
ക്ഷേത്രങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമായ ആരാധനാ മൂര്‍ത്തികളും രീതികളുമാണുള്ളത്. എന്നാൽ, ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ബുള്ളറ്റ് ബൈക്കിനെ ആരാധിക്കുന്ന ഒരു ക്ഷേത്രവും നമ്മുടെ രാജ്യത്തുണ്ട്. ജോധ്പൂരിനും പാലിക്കും ഇടയിലുള്ള ഹൈവേ 62ലാണ് ബുള്ളറ്റ് ബാബ ക്ഷേത്രം അഥവാ ഓം ബന്ന ധാം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പണികഴിപ്പിക്കാനുണ്ടായ കാരണങ്ങൾ കേട്ടാൽ ആരും അമ്പരന്ന് പോകും. ഒരു അപകട മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ബുള്ളറ്റ് ബാബ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചതെന്ന് പറയപ്പെടുന്നു.
1988 മെയ് 5 ന് പാലിയിലെ സാൻഡെറാവുവിന് സമീപമുള്ള ബാംഗ്ഡി എന്ന ഗ്രാമത്തിൽ നിന്ന് ചോട്ടിലയിലേക്ക് തന്റെ ബുള്ളറ്റ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഓം ബന്ന എന്നയാൾ. യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിൽ ഇടിക്കുകയും സമീപത്തുള്ള ഒരു കുഴിയിലേക്ക് മറിയുകയും ചെയ്തു. ഓം ബന്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
അപകടം നടന്നതിന്റെ പിറ്റേന്ന് രാവിലെ പൊലീസ് എത്തി ബുള്ളറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, അടുത്ത ദിവസം സ്റ്റേഷനിൽ നിന്ന് ബുള്ളറ്റ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായെന്നും പിന്നീട് അപകടം നടന്ന സ്ഥലത്ത് വെച്ച് കണ്ടെത്തിയതായും പറയപ്പെടുന്നു. പൊലീസ് വീണ്ടും ബൈക്ക് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. പെട്രോൾ ടാങ്ക് കാലിയാക്കി ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു. അടുത്ത ദിവസം വീണ്ടും ബുള്ളറ്റ് അപ്രത്യക്ഷമായെന്നും അപകട സ്ഥലത്ത് വെച്ച് വീണ്ടും കണ്ടെത്തിയെന്നുമാണ് പറയുന്നത്.
ബൈക്ക് പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനുള്ള പൊലീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന കഥ നാട്ടിൽ മുഴുവൻ പാട്ടായി. സംഭവം അറിഞ്ഞ് പ്രദേശവാസികളും സമീപ പ്രദേശങ്ങളില്‍ നിന്നുമെല്ലാം ആളുകൾ ഇവിടേയ്ക്ക് ഒഴുകിയെത്തി. തുടര്‍ന്ന് ഇവിടെയൊരു ക്ഷേത്രം നിർമ്മിക്കുകയും ബുള്ളറ്റിനെ ആരാധിക്കുകയും ചെയ്യുകയായിരുന്നു. ഓം ബന്നയുടെ ആത്മാവ് ഇപ്പോഴും തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഓടിച്ചുകൊണ്ട് ഹൈവേയിൽ സഞ്ചരിക്കുകയും വഴിതെറ്റിയ യാത്രക്കാരെ സഹായിക്കുകയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കാലങ്ങൾ പിന്നിട്ടപ്പോൾ ബുള്ളറ്റ് ബാബയെ ആരാധിക്കാതെ ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഡ്രൈവർമാരും യാത്രക്കാരും അപകടത്തിൽപ്പെടുമെന്ന ഭയവും വിശ്വാസവും പ്രദേശത്താകമാനം വളർന്നു. ബുള്ളറ്റ് ബാബയെ ആരാധിച്ചാൽ അപകടങ്ങൾ കുറയുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ശാസ്ത്രത്തിനും യുക്തിക്കും അപ്പുറത്തേയ്ക്ക് ഈ ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും നിഗൂഢമായ ആരാധനാലയങ്ങളിൽ ഒന്നായി തുടരുകയാണ്.