ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്; പ്രദേശവാസികൾ ആശങ്കയിൽ

Published : Aug 22, 2025, 03:20 PM IST
Illikkal Kallu

Synopsis

ദുരന്ത നിവാരണ അതോറിറ്റിയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സംയുക്തമായി ഇവിടെ അടിയന്തര പരിശോധന നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്. 

കോട്ടയം: കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ല്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായ ഇല്ലിക്കൽ കല്ലിലേയ്ക്ക് ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് എത്താറുള്ളത്. എന്നാൽ, ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ ദൃശ്യമായെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രദേശവാസികൾ ഉൾപ്പെടെ ആശങ്കയിലായിരിക്കുകയാണ്.

മൂന്നിലാവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലെ കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ കണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സംയുക്തമായി ഇവിടെ അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരിശോധനയുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. ചെറിയ ഭൂചലനങ്ങളോ പ്രകൃതിക്ഷോഭങ്ങളോ പോലും മേലടുക്കം, പഴുക്കാക്കാനം, മങ്കൊമ്പ് മേഖലകളിൽ വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇല്ലിക്കൽ കല്ലിന് സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ വർഷങ്ങളായി തുടരുന്ന സ്ഫോടനങ്ങളാകാം വിള്ളലിന് കാരണമാകുന്നതെന്ന അഭിപ്രായവും പ്രദേശവാസികളിൽ നിന്ന് ഉയരുന്നുണ്ട്. അതേസമയം, വിള്ളലുകളുടെ കാര്യം സ്ഥിരീകരിച്ച മൂന്നിലാവ് പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക് ഇവ നേരത്തെയും ഉണ്ടായിരുന്നതാണെന്നും പ്രദേശത്ത് ഒരു ഗ്രാനൈറ്റ് ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ പോകുന്ന സമയത്താണ് ഈ പ്രശ്നം വീണ്ടും ഉയർന്നുവരുന്നതെന്നും ചൂണ്ടിക്കാട്ടി. കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരമെങ്കിലും ഇപ്പോഴും ജനവാസമില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും, പഞ്ചായത്ത് ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ