
ചില യാത്രകൾ ഒരിക്കലും മറക്കാനാകാത്ത അനുഭവം നൽകും. ടിബറ്റിലേക്കുള്ള ട്രെയിൻ യാത്ര അത്തരത്തിലൊരു അനുഭവം നിങ്ങൾക്ക് സമ്മാനിക്കും എന്നതിൽ സംശയമില്ല. മേഘങ്ങളിലൂടെ ട്രെയിൻ കടന്നുപോകുന്ന ഫീലാണ് ഈ യാത്ര നൽകുക. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ സ്റ്റേഷനായ തങ്ഗുല റെയിൽവേ സ്റ്റേഷനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഭൂമിയിൽ നിന്ന് 5,068 മീറ്റർ ഉയരത്തിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ ട്രെയിൻ യാത്ര വെറുമൊരു യാത്രയല്ല, ഇത്രയും ഉയരത്തിൽ ഒരു റെയിൽവേ ലൈൻ സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ച ഒരു മനുഷ്യന്റെ ധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും കഥയാണ്. ഈ അതുല്യമായ യാത്രയെക്കുറിച്ചും അത്ഭുതപ്പെടുത്തുന്ന ഈ സ്റ്റേഷനെക്കുറിച്ചും കൂടുതലറിയാം.
ക്വിങ്ഹായ് - ടിബറ്റ് റെയിൽവേ ലൈനിന്റെ ഭാഗമായി 2006-ലാണ് തങ്ഗുല സ്റ്റേഷൻ നിർമ്മിച്ചത് . ക്വിങ്ഹായ് പ്രവിശ്യയിലെ സിനിംഗ് നഗരത്തിൽ നിന്ന് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കാണ് ഈ പാത പ്രവർത്തിക്കുന്നത്. 1,956 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നിർമ്മിക്കുമ്പോൾ എഞ്ചിനീയർമാർക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നിരുന്നു. അതിശൈത്യം, ഓക്സിജന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ എഞ്ചിനീയർമാർ ഈ വെല്ലുവിളികളെല്ലാം മറികടന്ന് റെയിൽവേ സ്റ്റേഷൻ സാധ്യമാക്കി.
ജീവനക്കാരില്ലാതെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നതാണ് തങ്ഗുല സ്റ്റേഷന്റെ ഏറ്റവും പ്രത്യേകത. യാത്രക്കാർക്ക് ഇറങ്ങാനോ ട്രെയിനിൽ കയറാനോ കഴിയാത്ത ഒരു സാങ്കേതിക സ്റ്റോപ്പ് മാത്രമാണിത്. എല്ലാ വശങ്ങളിലും മഞ്ഞുമൂടിയ കൊടുമുടികളും പച്ചപ്പുൽമേടുകളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്റ്റേഷൻ വളരെ ശാന്തവും മനോഹരവുമാണ്. ഇവിടെ തിരക്കോ ശബ്ദമോ ഇല്ല, അതിനാൽ യാത്രക്കാർക്ക് പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ കഴിയും.
യാത്രക്കാർക്ക് ഈ സ്റ്റേഷനിൽ ഇറങ്ങാൻ കഴിയില്ലെങ്കിലും, അവർക്ക് ഈ സ്ഥലം ആസ്വദിക്കാനാകും. ട്രെയിൻ തങ്ഗുല സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ, യാത്രക്കാർക്ക് സ്റ്റേഷന്റെയും പരിസരങ്ങളുടെയും മനോഹരമായ കാഴ്ചകൾ കാണാൻ അവസരം ലഭിക്കും. ഇത്രയും ഉയരത്തിൽ ഓക്സിജന്റെ അഭാവം മൂലം യാത്രക്കാർക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരാതിരിക്കാൻ ട്രെയിനുകളിൽ ഓക്സിജൻ വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ഇവിടെ കാലുകുത്താൻ കഴിയില്ലെങ്കിലും, ഈ വഴിയിലൂടെ കടന്നുപോകുന്നത് തന്നെ ഒരു അവിസ്മരണീയമാണ്, അത് എന്നെന്നും മനസ്സിൽ മറക്കാനാകാത്ത അനുഭവമായി കിടക്കും.