നാടോടിച്ചന്തയുടെ ചന്തം, വർണങ്ങൾ വാരിവിതറുന്ന പുഷ്കർ; നഷ്ടമായ ഫ്രെയിമുകളിലെ വർണ്ണോത്സവം

Published : Oct 06, 2025, 11:54 AM IST
Pushkar Mela

Synopsis

ഒക്ടോബർ - നവംബർ മാസങ്ങളിലായാണ് പുഷ്കര്‍ മേള നടക്കുന്നത്. ഒട്ടകക്കച്ചവടവും, നാടോടി ജീവിതത്തിന്റെ വർണ്ണക്കാഴ്ചകളും, സാംസ്കാരിക സംഗമവും ചേർന്ന അവിസ്മരണീയ നിമിഷങ്ങളാണ് പുഷ്കര്‍ മേള സമ്മാനിക്കുക.  

ഒരു നാടോടിക്കാലത്തിന്റെ നിറമുള്ള ഓർമകളുമായാണ് ഇവർ ഇവിടെ എല്ലാ വർഷവും ഒത്തുകൂടുന്നത്. കാർത്തിക പൂർണ്ണിമയുടെ തെളിച്ചത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ നാടോടിച്ചന്തയുടെ ചന്തം ഒരു ജനതയുടെ ജീവിതം തന്നെയാണ്. എനിക്കിത് ഡൽഹിക്കാലത്തെ ആദ്യ യാത്രാസ്മരണകളിൽ ഒന്നാണ്. വീണ്ടെടുക്കാൻ കഴിയാതെ പോയ കുറെ അമൂല്യ നിമിഷങ്ങളുടെ ഓർമ്മകൾ കൂടിയാണ്.

എല്ലാ വർഷവും ഒക്ടോബർ - നവംബർ മാസങ്ങളിലായി രാജസ്ഥാനിലെ പുഷ്‌കറിൽ നടക്കുന്ന ഈ വാർഷിക ഒട്ടകമേള, വിശ്വാസത്തിന്റെയും വാണിജ്യത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും അതിശയകരമായ ഒരു കൂടിച്ചേരലാണ്. മേളയുടെ അവസാന ദിവസങ്ങളിൽ ഒന്നിലാണ് ഡൽഹിയിൽ നിന്നും അജ്മീറിനടുത്തുള്ള ഈ കുന്നിൻ പ്രദേശത്തേക്ക് ബസ്സ് കയറുന്നത്. അജ്മീർ ദർഗയുടെ മുന്നിൽ നിന്നും കയറിയ ഒരു ഷെയർ ഓട്ടോ ഇറക്കിവിട്ട കുന്നിൻ ചരിവിൽ നിന്നും ഒരുപാട് നടന്നാണ് നിറങ്ങൾ വാരിവിതറിയിരിക്കുന്ന പുഷ്‌കർ മൈതാനത്തിലേക്ക് എത്തിയത്. ഒരു ദിവസം വന്ന് ഒരുത്സവം കാണുന്ന ലാഘവത്തോടെ കണ്ടുമടങ്ങാൻ ഉള്ളിലിത്തിരി സൗന്ദര്യ ബോധം ഉള്ള ഒരാൾക്കും കഴിയില്ല.

ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിലാണ് മേള നടക്കുന്ന മൈതാനത്തിന് തൊട്ടടുത്ത് തന്നെയുള്ള ഒരു മുറി സംഘടിപ്പിച്ചത്. നിരന്ന് നിൽക്കുന്ന ഒട്ടക കൂട്ടങ്ങളുടെയും മണ്ണിന്റെ നിറമുള്ള നീണ്ട കുപ്പായങ്ങളിട്ട അവരുടെ ഇടയന്മാരുടെ തലയ്ക്ക് മുകളിലെ വർണ്ണ വൈവിധ്യങ്ങളെയും പശ്ചാത്തലത്തിൽ ഉദയാസ്തമയങ്ങൾ പകർത്തുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ ഒരു നാടോടിയെപ്പോലെ വിശാലമായ മൈതാനം മുഴുവൻ അലഞ്ഞു നടക്കണം.

കാർത്തിക പൂർണിമയുടെ തെളിമയിൽ ഒരു കൂട്ടർ പുഷ്കർ തടാകത്തിൽ മുങ്ങി നിവർന്ന് ബ്രഹ്മ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ ഇപ്പുറത്ത് തങ്ങളുടെ ഒരു വർഷത്തെ ജീവിതം നിർണ്ണയിക്കുന്ന കച്ചവടത്തിലായിരിക്കും മറ്റൊരു കൂട്ടർ. ശൈത്യഋതുവിൽ വർണ്ണാഭമാകുന്ന മണൽക്കാട്ടിലെ ഈ ചെറിയ പട്ടണത്തിൽ ഒട്ടകങ്ങളും, കുതിരകളും കഴുതകളും കാലികളും ഒപ്പം അവരുടെ ഇടയന്മാരും ഇടകലർന്ന് നിൽക്കുമ്പോൾ അതൊരു സംസ്കാരത്തിന്റെ പുനരാവിഷ്കാരമാകുകായാണ് ചെയ്യുന്നത്.

മേള അവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രമേ ഉള്ളൂ. പലരും തങ്ങളുടെ കച്ചവടം തീർത്ത് മടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആതിഥേയരെ ഒഴിച്ചു നിർത്തിയാൽ ഏറ്റവും കൂടുതൽ വിദേശികളാണ് ഈ കുന്നിൻ ചരിവിൽ അതിഥികളായി ഉള്ളത്. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പുഷ്കർ മേള ശരിക്കും കൊടുക്കൽ വാങ്ങലുകളുടെ ഒരു ജീവിതോത്സവമാണ്. ആദ്യത്തെ മൂന്ന് ദിവസങ്ങളിലാണ് ഒട്ടകക്കച്ചവടം അതിന്റെ എല്ലാ ഗരിമയോടെയും നടക്കുക. ലക്ഷണമൊത്ത ഒട്ടകങ്ങളെ ഈ ദിവസങ്ങളിൽ ആവശ്യക്കാർ സ്വന്തമാക്കി കഴിഞ്ഞിരിക്കും. ചെറിയ മുഖം, വലിയ കണ്ണുകൾ, നീണ്ട കഴുത്തും നീളം കുറഞ്ഞ വാലും. ഒട്ടക ലക്ഷണശാസ്ത്രം അങ്ങിനെ പോകുന്നു. വിൽക്കാനും വാങ്ങാനും ഉള്ളവർ ഒരു മാസത്തോളം തങ്ങാനുള്ള ഒരുക്കങ്ങളുമായാണ് പുഷ്കറിൽ എത്തുക.

ഒരുപാട് കുടുംബങ്ങൾ കൂട്ടുകൂടുന്ന മൈതാനം ഈ മേള കഴിയുന്നതുവരെ ഒരു ഗ്രാമമോ പട്ടണമോ ആയി മാറുന്നു. ഒരു ഭാഗത്ത് സ്ത്രീകൾ റൊട്ടിയുണ്ടാക്കുന്നു. മറ്റൊരു ഭാഗത്ത് ആണുങ്ങൾ ഒട്ടകങ്ങൾക്കുള്ള തീറ്റയൊരുക്കുന്നു. അതിനമപ്പുറത്ത് കുറെ പേർ കൂടിയിരുന്ന് പാട്ടുപാടുകയും വീണമീട്ടുകയും ചെയ്യുന്നു. രാജസ്ഥാൻ്റെ സമ്പന്നമായ സാംസ്കാരിക സംഗീത ജീവന പാരമ്പര്യം ഉത്‌ഘോഷിക്കുന്ന മഹത്തായ കാഴ്ചകളാണ് ഈ മൈതാനത്ത് കാണാനാവുക.

പുഷ്കർ മേള നടക്കുന്ന മൈതാനത്ത് നിന്നുള്ള ഉദയവും അസ്തമയവും കാഴ്ചയുടെ വിവരണാതീതമായ ഒരു അനുഭവമാണ്. ഈ നിമിഷങ്ങൾ പകർത്താൻ ഈ സമയങ്ങളിൽ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമായി നൂറുകണക്കിന് ഫോട്ടോഗ്രാഫർമാരാണ് ഇവിടെ എത്തുക. ഞാനും പകർത്തി അങ്ങിനെ കുറെ നിമിഷങ്ങൾ. റൂമിൽ എത്തുന്ന സമയത്ത് അതിന്റെ ബാൽക്കണിയിൽ ഇരുന്ന് താഴെ നടന്നുപോകുന്നവരുടെ തലപ്പാവുകളുടെ വർണ്ണ വൈവിധ്യം പകർത്തുകയായിരുന്നു മറ്റൊരു കൗതുകം. ഓരോ തലപ്പാവിലും ഓരോ വർണ്ണവിന്യാസം.

രണ്ട് മുഴുനീള ദിവസത്തെ അലച്ചിലിനൊടുവിൽ ഡൽഹിയിൽ തിരിച്ചെത്തുന്നത് വരെ പുഷ്കറിലെ ഉദയാസ്തമയങ്ങളായിരുന്നു മനസ്സ് മുഴുവൻ. പക്ഷേ, ഇപ്പോഴും അത് മനസ്സിൽ മാത്രമാണ് അവശേഷിക്കുന്നത്. കാരണം ക്യാമറയിലെ കാർഡിന്റെ 'ഓർമ' ഇടക്കെപ്പോഴോ നഷ്ടമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ പ്രകൃതിയുടെ പൂർണത കാണാം; ഉത്തരാഖണ്ഡ് - ഗാർവാൾ - കുമയൂൺ മലനിരകളിലൂടെ ഒരു യാത്ര
ബെല്ലി ഡാൻസിന്റെ ചടുല താളം, ഒരിക്കലും മറക്കാത്ത ഡെസേർട്ട് സഫാരി; ജീവൻ പണയം വെച്ചൊരു മലയാളി യാത്ര