗന്ദര്യമല്ല, ആത്മവിശ്വാസമാണ് വേണ്ടത്'; മിസ് ഇന്ത്യ വേള്‍ഡ് വൈഡ് സെക്കന്റ് റണ്ണറപ്പ്  സുകന്യ പറയുന്നു

Synopsis

2016ലെ മിസ് ഇന്ത്യ യു.എ.ഇ ആണ് സുകന്യ. 2014ല്‍ നടന്ന മിസ് കേരളയില്‍ മിസ് ഫോട്ടോജനിക്കായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

'എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട്. ബാഹ്യ സൗന്ദര്യമല്ല, ആത്മവിശ്വാസം ആണ് വേണ്ടത്'- മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2023  സെക്കന്റ് റണ്ണര്‍ അപ്പും മലയാളിയുമായ സുകന്യ സുധാകരന്‍ പറയുന്നു. യു.എ.ഇയെ പ്രതിനിധീകരിച്ചാണ് പൂനെയില്‍ നടന്ന മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2023 മല്‍സരത്തില്‍ സുകന്യ പങ്കെടുത്ത്, സെക്കന്‍റ് റണ്ണര്‍ അപ്പ് ആയി തെരഞ്ഞടുത്തത്. മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍ ആയും സുകന്യയെ തിരഞ്ഞെടുക്കപ്പെട്ടു. 

അബുദാബിയില്‍ ജനിച്ചു വളര്‍ന്ന 29കാരിയായ സുകന്യക്ക് മോഡലിംങ് ഏറെ ഇഷ്ടമായിരുന്നു. ധാരാളം ഫോട്ടോഷൂട്ടുകള്‍ ചെയ്യുമായിരുന്നു. പല ഫാഷന്‍ ഡിസൈര്‍മാര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുമുണ്ട്. ഡാന്‍സറും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് സുകന്യ. അഭിനയിക്കാനും നല്ല സിനിമകളുടെ ഭാഗമാകണമെന്നും ആഗ്രഹമുണ്ട്.  16-ാം വയസിലാണ് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നിയത്. 2016ലെ മിസ് ഇന്ത്യ യു.എ.ഇ ആണ് സുകന്യ. 2014-ല്‍ നടന്ന മിസ് കേരളയില്‍ മിസ് ഫോട്ടോജനിക്കായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2023 മത്സരം ഏറെ പ്രിയപ്പെട്ടതാണെന്ന് സുകന്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മത്സരത്തിലെ എല്ലാ ഘട്ടങ്ങളും ഏറെ ആസ്വദിച്ച നിമിഷങ്ങളായിരുന്നു. 'പ്രധാനമന്ത്രിക്കൊപ്പമോ പ്രസിഡന്‍റിനൊപ്പമോ ഉള്ള ഡിന്നര്‍ ആയിരിക്കുമോ അതോ ഒരു സെലിബ്രിറ്റിക്കൊപ്പമുള്ള ഡിന്നര്‍ ആയിരിക്കുമോ തെരഞ്ഞെടുക്കുക' എന്ന ചോദ്യം ഏറെ ഇഷ്ടപ്പെട്ടുവെന്നും സുകന്യ പറയുന്നു. പ്രധാനമന്ത്രിക്കൊപ്പമോ പ്രസിഡന്‍റിനൊപ്പമോ ഉള്ള ഡിന്നര്‍ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന് മറുപടിയും നല്‍കി. അങ്ങനെയൊരു അപൂര്‍വ അവസരം ലഭിച്ചാല്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നും രാജ്യത്തിന്‍റെ ഏറ്റവും ഉന്നത പതവി അലങ്കരിക്കുന്ന അവരുടെ അനുഭവങ്ങള്‍ അറിയാനും കേള്‍ക്കാനും ആഗ്രഹമുണ്ടെന്നുമായിരുന്നു സുകന്യയുടെ മറുപടി. 

മത്സരത്തിന്‍റെ പരിശീലനങ്ങള്‍ എല്ലാം നല്ലതായിരുന്നുവെന്നും അതിന്‍റെ ഭാഗമായി പ്രമുഖ സെലിബ്രിറ്റി ട്രെയ്നര്‍മാര്‍ എത്തി ഗ്രൂമിങ് ചെയ്യാറുണ്ടായിരുന്നെന്നും സുകന്യ പറയുന്നു. എങ്ങനെ ആത്മവിശ്വാസത്തോടെ സ്റ്റേജില്‍ നടക്കണം, ഫോട്ടോയ്ക്ക് പോസ് ചെയ്യണം, സംസാരിക്കണം തുടങ്ങിയ കാര്യങ്ങള്‍ വരെ അവര്‍ പറഞ്ഞുതരാറുണ്ടായിരുന്നു. ഡയറ്റും യോഗയും വര്‍ക്കൗട്ടുമൊക്കെ ചെയ്യാറുണ്ടായിരുന്നു എന്നും സുകന്യ കൂട്ടിച്ചേര്‍ത്തു.  'ഞാന്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും കഴിക്കാറില്ല. ദിവസവും പതിവായി വര്‍ക്കൗട്ടും ചെയ്യും. യോഗയും ചെയ്യാറുണ്ട്. ഇതെല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പിന്നെ നമ്മുടെ ആത്മവിശ്വാസം ആണ് നമ്മുടെ സൗന്ദര്യം. എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട്. ബാഹ്യ സൗന്ദര്യത്തില്‍ അല്ല, മറിച്ച് നമ്മുടെ ആത്മവിശ്വാസവും അറിവും വ്യക്തിത്വവുമാണ് യഥാര്‍ത്ഥ സൗന്ദര്യം'- സുകന്യ പറയുന്നു.  

 

സൗന്ദര്യ മത്സരങ്ങളില്‍ വിജയമോ പരാജയമോ ഇല്ല. ഇതെല്ലാം ഒരു അനുഭവമാണ്. പല സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളെ കാണാനും പരിചയപ്പെടാനും, അവരില്‍ നിന്നും പലതും പഠിക്കാനും കിട്ടുന്ന ഒരു അവസരമാണിത്. വളരെ ചെറുപ്പത്തിൽ തന്നെ ദേശീയ കിരീടം നേടിയ 2000ലെ ലോകസുന്ദരിയായ പ്രിയങ്ക ചോപ്രയാണ് തന്‍റെ റോള്‍ മോഡല്‍. ദേശീയ അന്തർദേശീയ തലത്തിൽ ഇന്ത്യയെ അഭിമാനം കൊള്ളിച്ച പ്രിയങ്ക ചോപ്ര എന്നെ ഏറെ പ്രചോദിപ്പിച്ചുട്ടുണ്ടെന്നും സുകന്യ പറയുന്നു. കുട്ടികളുടെ വിദ്യഭ്യാസ ചിലവിനായി പണം കണ്ടെത്തുന്ന ചാരിറ്റി സംഘടനകളോടൊപ്പം താന്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും അവരുടെ പരിപാടികളില്‍ നൃത്തം ചെയ്യാറുണ്ടെന്നും സുകന്യ കൂട്ടിച്ചേര്‍ത്തു.   

എം.ബി.എ ബിരുദധാരിയായ സുകന്യ മോഡലും, ഡാന്‍സറും, തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ആണ്. അബുദാബിയില്‍ ജനിച്ചു വളര്‍ന്ന സുകന്യ മലപ്പുറം സ്വദേശികളായ സുധാകരന്‍ അനിത ദമ്പതികളുടെ മകള്‍ ആണ്.

Also read: ഇതാരാ, ആലിയ തന്നെയാണോ? പുത്തന്‍ ചിത്രങ്ങള്‍ക്ക് ട്രോൾ...

youtubevideo


 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ