
ലോകം ചുറ്റി സഞ്ചരിക്കാനും പുതിയ സ്ഥലങ്ങൾ കാണാനും വ്യത്യസ്തമായ സംസ്കാരങ്ങളെ അടുത്തറിയാനും അഗ്രഹിക്കുന്നവർ നിരവധിയുണ്ട്. ചിലർ ഇടയ്ക്കിടെ യാത്ര ചെയ്യുമ്പോൾ ശ്വേതയ്ക്കും ചർച്ചിതിനും യാത്രകൾ എന്നാൽ ജീവിതം തന്നെയാണ്. സ്ഥിരമായ ജോലി ഉപേക്ഷിച്ച് യാത്ര ജീവിതമാക്കിയ ദമ്പതികളാണ് ഇവർ. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് ആറ് മാസത്തെ ഇടവേള എടുത്തിരിക്കുകയാണ് ശ്വേതയും ചർച്ചിതും. ഇത്തരത്തിലുള്ള ജീവിതം ആഗ്രഹിക്കുന്നവർക്കായി തങ്ങളുടെ ആദ്യ മാസത്തെ ചെലവുകളുടെ വിശദമായ കണക്കുകൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ വെളിപ്പെടുത്തി.
പ്രതിദിനം ശരാശരി 2,000 രൂപയാണ് ഇവർ ചെലവഴിക്കുന്നത്. ഇതിൽ ഭക്ഷണം, താമസം, ഗതാഗതം, മറ്റ് ആക്ടിവിറ്റികൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. പണത്തിന്റെ ഭൂരിഭാഗവും താമസത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് ചെലവായത്. 2025 ജൂലൈ മാസത്തെ ഇരുവരുടെയും പ്രതിമാസ യാത്രാ ചെലവുകൾ താഴെ ചേർക്കുന്നു.
താമസം - 23,047 രൂപ
ഭക്ഷണം - 15,525 രൂപ
ഗതാഗതം - 10,921 രൂപ
ഷോപ്പിംഗ് - 7,051 രൂപ
ഇഎംഐകൾ - 3,232 രൂപ
അക്ടിവിറ്റികൾ - 2,747 രൂപ
റീചാർജുകൾ, ബില്ലുകൾ - 2,546 രൂപ
ആരോഗ്യം, മരുന്നുകൾ - 364 രൂപ
ആകെ - 64,343 രൂപ
ഭാവിയിൽ യാത്രകൾക്ക് വേണ്ട പണം സ്വയം കണ്ടെത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ് ഇതെന്ന് ശ്വേതയും ചർച്ചിതും പറയുന്നു. "മുഴുവൻ സമയ യാത്രയ്ക്ക് വേണ്ട പണം സമ്പാദിക്കാനാണ് ഞങ്ങൾ 6 മാസത്തെ വെല്ലുവിളി ഏറ്റെടുത്തത്. എന്നാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രതിമാസം 60,000 രൂപ നേടാൻ ഞങ്ങൾക്ക് ഒരു വഴിയുമില്ല. അതുകൊണ്ട്, ആദ്യം ചെയ്യേണ്ടത് ചെലവുകൾ കുറയ്ക്കുക എന്നതാണ്. ഞങ്ങൾ ഫ്രീയായി യാത്ര ചെയ്യാനുള്ള വഴികൾ കണ്ടെത്താൻ പോകുകയാണ്" ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ.
പോസ്റ്റിന് താഴെ നിരവധിയാളുകളാണ് ദമ്പതികളെ അഭിനന്ദിച്ചും അവരുടെ യാത്ര തുടരാൻ പ്രോത്സാഹിപ്പിച്ചും കമന്റുകളുമായി എത്തിയത്. "യാത്ര ചെയ്യാതെ തന്നെ പലരും ഒരു മാസത്തിൽ ചെലവഴിക്കുന്നതിനേക്കാൾ വളരെ കുറവാണ് ഈ 64,000 രൂപയെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഒരാൾക്ക് 5 ദിവസത്തെ അവധിക്കാലത്ത് മാത്രം 30,000 രൂപ എളുപ്പത്തിൽ ചെലവഴിക്കാൻ കഴിയുമെന്നും നിങ്ങൾ വളരെ നന്നായാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതം വളരെ ചെറുതാണെന്നും അതിനാൽ ആദ്യം ആസ്വദിക്കാമെന്നും നമുക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ജോലി ലഭിക്കുമെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.