
സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ ചൂടിൽ നിന്നെല്ലാം ഒരു ആശ്വാസം നിങ്ങൾ തേടുന്നുണ്ടോ? എങ്കിൽ മികച്ചൊരു ഓപ്ഷനാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. ഇവിടൊരു കുളി പാസാക്കിയാൽ ശരീരവും മനസ്സും ഒരുപോലെ പുതുമയോടെ നിറയും. നിലമ്പൂരിന്റെ പച്ചപ്പാർന്ന മലനിരകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം വേനൽച്ചൂടിന് പ്രകൃതിയുടെ മറുപടിപോലെയാണ്. കുടുംബസമേതം ഒരു ദിനയാത്രയ്ക്കും സുഹൃത്തുക്കളോടൊപ്പം കുളിർസമയത്തിനും ആഢ്യൻപാറ അനുയോജ്യമായ ഇടമാണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കുറുമ്പലകോട് വില്ലേജിലാണ് ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ മനോഹര പച്ചപ്പിനിടയിൽ പാറകളിലൂടെ പതിച്ചൊഴുകുന്ന ഈ വെള്ളച്ചാട്ടം പ്രകൃതിപ്രേമികൾക്ക് ഒരു സ്വർഗ്ഗഭൂമിയാണ്. വർഷം മുഴുവൻ വെള്ളമൊഴുകുന്ന അപൂർവ സവിശേഷതയാണ് ആഢ്യൻപാറയെ മറ്റ് വെള്ളച്ചാട്ടങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.
മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇരട്ടിയാകും. വഴുക്കലുള്ള പാറകളെക്കുറിച്ച് അൽപ്പം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും ഇവിടം അനിയോജ്യമാണ്. സാഹസികരായ വിനോദസഞ്ചാരികൾക്ക് പാറകളിലൂടെ നടക്കാനും വെള്ളത്തിൽ കുളിക്കാനുമുള്ള അവസരവും ഇവിടെ ലഭ്യമാണ്. എന്നാൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നത് അത്യാവശ്യമാണ്.
മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്. സൗന്ദര്യവും ശാന്തതയും ഒരുമിച്ചുള്ള അനുഭവം തേടുന്നവർക്ക് ആഢ്യൻപാറ മികച്ച തിരഞ്ഞെടുപ്പാണ്. നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി പ്രകൃതിയുടെ കുളിരിൽ ഒരു ദിവസം ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് നിലമ്പൂരിലെ ഈ പ്രകൃതി കാഴ്ച മറക്കാനാകാത്ത അനുഭവമാകും.
ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് സമീപം നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമായ നിലമ്പൂർ തേക്ക് മ്യൂസിയം, പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെ, ഗൂഡല്ലൂർ ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പഴക്കമേറിയ മനുഷ്യനിർമ്മിത തേക്ക് തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട്, കടലുണ്ടി പക്ഷിസങ്കേതം, നെടുങ്കയം മഴക്കാടുകൾ, തിരുമാന്ധാംകുന്ന് ക്ഷേത്രം, എലെമ്പലൈ കുന്നുകൾ, ബംഗ്ലാവ് കുന്ന് എന്നിവയാണ് സമീപത്തുള്ള മറ്റ് ആകർഷണങ്ങൾ.