
തിരക്കേറിയ നഗരമെന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിലേയ്ക്ക് ആദ്യം വരുന്നത് ബെംഗളൂരു ആയിരിക്കും. നഗരത്തിലെ തിരക്ക് മാത്രമല്ല, ബെംഗളൂരുവിലുള്ളവരുടേത് തിരക്കേറിയ ജീവിതം കൂടിയായിരിക്കും. ചില ഘട്ടങ്ങളിൽ, നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒരു ചെറിയ ഇടവേള മാത്രമായിരിക്കും അത്തരക്കാർക്ക് ആവശ്യം. ഒരു ചെറിയ ഡ്രൈവ്, കുറച്ച് ശുദ്ധവായു, ഭംഗിയുള്ള പ്രകൃതി ദൃശ്യങ്ങൾ എന്നിവ ആസ്വദിച്ചാൽ തന്നെ മനസ് ശാന്തമാകും.
ബെംഗളൂരുവിന് ചുറ്റും പ്രകൃതിദത്തവും സാംസ്കാരിക സമ്പന്നവുമായ നിരവധി കേന്ദ്രങ്ങളുണ്ട്. ഇവയെല്ലാം ഒരു ദിവസത്തെ യാത്രയ്ക്ക് അനുയോജ്യമാണ്. ബെംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിനുള്ളിൽ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന അഞ്ച് മികച്ച ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നന്ദി ഹിൽസ് എല്ലാ ബെംഗളൂരു നിവാസികളും ഇഷ്ടപ്പെടുന്ന സ്പോട്ടാണ്. സൂര്യോദയ കാഴ്ചകൾ കാണാനായി നിരവധിയാളുകളാണ് മൂടൽമഞ്ഞുള്ള മലമ്പാതകളിലൂടെ ഡ്രൈവ് ചെയ്ത് നന്ദി ഹിൽസിലേയ്ക്ക് എത്തുന്നത്. ഇവിടുത്തെ വ്യൂപോയിന്റിൽ നിന്നുള്ള സൂര്യോദയം തികച്ചും മനോഹരമാണ്. നിങ്ങൾക്ക് ട്രെക്കിംഗ് നടത്താനും, ഒരുപാട് ചിത്രങ്ങൾ എടുക്കാനും, അല്ലെങ്കിൽ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ചായ കുടിക്കാനുമെല്ലാം അനുയോജ്യമായ സ്പോട്ടാണിത്.
ഏകദേശം 48 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാമനഗര 'ഷോലെ' സിനിമയുടെ ചിത്രീകരണത്തോടെയാണ് ശ്രദ്ധേയമായത്. പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടുത്തെ സവിശേഷത. റോക്ക് ക്ലൈംബിംഗിനും ചെറിയ ട്രെക്കിംഗിനും പ്രശസ്തമായ സ്ഥലമായി രാമനഗര ഇപ്പോൾ മാറിയിരിക്കുകയാണ്. വലിയ സാഹസികത താൽപ്പര്യമില്ലെങ്കിൽ കുന്നുകളിലൂടെയും പ്രാദേശിക സിൽക്ക് മാർക്കറ്റുകളിലൂടെയുമെല്ലാം ചുറ്റിക്കറങ്ങി നടക്കാം.
ബെംഗളൂരുവിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ശ്രീ വെങ്കിടേശ്വര സ്വാമിക്കായി സമർപ്പിച്ചിട്ടുള്ള മനോഹരമായ ചിക്ക തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിന്റെ ഒരു ചെറിയ രൂപമാണിത്. ദീർഘയാത്രയില്ലാതെ ഒരു ആത്മീയ ദിനം ആഗ്രഹിക്കുന്നവർക്ക് ഇവിടം അനുയോജ്യമാണ്.
നഗരത്തിൽ നിന്ന് 22 കിലോമീറ്റർ മാത്രം അകലെയാണ് ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. സിംഹങ്ങൾ, കടുവകൾ, ആനകൾ എന്നിവയെയും മറ്റും കാണാൻ കഴിയുന്ന സഫാരിയാണ് ഇവിടുത്തെ സവിശേഷത. ഒരു ശലഭോദ്യാനവും ചെറിയ മൃഗശാലയും ഇവിടെയുണ്ട്. ഇത് കുടുംബത്തോടൊപ്പമുള്ള ഒരു യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്.
നഗരത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ അർക്കാവതി നദിയിലുള്ള ഈ ശാന്തമായ ഡാം ഒരു പിക്നിക്കിനും ഫോട്ടോഗ്രാഫിക്കുമെല്ലാം അനുയോജ്യമാണ്. ശാന്തമായ, വാണിജ്യവത്കരിക്കപ്പെടാത്ത, പച്ചപ്പ് നിറഞ്ഞ കുന്നുകളാൽ ചുറ്റപ്പെട്ട മഞ്ചനബെലെ ഡാമിന്റെ സൗന്ദര്യം വർണനകൾക്ക് അതീതമാണ്.