
ആലപ്പുഴ: പമ്പയാറ്റിൽ കൈനകരി ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഭാഗമായി സെപ്റ്റംബര്‍ 19ന് വള്ളംകളി നടക്കുന്നതിനാൽ അന്നേ ദിവസം സ്പീഡ് ബോട്ടുകൾക്ക് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തി. അതിക്രമിച്ച് കയറുന്ന സ്പീഡ് ബോട്ടുകൾക്കെതിരെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) അഞ്ചാം സീസണാണ് ഇത്തവണ നടക്കുന്നത്. ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപിക്കും. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎല്‍ കൂടുതലായും തെക്കന്‍ കേരളത്തെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. മലബാര്‍ മേഖലയിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങള്‍ വീതം നടക്കുമെന്നതാണ് പ്രത്യേകത. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് സിബിഎല്‍ മത്സരങ്ങള്‍ നടക്കുക. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈന്‍ ഡ്രൈവ്, തൃശ്ശൂര്‍ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങളാണ് മറ്റ് വേദികൾ.
ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്, ടൗണ്‍ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നീ ക്ലബുകളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.