
പിറവം: "ആർപ്പോ ഇർറോ............" ആർപ്പുവിളികളും ആരവങ്ങളും മുറുകിയ നേരം ഒഴുക്കിനെതിരെ തുഴഞ്ഞു കയറി പിറവത്തും വിജയക്കൊടി നാട്ടി വീയ്യപുരം ചുണ്ടൻ. മറ്റു രണ്ടു ചുണ്ടൻ വള്ളങ്ങളെയും പിന്നിലാക്കി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഇത്തവണത്തെ നെഹ്റു ട്രോഫി ജേതാക്കളായ വീയ്യപുരം ചുണ്ടൻ മൂവാറ്റുപുഴയാറിനെയും കീഴടക്കിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് വീയ്യപുരം ചുണ്ടൻ തുഴഞ്ഞത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനെയും പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് വീയ്യപുരം ആധിപത്യം സ്ഥാപിച്ചത്. സെക്കന്റുകളുടെ വ്യത്യാസത്തിൽ മേൽപ്പാടം ചുണ്ടൻ രണ്ടാം സ്ഥാനവും നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒഴുക്കിനെതിരെ തുഴയെറിയുന്ന കേരളത്തിലെ ഏക വള്ളംകളിയായ പിറവം വള്ളംകളി കാണികളെ ആവേശത്തിലാഴ്ത്തി. നെഹ്റു ട്രോഫി ജേതാക്കളായ ഒൻപതു ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രാദേശിക ബി ഗ്രേഡ് ഇരുട്ടുകുത്തി മത്സരത്തിൽ പിറവം ആർ കെ ടീം ബോട്ട് ക്ലബ്ബിന്റെ കെ എസ് സുഭാഷ് കുമാർ നയിച്ച താണിയാൻ ഒന്നാം സ്ഥാനം നേടി. പിറവം ബോട്ട് ക്ലബ്ബിന്റെ വിജു മൈലാടിയിൽ നയിച്ച സെന്റ് സെബാസ്റ്റ്യൻ, വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ പി കെ സജി കുമാർ നയിച്ച സെന്റ് ആന്റണി എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. മത്സരയിടവേളകളിൽ കാണികൾക്ക് ആവേശം പകർന്നു കലാപരിപാടികളും ജെറ്റ് സ്കൈ ഫ്ളൈ ബോർഡിങ്ങും അരങ്ങേറി.
ചടങ്ങിൽ വിജയികൾക്ക് സമ്മാനത്തുകയും ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫിയും അനൂപ് ജേക്കബ് എംഎൽഎ കൈമാറി. ഒന്നാം സ്ഥാനം നേടിയ വീയ്യപുരം ചുണ്ടന് 5 ലക്ഷം രൂപയും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനം നേടിയ മേൽപ്പാടം ചുണ്ടനും നടുഭാഗം ചുണ്ടനും രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനിച്ചു.
മുൻ മുഖ്യമന്ത്രിമാരായ ഇ എം എസ് നമ്പൂതിരിപ്പാട്, കെ കരുണാകരൻ എന്നിവരുടെ പേരിലുള്ള ട്രോഫികൾ ഒന്നും രണ്ടും സ്ഥാനക്കാരായ വീയ്യപുരം ചുണ്ടനും, മേൽപ്പാടം ചുണ്ടനും കരസ്ഥമാക്കി. മുൻ മന്ത്രി ടി എം ജേക്കബ് മെമ്മോറിയൽ ട്രോഫി മൂന്നാം സ്ഥാനം നേടിയ നടുഭാഗം ചുണ്ടൻ കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളംകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താണിയൻ വള്ളത്തിന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അന്തർജനം മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു.