പാറിപ്പറക്കുന്ന മൂവര്‍ണ്ണക്കൊടി; ദേശീയ പതാക നിര്‍മ്മിക്കാൻ അനുവാദമുള്ള ഇന്ത്യയിലെ ഒരേയൊരു സ്ഥലം ഇതാണ്

Published : Aug 15, 2025, 12:51 PM IST
National flag

Synopsis

ചെങ്കോട്ടയിൽ ഉൾപ്പെടെ ഉയർത്തുന്ന പതാകയും ഈ ഗ്രാമത്തിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

ബെംഗളൂരു: രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. രാജ്യമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 15ന് ഉയരുന്ന എല്ലാ ഔദ്യോഗിക ദേശീയ പതാകകളും, അത് ദില്ലിയിലായാലും ഒരു സ്കൂൾ അങ്കണത്തിലായാലും ഒരു സൈനിക പോസ്റ്റിലായാലും നിർമ്മിക്കുന്നത് ഇന്ത്യയിലെ ഒരേയൊരു സ്ഥലത്ത് നിന്ന് മാത്രമാണെന്ന കാര്യം പലർക്കും അറിയില്ല.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ലൈസൻസ് ചെയ്ത കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന്റെ (കെകെജിഎസ്എസ്) ആസ്ഥാനമായ ബെംഗേരിയിലാണ് ദേശീയ പതാകകൾ നിർമ്മിക്കുന്നത്. ഹുബ്ബള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബെം​ഗേരിയിലാണ് ഇന്ത്യയിലെ ഏക 'അംഗീകൃത' പതാക നിർമ്മാണ യൂണിറ്റുള്ളത്. കൂടാതെ, ഈ പതാകകൾ നിർമ്മിക്കുന്നത് സ്ത്രീകളാണ് എന്ന സവിശേഷതയുമുണ്ട്. ചെങ്കോട്ടയിൽ ഉയർത്തുന്ന പതാകയും ഈ ഗ്രാമത്തിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കാനുള്ള അവകാശം എന്നത് ഒരു നിസ്സാരമായ കാര്യമല്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ പ്രകാരം ഓരോ പതാകയും കൈകൊണ്ട് നൂറ്റ, കൈകൊണ്ട് നെയ്ത ഖാദി കൊണ്ടാണ് നിർമ്മിക്കേണ്ടത്. ഓരോ നൂലിഴകളിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. ധൈര്യത്തിനും ത്യാഗത്തിനും കുങ്കുമ നിറം, സമാധാനത്തിന്റെയും സത്യത്തിന്റെയും പ്രതീകമായ വെള്ള നിറം, വിശ്വാസത്തിനും ധീരതയ്ക്കും പച്ച നിറം, തുല്യ അകലത്തിലുള്ള 24 ആരക്കാലുകളുള്ള നേവി ബ്ലൂ നിറത്തിലുള്ള അശോക ചക്രം എന്നിവ കൃത്യമായി ദേശീയ പതാകകളിലുണ്ടാകണം.

1957 ൽ സ്വാതന്ത്ര്യസമര സേനാനി വെങ്കിടേഷ് മഗഡിയാണ് കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം സ്ഥാപിച്ചത്. സ്വാശ്രയത്വം, ഖാദിയുടെ പുനരുജ്ജീവനം, ഗ്രാമീണ കരകൗശല വിദഗ്ധർക്ക് അർഹിക്കുന്ന അം​ഗീകാരം നൽകൽ എന്നിവ ലക്ഷ്യമിട്ട് ഗാന്ധിയൻ തത്വങ്ങൾക്ക് അനുസൃതമായാണ് വെങ്കിടേഷ് മഗാഡി 1957ൽ കെ.കെ.ജി.എസ്.എസ് സ്ഥാപിച്ചത്. 2006ലാണ് അവർക്ക് ഇന്ത്യൻ പതാക നിർമ്മിക്കാനുള്ള ഔദ്യോഗിക ലൈസൻസ് ലഭിച്ചത്. 

ഇന്ത്യയുടെ പതാകാ നിയമമനുസരിച്ച് കൈകൊണ്ട് നൂൽക്കുന്ന ഖാദി നെയ്തെടുക്കുന്നത് കർണാടകയിലെ തുളസിഗെരിയിലാണ്. തുടർന്ന് ഈ തുണി ബംഗേരിയിലെ കെ.കെ.ജി.എസ്.എസിലേക്ക് ചായം പൂശൽ, അച്ചടിക്കൽ, തുന്നൽ, കർശനമായ ഗുണനിലവാര പരിശോധനകൾ എന്നിവയ്ക്കായി അയക്കും. ഓരോ പതാകയും ബി.ഐ.എസ്, ഫ്ലാഗ് കോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഔദ്യോഗികമായി ഒമ്പത് വ്യത്യസ്ത വലിപ്പങ്ങളിലാണ് പതാകകൾ നിർമ്മിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഡോൾഫിൻസ് നോസ്; കൊടൈക്കനാലിലെ ഹിഡൻ ജെം
ഇന്റര്‍നാഷണൽ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ട വിധം