രാജ്യത്തുടനീളം വനിതകൾ മാത്രം നിയന്ത്രിക്കുന്ന 26 ബ്രാഞ്ചുകളാണ് ഉള്ളത്.
ബാങ്കിംഗ് മേഖലയിൽ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്. 2026ലെ വനിതാദിന പ്രമേയമായ 'ഗിവ് ടു ഗെയിൻ' (Give To Gain) എന്ന ആശയത്തെ മുൻനിർത്തി, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും നേതൃപാടവത്തിലും വലിയ മുന്നേറ്റമാണ് ബാങ്ക് നടത്തുന്നത്. ബാങ്കിലെ 9,216 ജീവനക്കാരിൽ 4,250 പേരും വനിതകളാണ്. അതായത് ആകെ തൊഴിൽ സേനയുടെ 46.09 ശതമാനവും സ്ത്രീകളാണ്.
ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വനിതാ പങ്കാളിത്തത്തിന്റെ ശരാശരി നിരക്ക് ഏകദേശം 25-30 ശതമാനമായിരിക്കെ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 46.09 ശതമാനമെന്ന നേട്ടം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്. കേവലം പ്രാതിനിധ്യത്തിൽ ഒതുങ്ങാതെ, നേതൃനിരയിലേക്കും സ്ത്രീകൾ കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ ബാങ്കിന്റെ ഉയർന്ന തസ്തികകളിലും (സീനിയർ ജനറൽ മാനേജർമാർ) 30 ശതമാനത്തോളം വനിതകളാണ്.
വനിതാ ദിനം വെറുമൊരു ഏകദിന ആഘോഷമല്ല, മറിച്ച് സ്ത്രീ ശാക്തീകരണത്തിലേക്കും സമത്വത്തിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ് എന്ന തിരിച്ചറിവോടെയാണ് ബാങ്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ട് പുറത്തിറക്കിയ 'എസ്ഐബി ഹെര്‍ അക്കൗണ്ട്' ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുൻഗണനാടിസ്ഥാനത്തിലുള്ള പലിശ നിരക്കുകൾ, ക്യാൻസർ കെയർ പോളിസി ഉൾപ്പെടെയുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ, ജീവിതശൈലീ ആനുകൂല്യങ്ങൾ, സാമ്പത്തിക സാക്ഷരതാ പരിപാടികൾ എന്നിവയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യവും സമഗ്രമായ റിസ്ക് പരിരക്ഷയും ഉൾപ്പെടുന്ന പ്രീമിയം ബാങ്കിംഗ് സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്.
വിപുലമായ 'ഹെര്‍ ഇക്കോസിസ്റ്റം', ആസ്തി ഉടമസ്ഥതയിലൂടെയും സംരംഭകത്വത്തിലൂടെയും ഘടനാപരമായ ശാക്തീകരണത്തിന് വഴിയൊരുക്കുന്നു. 'ഹെർ ഹെവൻ' ഹോം ലോൺ ഓഫർ സ്ത്രീകളുടെ പേരിൽ സ്വത്ത് വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ദീർഘകാല ആസ്തി നിർമ്മാണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 'ഹെർ പവർ' കുറഞ്ഞ പലിശ നിരക്കിലൂടെയും, ഏകദിന വായ്പാനുമതിയിലൂടെയും വനിതാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. ഹെർ ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള 'ഹെർ മൈൽസ്റ്റോൺ റിവാർഡ്‌സ്' ഇടപാടുകളുടെ മൂല്യവും ഉപഭോക്തൃ പങ്കാളിത്തവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
"സൗത്ത് ഇന്ത്യൻ ബാങ്കിൽ, വൈവിധ്യം എന്നത് വെറുമൊരു കണക്കല്ല, മറിച്ച് ഞങ്ങളുടെ കരുത്താണ്. ഞങ്ങളുടെ ജീവനക്കാരിൽ 46 ശതമാനത്തിലധികം സ്ത്രീകളാണ്, അവർ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, 174 സ്ത്രീകൾ ബ്രാഞ്ച് മേധാവികളായി സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ, ബാങ്കിന്റെ വിവിധ ഉന്നത മാനേജ്‌മെന്റ് തസ്തികകളിലും ശ്രദ്ധേയമായ വനിതാ സാന്നിധ്യമുണ്ട്. അവരുടെ വ്യക്തിപരവും ഔദ്യോഗികവുമായ വളർച്ചയെ പിന്തുണയ്ക്കുന്നതിനും കൂടുതൽ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരാൻ സാഹചര്യം ഒരുക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 26 വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബ്രാഞ്ചുകളും ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ നേതൃത്വം നൽകാൻ കഴിയുന്ന ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിലാണ് സ്ഥാപനം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി പറഞ്ഞു.


