അമേരിക്കൻ ബിസിനസ്, ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കുന്ന 50 രാജ്യങ്ങളിലെ പൗരന്മാർക്ക് 20,000 ഡോളർ വരെ വിസ ബോണ്ട് നിർബന്ധമാക്കുന്ന നിയമം അമേരിക്ക സ്ഥിരീകരിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയാൻ ലക്ഷ്യമിടുന്ന ഈ നിയമം 2026 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരും.
അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി അപേക്ഷിക്കുന്ന ചില വിദേശ പൗരന്മാർക്ക് ഇനി 20,000 അമേരിക്കൻ ഡോളർ (ഏകദേശം 17 ലക്ഷം രൂപ) വരെ വിസ ബോണ്ട് നിർബന്ധമാക്കുന്ന പദ്ധതി സ്ഥിരനിയമമാക്കി അമേരിക്ക. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന 50 രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയ ചട്ടം ബാധകമാകുക. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം അമേരിക്കൻ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു.
കുടിയേറ്റ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക ലക്ഷ്യം
ബിസിനസ് ആവശ്യങ്ങൾക്കുള്ള ബി–1 വിസയും ടൂറിസം ആവശ്യങ്ങൾക്കുള്ള ബി–2 വിസയും അപേക്ഷിക്കുന്നവർക്കാണ് പുതിയ വ്യവസ്ഥ ബാധകമാകുക. ഓരോ അപേക്ഷയും പരിശോധിക്കുന്ന കോൺസുലർ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമായിരിക്കും ബോണ്ട് തുക നിശ്ചയിക്കുക. പുതിയ ചട്ടപ്രകാരം, വിസ അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകരോട് 20,000 ഡോളർ വരെ ബോണ്ട് കെട്ടിവെക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാം. മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ 5,000 ഡോളർ, 10,000 ഡോളർ, 15,000 ഡോളർ എന്നിങ്ങനെയായിരുന്നു ബോണ്ട് തുക. ഇപ്പോൾ 5,000 ഡോളർ എന്ന ഓപ്ഷൻ ഒഴിവാക്കുകയും പരമാവധി ബോണ്ട് 20,000 ഡോളറായി ഉയർത്തുകയും ചെയ്തു.
2026 ഓഗസ്റ്റ് മൂന്ന് മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 50 രാജ്യങ്ങളിൽ 30 രാജ്യങ്ങളും ആഫ്രിക്കയിൽ നിന്നുള്ളവയാണ്. വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കുകയും കുടിയേറ്റ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. 2025-ൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വിസ ബോണ്ട് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത് സ്ഥിരനിയമമാക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
പ്രതികൂലമായി ബാധിക്കുമെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ
അതേസമയം, പുതിയ നടപടി നിയമാനുസൃതമായി അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുമെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ വിമർശിച്ചു. ഉയർന്ന ബോണ്ട് തുക പലരെയും യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെയും നിയമപരമായ നടപടിക്രമങ്ങളെയും ബാധിക്കുന്നതാണെന്നും, വംശീയ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുമാണ് ഈ നടപടികളെന്ന് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നു.
അനധികൃത കുടിയേറ്റം തടയുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം, ചില വിസ വിഭാഗങ്ങളിലെ അപേക്ഷാ ഫീസ് വർധിപ്പിക്കൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദമായ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലൂടെ നിയമാനുസൃത കുടിയേറ്റ നടപടിക്രമങ്ങളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.


