
തൃശൂർ: അതിരപ്പള്ളിയിൽ എത്തുന്നവർക്ക് ഇനി നയന മനോഹര കാഴ്ച ആസ്വദിക്കാം. കരിങ്കൽക്കുത്തുകൾക്കിടയിലൂടെ കുത്തിയൊലിച്ച് വരുന്ന ചാർപ്പ വെള്ളച്ചാട്ടം അടുത്ത് നിന്ന് ആസ്വദിക്കാൻ നടപ്പാലമൊരുങ്ങി. വേനൽക്കാലത്ത് വെള്ളം കുറവായിരിക്കുമെങ്കിലും മഴയെത്തിയാൽ ചാർപ്പയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത മനോഹാരിതയാണ്. അതിന് കുറുകെ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനായി നിർമിച്ച നടപ്പാലം ഇപ്പോൾ ഇവിടേക്ക് കൂടുതൽ വിനോദ സഞ്ചാരികളുടെ ആകർഷണമായി.
അതിരപ്പിള്ളിയിൽ നിന്ന് വാഴച്ചാലിലേക്കുള്ള വഴിയിലാണ് വിനോദസഞ്ചാരികൾക്കായി നിർമിച്ച ഈ നടപ്പാലം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്നേഹികൾക്കും നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് വിട്ടുമാറി ശാന്തത ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ കേന്ദ്രമാണിത്. 2020 ൽ ടൂറിസം വകുപ്പ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 99 ലക്ഷം രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിൽ ഒരുക്കിയ പാലം ഏപ്രിൽ പത്തിന് നിർമ്മാണം പൂർത്തിയാക്കി. പാലത്തിനു സമാന്തരമായുണ്ടായിരുന്ന പഴയ ബ്രിട്ടീഷ് നിർമിത പാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിച്ചത്.
അതിരപ്പിള്ളി-വാഴച്ചാൽ മേഖലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ചാർപ്പ വെള്ളച്ചാട്ടം. അതിരപ്പിള്ളിയും വാഴച്ചാലും കാണാൻ വരുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച വിരുന്നാണ് ചാർപ്പ വെള്ളച്ചാട്ടവും ഈ നടപ്പാലവും. ശക്തമായ മഴയിൽ റോഡ് കവിഞ്ഞൊഴുകുന്ന ജലപാതം കാണാനായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. വിനോദസഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിൻ്റെയും ഇടതൂർന്നു നിൽക്കുന്ന കാടിൻ്റെയും ഭംഗി സുരക്ഷിതമായി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ നടപ്പാലത്തിൽ ടൈലുകൾ പാകിയിട്ടുണ്ട്. നടപ്പാലത്തിന് പുറമേ വെള്ളച്ചാട്ടത്തെ അടുത്ത് നിന്ന് ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിൻ്റും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗതത്തിൻ്റേയും ടൂറിസത്തിൻ്റെയും സാധ്യതകൾ ഏകീകരിച്ച് ഫലപ്രദമായി നടപ്പിലാക്കിയ വികസന മാതൃകയായാണ് ചാർപ്പ വെള്ളച്ചാട്ടത്തിന് കുറുകെ നിർമിച്ച നടപ്പാലം.