മലേഷ്യയിൽ സ്ഥിര താമസമാക്കാം! പെർമനന്റ് റസിഡൻസിയ്ക്ക് അപേക്ഷിക്കാൻ അവസരം

Published : Aug 26, 2025, 12:01 PM IST
Malaysia

Synopsis

മലേഷ്യയിൽ സ്ഥിരമായി താമസിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. 

തെക്കുകിഴക്കൻ ഏഷ്യയിലെ അതിമനോഹരമായ രാജ്യമാണ് മലേഷ്യ. സമ്പന്നമായ സാംസ്കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം എന്നിവയാണ് മലേഷ്യയെ സഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടാക്കി മാറ്റുന്നത്. മലേഷ്യ സന്ദർശിക്കുന്നവർക്ക് അവരുടെ താമസം നീട്ടാൻ ആഗ്രഹം തോന്നുക എന്നത് സ്വാഭാവികമാണ്. അത്തരത്തിൽ മലേഷ്യയിൽ താമസിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും പഠിക്കാനും വ്യക്തികൾക്ക് സ്ഥിര താമസ സൗകര്യം (പെർമെനന്റ് റസിഡൻസി) വാഗ്ദാനം ചെയ്തിരിക്കുകയാണ് മലേഷ്യ. ചില നിബന്ധനകൾ പാലിച്ചാൽ നിങ്ങൾക്ക് മലേഷ്യയിൽ സ്ഥിര താമസമാക്കാം. ആർക്കൊക്കെ അപേക്ഷിക്കാം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം?

  • സാധുവായ ഒരു എംപ്ലോയ്‌മെന്റ് പാസിന് കീഴിൽ കുറഞ്ഞത് 5 വർഷമെങ്കിലും മലേഷ്യയിൽ ജോലി ചെയ്തിട്ടുള്ള ഒരു സ്കിൽഡ് പ്രൊഫഷണലാണെങ്കിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഒരു മലേഷ്യൻ അതോറിറ്റിയുടെ ശുപാർശ ഉണ്ടെങ്കിലോ നിങ്ങൾക്ക് അപേക്ഷിക്കാം.
  • ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സാമ്പത്തിക നിക്ഷേപം നടത്തി സ്ഥിര താമസത്തിന് അപേക്ഷിക്കാം. 2 മില്യൺ യുഎസ് ഡോളർ (ഏകദേശം 17,46,11,946 രൂപ) ഒരു മലേഷ്യൻ ബാങ്കിൽ കുറഞ്ഞത് 5 വർഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തണം.
  • സയൻസ്, ടെക്നോളജി, വൈദ്യശാസ്ത്രം, അല്ലെങ്കിൽ ആർട്സ് തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയ ആളുകൾക്ക് അപേക്ഷിക്കാം.
  • മലേഷ്യൻ പൗരന്മാരെ വിവാഹം കഴിച്ച ഇന്ത്യക്കാർക്ക് മലേഷ്യയിൽ 5 വർഷം തുടർച്ചയായി താമസിച്ചതിന് ശേഷം അപേക്ഷിക്കാം.
  • മലേഷ്യ മൈ സെക്കൻഡ് ഹോം അല്ലെങ്കിൽ എംഎം2എച്ച് പ്രോഗ്രാം മലേഷ്യയിൽ താമസിക്കാനുള്ള മറ്റൊരു മാർഗമാണ്. 10 വർഷം രാജ്യത്ത് താമസിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.

മലേഷ്യയിലെ ഇമിഗ്രേഷൻ വകുപ്പാണ് മലേഷ്യൻ പെർമെനന്റ് റസിഡൻസിയുടെ (പിആർ) അപേക്ഷാ പ്രക്രിയ കൈകാര്യം ചെയ്യുന്നത്. ഇതിനായി സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്.

  • പൂരിപ്പിച്ച പിആർ അപേക്ഷാ ഫോം
  • സാധുവായ പാസ്‌പോർട്ടും വിസയുടെ പകർപ്പുകളും
  • തൊഴിൽ അല്ലെങ്കിൽ നിക്ഷേപത്തിന്റെ തെളിവ്, അല്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ്
  • ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള ശുപാർശ കത്തുകൾ
  • സാമ്പത്തികനില തെളിയിക്കുന്ന രേഖകൾ

പിന്തുടരേണ്ട ഘട്ടങ്ങൾ

  • എല്ലാ രേഖകളും സമർപ്പിച്ച ശേഷം ബന്ധപ്പെട്ട മലേഷ്യൻ മന്ത്രാലയത്തിൽ നിന്ന് അം​ഗീകാരം ലഭിക്കേണ്ടതുണ്ട്.
  • മലേഷ്യയിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്തോ സംസ്ഥാന ഇമിഗ്രേഷൻ ഓഫീസ് വഴിയോ അപേക്ഷ സമർപ്പിക്കണം.
  • പ്രോസസ്സിംഗ് ഫീസ് ആയി മലേഷ്യൻ റിംഗിറ്റ് 500 (ഏകദേശം 10,406 രൂപ) അടയ്ക്കേണ്ടി വരും.
  • ഇമിഗ്രേഷൻ കമ്മിറ്റി നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യും.
  • അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ, നിങ്ങൾ പിആർ പ്രവേശന ഫീസ് മലേഷ്യൻ റിംഗിറ്റ് 1,500 (ഏകദേശം 31,219 രൂപ) അടയ്ക്കേണ്ടി വരും.
  • നിങ്ങളുടെ പിആർ അന്തിമമാക്കിയ ശേഷം, നിങ്ങൾക്ക് ബ്ലൂ ഐഡന്റിഫിക്കേഷൻ കാർഡ് (MyPR കാർഡ്) ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം