
മേപ്പാടി: വയനാട്ടിലേക്കുള്ള യാത്ര ഒരോ യാത്രക്കാരനും എപ്പോഴും മനോഹരമായ അനുഭവങ്ങളാണ് സമ്മാനിക്കുക. സമതലങ്ങളും മലനിരകളും ദൃശ്യമാക്കുന്ന സുന്ദരമായ കാഴ്ചകൾ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകും. വയനാട്ടിലേക്കുള്ള യാത്രയിൽ ട്രക്കിങ്ങിന്റെ സാഹസികതയും പച്ചപ്പിന്റെ മനോഹാരിതയും ഒരുപോലെ ചേർന്ന് നിൽക്കുന്ന ഒരിടമുണ്ട്, 900 കണ്ടി....
താമരശ്ശേരി ചുരം കടന്ന് വയനാടിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്നവർ ഒരിക്കലും 900 കണ്ടി മിസ്സാക്കരുത്. തികച്ചും ശാന്തമായ അന്തരീക്ഷമുള്ള ഇവിടം പ്രകൃതിരമണീയമായ കാഴ്‌ചകൾ കൊണ്ട് സഞ്ചാരികൾക്ക് കുളിരേകും. ഗ്ലാസ് ബ്രിഡ്‌ജും ഒരു സ്വകാര്യ തോട്ടവുമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. 900 കണ്ടിയുടെ താഴ്‌വരയിൽ നിന്ന് മുകളിലേയ്ക്ക് കയറാനുള്ള പാതയാണ് ഏറ്റവും സാഹസികത.
ചുറ്റും ഇടതൂർന്ന മരങ്ങൾക്ക് ഇടയിലൂടെ ട്രക്കിംഗ് നടത്താൻ സാധിക്കും. യാത്രാമധ്യേ, മനോഹരമായ വെള്ളച്ചാട്ടങ്ങളും, മനോഹരമായ ചതുപ്പുനിലങ്ങളും നിങ്ങൾക്ക് കാണാം. മരങ്ങളും വനവും ചോലകളും മാത്രമല്ല, ഇടയ്ക്ക് കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങളുമെല്ലാം കടന്നാണ് യാത്ര പോകുന്നത്. സാഹസികതയും പച്ചപ്പും ശാന്തതയുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ഇവിടേക്ക് വരാം.
കണ്ണൂരിൽ നിന്ന് വരുന്നവർക്ക് കൂത്തുപറമ്പ് വഴി മാനന്തവാടി കയറി അവിടെ നിന്നും കൽപ്പറ്റ വഴി 900 കണ്ടിയിലെത്താം. കോഴിക്കോട് നിന്ന് വരുന്നവർക്ക് താമരശ്ശേരി ചുരം കയറി വൈത്തിരിയിലേക്ക് എത്താം. അവിടെ നിന്ന് മേപ്പാടി വഴി 900 കണ്ടിയിലേക്ക് കയറാം.