പിങ്ക് സിറ്റിയിൽ ആഘോഷപ്പൂത്തിരി! പുതുവർഷത്തെ വരവേൽക്കാൻ രാജസ്ഥാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Published : Dec 31, 2025, 03:42 PM IST
Rajasthan

Synopsis

പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ജയ്പൂർ ഉൾപ്പെടെയുള്ള രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. നിരവധി ആഭ്യന്തര, അന്തർദേശീയ സഞ്ചാരികളാണ് ഇവിടങ്ങളിലേയ്ക്ക് എത്തുന്നത്.  

പുതുവർഷത്തെ സ്വാ​ഗതം ചെയ്യാൻ രാജസ്ഥാനിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. ജയ്പൂരിലേയ്ക്കാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ഇതിന് പുറമെ മറ്റ് പ്രശസ്തമായ സ്ഥലങ്ങളിലേയ്ക്കും സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ട്. ഇതോടെ സംസ്ഥാനത്തേയ്ക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ശൈത്യകാല അവധിക്കാലം ആരംഭിച്ചതോടെ, ആഭ്യന്തര, അന്തർദേശീയ സഞ്ചാരികളുടെ എണ്ണത്തിൽ മുൻകാലങ്ങളില്ലാത്ത വളർച്ചയാണുണ്ടായിരിക്കുന്നത്. ഇത് പ്രാദേശിക ടൂറിസം വ്യവസായത്തിന് വലിയ രീതിയിലുള്ള ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ജയ്സാൽമീറിലും ജയ്പൂരിലുമാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്. ആയിരക്കണക്കിന് ആളുകൾ ദിവസവും ഇവിടെയെത്തുന്നുണ്ട്. ആഭ്യന്തര ടൂറിസം വളരുന്നതിനോടൊപ്പം തന്നെ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണവും വർധിക്കുന്നുണ്ട്. യുഎസ്എ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ജർമ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സഞ്ചാരികളും ധാരാളമായി ഇവിടങ്ങളിലേയ്ക്ക് എത്തുന്നുണ്ട്. വിദേശ വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് ജയ്പൂരിന്റെ "പിങ്ക് സിറ്റി" ആകർഷണീയത നേരിട്ടറിയാനാണ് താത്പ്പര്യപ്പെടുന്നത്. ഇതിന് പുറമെ, ജയ്പൂരിന്റെ പാചക പൈതൃകം, പ്രാദേശിക കലകൾ എന്നിവയിലേക്കും വിദേശ വിനോദസഞ്ചാരികൾ വലിയ രീതിയിൽ ആകർഷിക്കപ്പെടുന്നുണ്ട്.

ജയ്പൂരിലെ പ്രശസ്തമായ ലാൻഡ്‌മാർക്കുകളായ ആമെർ ഫോർട്ട്, ഹവാ മഹൽ, ജൽ മഹൽ, ആൽബർട്ട് ഹാൾ, സിറ്റി പാലസ്, ജന്തർ മന്തർ, നഹർഗഡ് ഫോർട്ട് എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പീക്ക് സീസൺ നവംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനിൽക്കുമെങ്കിലും ഡിസംബർ അവസാന ആഴ്ച വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയമായി തുടരുമെന്നാണ് വ്യവസായ വിദഗ്ധരും ഗൈഡുകളും അഭിപ്രായപ്പെടുന്നത്. ഫെബ്രുവരി വരെ നിലവിലെ തിരക്ക് തുടരുമെന്നും മരുഭൂമി കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ രാജസ്ഥാന്റെ ടൂറിസം സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണക്കുകൂട്ടുന്നു.

ആഡംബരം ആഗ്രഹിക്കുന്നവർക്ക് പുതുവത്സരാഘോഷങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് രാജസ്ഥാൻ. ഉദയ്പൂരും ജയ്പൂരും സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും. കൊട്ടാരങ്ങൾ, തടാകങ്ങൾ, പരമ്പരാഗത നാടോടി കലാരൂപങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഡംബരപൂർണ്ണമായ പരിപാടികൾക്ക് രാജസ്ഥാൻ വേദിയൊരുക്കുന്നു. വെയിലുള്ള പകലും തണുപ്പുള്ള രാത്രികളും ഉൾപ്പെടുന്ന ശൈത്യകാലം മനോഹരമാണ്.

 ഉദയ്പൂരിൽ, സന്ദർശകർക്ക് പിച്ചോള തടാകത്തെ അഭിമുഖീകരിച്ച് തടാകക്കരയിൽ അത്താഴം ആസ്വദിക്കാനും സിറ്റി പാലസിന് മുകളിലുള്ള വെടിക്കെട്ട് കാണാനും കഴിയും. ജയ്പൂരിൽ, നഹർഗഡ് കോട്ട നഗരവിളക്കുകളുടെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. രണ്ട് നഗരങ്ങളിലെയും ഹെറിറ്റേജ് ഹോട്ടലുകൾ ഭക്ഷണപാനീയങ്ങൾക്കൊപ്പം സാംസ്കാരിക പ്രകടനങ്ങളും ഉൾക്കൊള്ളുന്ന ഡിന്നറുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം തന്നെ പുതുവത്സര ആഘോഷം പൂർണമായ രീതിയിൽ ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു.

രാജസ്ഥാനി നാടോടി സംഗീതം, ഒട്ടക സവാരി, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയുള്ള മരുഭൂമി ക്യാമ്പ് പാർട്ടികൾ ആസ്വദിക്കാനായി പുതുവത്സരത്തിൽ നിരവധിയാളുകളാണ് എത്തുന്നത്. ആഘോഷങ്ങൾ വരുന്ന മാസങ്ങളിലേയ്ക്കും നീളും. രാജസ്ഥാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ മൂന്ന് ദിവസത്തെ ആഘോഷമാണ് 2026 ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ ജയ്സാൽമീറിൽ നടക്കുന്ന മരുഭൂമി ഉത്സവം. ഈ സീസണിലും സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് സാധാരണയായി ഉണ്ടാകാറുള്ളത്.

PREV
Read more Articles on
click me!

Recommended Stories

വർണങ്ങളിൽ മിന്നിത്തിളങ്ങി നെയ്യാർ ഡാം; വിസ്മയമായി ജംഗിൾ ഫിയെസ്റ്റ
തേൻ ഒഴുകുന്ന മലയിലേക്ക് ഒരു യാത്ര; ഇന്ത്യയിലെ ആദ്യത്തെ ഇക്കോ-ടൂറിസം വിസ്മയമായ തെന്മലയെ അറിയാം!