ബെം​ഗളൂരുവിൽ നിന്ന് വെറും 2 മണിക്കൂർ കൊണ്ട് ചെന്നൈയിലെത്താം! എക്സ്പ്രസ് വേ ഒരുങ്ങുന്നു, സവിശേഷതകൾ അറിയാം

Published : Aug 26, 2025, 12:43 PM IST
Bengaluru Chennai Expressway

Synopsis

കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള ദൂരവും യാത്രാ സമയവും വലിയ തോതിൽ കുറയ്ക്കുന്ന പുതിയ എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നു. ഇതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം ആറ് മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറയും. 15,188 കോടി രൂപ കണക്കാക്കിയിരിക്കുന്ന 262 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എക്സ്പ്രസ് വേ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള ഏകദേശം 80 കിലോമീറ്റർ ദൂരം കുറയ്ക്കുക മാത്രമല്ല, നിലവിലുള്ള ദേശീയ പാതകളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കും.

നിലവിൽ, ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള യാത്രയ്ക്ക് ഏകദേശം അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയം ആവശ്യമാണ്. പുതിയ എക്സ്പ്രസ് വേ തുറന്നുകഴിഞ്ഞാൽ വാഹനങ്ങൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്നതാണ് സവിശേഷത. മാത്രമല്ല, ഇത് ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കാനും സഹായിക്കും. 2022ൽ ആരംഭിച്ച പദ്ധതിയുടെ പ്രാരംഭ ഘട്ടം 2023ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാരിസ്ഥിതിക അനുമതികളും ഉൾപ്പെടെ വിവിധ തരത്തിലുള്ള വെല്ലുവിളികൾ കാരണം ഇതിന് കാലതാമസം നേരിട്ടു. അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 2026 ജൂലൈയിൽ പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ മൊത്തം റൂട്ടിന്റെ ഏകദേശം 100 കിലോമീറ്ററാണ് പൂർത്തിയായത്.

നിലവിൽ, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കർണാടകയിൽ, 71.7 കിലോമീറ്റർ ബെംഗളൂരു-ബേത്തമംഗല ലൈൻ പൂർത്തിയായി, അതേസമയം സുന്ദർപാളയ മുതൽ ബൈറെഡ്ഡിപ്പള്ളി വരെയുള്ള 25 കിലോമീറ്റർ ലൈൻ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രാപ്രദേശിൽ, 29 കിലോമീറ്റർ ബംഗാരുപാളേം-ഗുഡിപാല ലൈൻ ഏതാണ്ട് തയ്യാറായിട്ടുണ്ട്. അവസാനത്തെ 31 കിലോമീറ്റർ ലൈൻ 2026 ജൂണോടെ പൂർത്തിയാകും. തമിഴ്‌നാട്ടിൽ, എക്സ്പ്രസ് വേയുടെ നിരവധി ഭാഗങ്ങൾ നിർമ്മാണത്തിലാണ്. 2026 മാർച്ചോടെ ഇതും പൂർത്തിയാക്കാനാണ് ശ്രമം. കർണാടകയിലെ ഭൂമി ഏറ്റെടുക്കലിലെ ബുദ്ധിമുട്ടുകൾ, പാരിസ്ഥിതിക വെല്ലുവിളികൾ, തമിഴ്‌നാട്ടിലെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും കാലതാമസത്തിന് കാരണമെന്ന് നിതിൻ ഗഡ്കരി വിശദീകരിച്ചു.

ബെംഗളൂരു മുതൽ ചെന്നൈ വരെയുള്ള എക്സ്പ്രസ് വേ പൂർത്തിയാകുമ്പോൾ, NH-44, NH-48 എന്നിവയിലെ ഗതാഗതക്കുരുക്ക് കുറയും. രണ്ട് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങൾക്കിടയിലെ യാത്ര വേഗവും സുഖകരവുമാകും. ഇത് സാധാരണ യാത്രക്കാർക്ക് മാത്രമല്ല ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ സാമ്പത്തിക മേഖലയ്ക്ക് പുത്തൻ ഉത്തേജനം നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്ക് പുറമേ, ബെംഗളൂരു-ഹൈദരാബാദ്, ബെംഗളൂരു-പൂനെ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന ഇടനാഴികൾക്കായി കേന്ദ്രം വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുന്നുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ ഇന്റർസിറ്റി കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം