
തിരുവനന്തപുരം: ടൂറിസം മേഖലയിൽ നെടുമങ്ങാട് മണ്ഡലത്തിൽ മൂന്ന് വമ്പൻ പദ്ധതികൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. ടെക്നോ സിറ്റിയിലെയും വെള്ളാണിക്കൽ പാറയിലെയും ടൂറിസം പദ്ധതികളും നെടുമങ്ങാട് ഹാപ്പിനസ് പാർക്കും മണ്ഡലത്തിലെ മുഖച്ഛായ മാറ്റുമെന്നും സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന പദ്ധതികളാണ് ഇവയെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിലും നെടുമങ്ങാട് വികസനത്തിൻ്റെ പാതയിലാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് ആശുപത്രിയിൽ ആറ് നിലകളുള്ള പുതിയ കെട്ടിടത്തിൻ്റെ ടെൻഡർ നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയകടയിൽ നിന്ന് പഴകുറ്റി വരെ 9.5 കി.മി റോഡിനായി 1,185 കോടി രൂപ കൈമാറിയതായി മന്ത്രി അറിയിച്ചു. ടൂറിസം മേഖലയിൽ 100 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ഓണോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിമാർ സംസാരിച്ചത്.