നെയ്യാർ ഡാമിന്റെ ജലസംഭരണി കാരണം ഒറ്റപ്പെട്ടുപോയ തൊടുമലയിലെ ആദിവാസി ജനതയുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും. ഈ പാലം അമ്പൂരിയുടെ ടൂറിസം സാധ്യതകളും വർദ്ധിപ്പിക്കും.

തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽക്കടവ് പാലം നാളെ നാടിന് സമർപ്പിക്കും. സംസ്ഥാനത്ത് നദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയ പാലമാണിത്. 253.4 മീറ്റർ നീളമുള്ള കുമ്പിച്ചൽക്കടവ് പാലത്തിന് 11 മീറ്റര്‍ വീതിയുമുണ്ട്. ഇതിൽ 8 മീറ്റർ റോ‍ഡും ബാക്കി ഇരുവശത്തുമുള്ള നടപ്പാതകളുമാണ്. 36.2 മീറ്റർ അകലത്തിൽ ഏഴ് സ്പാനുകളാണ് ഈ പാലത്തിനുള്ളത്. ഇതിൽ രണ്ട് സ്പാനുകൾ മാത്രമാണ് കരയിലുള്ളത്. നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ തൊടുമല ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി ഉന്നതികളിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിനാണ് ഇതോടെ അറുതി വരാൻ പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു നാടിനെ മാറ്റിമറിച്ച പാലം

തിരുവനന്തപുരം ജില്ലയിലെ

അമ്പൂരി കുമ്പിച്ചൽക്കടവ് പാലം

ഫെബ്രുവരി 11 ന് നാടിന് സമർപ്പിക്കുന്നു..

നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ തൊടുമല ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി ഉന്നതികളിലെ ആയിരത്തോളം ജനങ്ങളുടെ എത്രയോകാലത്തെ കഷ്ടപ്പാടുകൾക്കും യാത്രാദുരിതത്തിനും അറുതിവരുത്താനാണ് എൽഡിഎഫ് സർക്കാർ കിഫ്ബി പദ്ധതിയിൽ 24.71 കോടി രൂപ ചെലവഴിച്ച് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.

കടത്ത് വള്ളത്തെ മാത്രം ആശ്രയിച്ച് പുറംലോകത്തേക്ക് എത്തിയിരുന്ന പ്രദേശവാസികൾ ദൈനംദിന യാത്രകൾക്കും അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിലേക്കെത്തുവാനും അവശ്യസാധനങ്ങൾ യഥാസമയം ലഭിക്കുന്നതിലും ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഫണ്ട് അനുവദിക്കുകയും ശ്രീ. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നിരന്തര പരിശ്രമവുമാണ് എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് അമ്പൂരി കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.

ആദിവാസി ജനവിഭാഗങ്ങളുടെ യാത്രാദുരിതത്തിന് അറുതിവരുത്തുക മാത്രമല്ല അമ്പൂരി പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകൾ കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ് ഈ പാലം. ദിവസേന നൂറുകണക്കിന് ആളുകളാണ് പാലം കാണാനായി മാത്രം ഇവിടേക്കെത്തുന്നത്. അതുകൊണ്ട് തന്നെ ഡിസൈൻ പോളിസി പ്രകാരം പാലത്തിൻ്റെ താഴെയുള്ള ഒഴിഞ്ഞ ഭാഗത്തെ ഉപയോഗപ്പെടുത്തി ഒരു വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കുന്നതിനായി 99 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഫെബ്രുവരി 11 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കുമ്പിച്ചൽകടവ് പാലം നാടിന് സമർപ്പിക്കുകയാണ്. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് പൂർത്തിയാക്കിയ 30 റോഡുകളും 6 പാലങ്ങളും നാടിന് സമർപ്പിക്കും.