സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി ന്യൂസിലാന്‍ഡ്

Web Desk   | others
Published : Jun 04, 2020, 10:16 PM ISTUpdated : Jun 04, 2020, 11:21 PM IST
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി ന്യൂസിലാന്‍ഡ്

Synopsis

സാനിറ്ററി പാഡ് ആഡംബര വസ്തുവാകുന്ന സാഹചര്യമൊഴിവാകണമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. യുവ തലമുറയ്ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു

വെല്ലിംഗ്ടണ്‍: ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി ന്യൂസിലാന്‍ഡ്. പാഡ് വാങ്ങാന്‍ സാധിക്കാതെ വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ വരാതിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിശദമാക്കി. സാനിറ്ററി പാഡ് ആഡംബര വസ്തുവാകുന്ന സാഹചര്യമൊഴിവാകണമെന്നും ജസീന്ത പറഞ്ഞു.

ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന തീരുമാനത്തില്‍  നിലവില്‍ വിവിധ മേഖലകളിലെ 15 സ്കൂളുകളിലാണ് ഈ സംവിധാനം ലഭിക്കുക. രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ഒന്‍പതിനും 18നും ഇടയില്‍ പ്രായമുള്ള 95000 പെണ്‍കുട്ടികള്‍ ആര്‍ത്തവ ദിനങ്ങളില്‍ വീടുകളില്‍ തുടരേണ്ടി വരുന്നുണ്ട്. സാനിറ്ററി പാഡ് ലഭ്യമാകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനെ തുടര്‍ന്നാണ് അവര്‍ക്ക് വീടുകളില്‍ തുടരേണ്ടി വരുന്നത്. ഈ യുവ തലമുറയ്ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ലെന്നും ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.  

2019ല്‍ ന്യൂസിലന്‍ഡില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ 13നും 17നും ഇടയില്‍ പ്രായമുള്ള 12 പേരില്‍ ഒരാള്‍ എന്ന നിലയില്‍ ആര്‍ത്തവദിവസങ്ങളില്‍ സ്കൂളില്‍ എത്തുന്നില്ലെന്നാണ് കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവരാണ് അഭിനന്ദനവുമായി എത്തുന്നത്. സ്കോട്‍ലാൻഡ് ആണ് എല്ലാ സ്ത്രീകൾക്കും സാനിറ്ററി പാഡുകള്‍ സൗജന്യമായി നൽകാൻ തീരുമാനിച്ച ആദ്യ രാജ്യം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശ്രദ്ധേയമായ ഈ തീരുമാനം. 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ