ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക: ഈ മാറ്റം അറിഞ്ഞോ?

Published : Oct 29, 2026, 03:55 PM IST
Australia

Synopsis

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർക്ക് പുതിയ ബയോമെട്രിക് നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നു. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ വിരലടയാളവും മുഖത്തിന്റെ ചിത്രവും നൽകേണ്ടിവരും. ഓസ്‌ട്രേലിയൻ ഇമ്മി ആപ്പ് വഴിയോ നേരിട്ടോ ഈ വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഇന്ത്യക്കാർക്ക് വിസ അപേക്ഷയുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പ്. ഇന്ത്യയുൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിൽ നിന്നുള്ള ചില വിസ അപേക്ഷകർക്ക് വിരലടയാളവും മുഖത്തിന്റെ ചിത്രവും നൽകേണ്ടിവരും. 2026 ഒക്ടോബർ 26 മുതൽ പുതിയ ബയോമെട്രിക് നിബന്ധനകൾ പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്.

എന്നാൽ എല്ലാ അപേക്ഷകർക്കും ഈ നിബന്ധന നിർബന്ധമല്ല. അപേക്ഷകന്റെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും ബയോമെട്രിക് വിവരങ്ങൾ ആവശ്യപ്പെടുക. വിവരങ്ങൾ നൽകേണ്ടവർക്ക് ഓസ്‌ട്രേലിയൻ ആഭ്യന്തരകാര്യ വകുപ്പ് (Department of Home Affairs) ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകും. ഒക്ടോബർ 26 മുതൽ സമർപ്പിക്കുന്ന പുതിയ വിസ അപേക്ഷകൾക്കാണ് പുതുക്കിയ നിബന്ധനകൾ ബാധകമാകുക. അതിന് മുമ്പ് സമർപ്പിച്ച അപേക്ഷകളെ പുതിയ മാറ്റം ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വിരലടയാളവും മുഖത്തിന്റെ ചിത്രവും നൽകണം

ബയോമെട്രിക് വിവരങ്ങൾ നൽകാൻ നിർദേശം ലഭിക്കുന്ന അപേക്ഷകർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നിർദേശങ്ങളും ലഭിക്കും. അപേക്ഷകന്റെ സാഹചര്യവും യോഗ്യതയും അനുസരിച്ച് ഓസ്‌ട്രേലിയൻ ബയോമെട്രിക്‌സ് കളക്ഷൻ സെന്ററിൽ നേരിട്ടെത്തിയോ ഓസ്‌ട്രേലിയൻ ഇമ്മി ആപ്പ് (Australian Immi App) ഉപയോഗിച്ചോ വിവരങ്ങൾ സമർപ്പിക്കാം.

നേരത്തേ ബയോമെട്രിക് വിവരങ്ങൾ കേന്ദ്രത്തിൽ നൽകിയിട്ടുള്ളവർക്കും സാധുവായ പാസ്‌പോർട്ടുള്ളവർക്കും ചില സാഹചര്യങ്ങളിൽ ആപ്പ് ഉപയോഗിക്കാനാകും. യോഗ്യതയുള്ളവർക്ക് അധിക ഫീസ് നൽകാതെ ആപ്പ് വഴി നടപടികൾ പൂർത്തിയാക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിസ നടപടികൾ വൈകുമോ?

പുതിയ ബയോമെട്രിക് നിബന്ധനകൾ വന്നതോടെ വിസ നടപടികൾക്കെടുക്കുന്ന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. എങ്കിലും ബയോമെട്രിക് വിവരങ്ങൾ നൽകാൻ നിർദേശം ലഭിക്കുന്നവർ നടപടികൾ വൈകാതെ പൂർത്തിയാക്കണം.

ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നവർ വിസ അപേക്ഷ സമർപ്പിച്ചശേഷം ആഭ്യന്തരകാര്യ വകുപ്പിൽനിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണം. വിമാന ടിക്കറ്റുകളും മറ്റ് യാത്രാ ക്രമീകരണങ്ങളും അന്തിമമാക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം അനുവദിക്കുന്നതും ഉചിതമാണ്.

സ്വകാര്യത ഉറപ്പാക്കുമെന്ന് അധികൃതർ

അപേക്ഷകരിൽനിന്ന് ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ ഓസ്‌ട്രേലിയയിലെ ബാധകമായ നിയമങ്ങൾക്കും പ്രാദേശിക നിയമവ്യവസ്ഥകൾക്കും അനുസൃതമായി ശേഖരിക്കുകയും സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉണ്ടായിരിക്കും.

ഇന്ത്യയിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് വിനോദയാത്രയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമായും ശ്രദ്ധിക്കേണ്ടത് വിസ അപേക്ഷയ്ക്ക് ശേഷം ലഭിക്കുന്ന അറിയിപ്പുകളാണ്. ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ടോ എന്നും അവ സമർപ്പിക്കേണ്ട രീതി എന്താണെന്നും ഔദ്യോഗിക നിർദേശങ്ങളിലൂടെ ഉറപ്പാക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷന്റെയും ഓസ്‌ട്രേലിയൻ ആഭ്യന്തരകാര്യ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കാം.

PREV
Read more Articles on
click me!

Recommended Stories

ആന്ധ്രാപ്രദേശിൽ ചുഴലിക്കാറ്റ് ഭീഷണി; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
ട്രെയിനിൽ ഇനി രാത്രി ഫോൺ ചാർജ് ചെയ്യാനാകില്ല! രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യും