തേൻ ഒഴുകുന്ന മലയിലേക്ക് ഒരു യാത്ര; ഇന്ത്യയിലെ ആദ്യത്തെ ഇക്കോ-ടൂറിസം വിസ്മയമായ തെന്മലയെ അറിയാം!

Published : Dec 28, 2025, 02:08 PM IST
Thenmala

Synopsis

ആകാശയാത്ര, നക്ഷത്രവനം, മാൻ പുനരധിവാസ കേന്ദ്രം, ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെയുള്ള ബോട്ടിംഗ് എന്നിവ തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രധാന ആകർഷണങ്ങളാണ്.

പ്രകൃതിഭംഗിയാൽ സമ്പന്നമായ ജില്ലയാണ് കൊല്ലം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതിയായ തെന്മല കൊല്ലം ജില്ലയിലാണ്. കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-ചെങ്കോട്ട റോഡുകൾ സന്ധിക്കുന്ന തന്ത്രപ്രധാനമായ ഇടത്താണ് തെന്മല സ്ഥിതി ചെയ്യുന്നത്. പച്ചപ്പും വന്യതയും ഒത്തുചേരുന്ന ഇവിടം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലനിരകളെ കൂട്ടിയിണക്കി 10 പ്രധാന കേന്ദ്രങ്ങളിലായാണ് വ്യാപിച്ചുകിടക്കുന്നത്. 'തേൻ ഒഴുകുന്ന മല' എന്ന് അർത്ഥമുള്ള 'തേൻമല' എന്ന വാക്കിൽ നിന്നാണ് തെന്മല എന്ന പേരുണ്ടായത് .

തെന്മലയിലെ ആകർഷണങ്ങൾ

ആകാശയാത്രയും ആടും പാതയും: വന്മരങ്ങളുടെ പച്ചമേലാപ്പിനിടയിലൂടെയുള്ള ആകാശയാത്രയാണ് തെന്മലയിലെ പ്രധാന ആകർഷണം. കുട്ടികൾക്കായി വലകൾ കൊണ്ട് നിർമ്മിച്ച 'ആടും പാത'യും വേറിട്ട അനുഭവം നൽകുന്നു.

നക്ഷത്രവനം: മലയാളം പഞ്ചാംഗത്തിലെ 27 ജന്മനക്ഷത്രങ്ങൾക്കും അനുയോജ്യമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ള അപൂർവ്വമായ ഒന്നാണ് ഇവിടുത്തെ നക്ഷത്രവനം. സ്വന്തം നക്ഷത്രവൃക്ഷത്തെ കാണാനും അതിന്റെ തൈകൾ വാങ്ങി വീട്ടിൽ നടാനും ഇവിടെ സൗകര്യമുണ്ട്.

മാൻ പുനരധിവാസ കേന്ദ്രം: കാട്ടിൽ ഒറ്റപ്പെട്ടുപോകുന്നതും പരിക്കേറ്റതുമായ മാൻകുഞ്ഞുങ്ങളെ സംരക്ഷിച്ചു പരിപാലിക്കുന്ന കേന്ദ്രവും തെന്മലയിലുണ്ട്. അവ ആരോഗ്യവാനായാൽ തിരികെ കാട്ടിലേക്ക് വിടും.

ബോട്ടിലിംഗും ശെന്തുരുണിയും: തെന്മല ഡാമിലെ വിശാലമായ ജലസംഭരണിയിലൂടെയുള്ള ബോട്ട് യാത്ര അതിമനോഹരമാണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ വന്യത ആസ്വദിക്കാൻ ഇത് സഹായിക്കുന്നു.

ശില്പവനവും പൂന്തോട്ടവും: വൈകുന്നേരങ്ങളിൽ ഉലാത്താൻ പറ്റിയ തറയോട് പാകിയ വഴികളും മനോഹരമായ ശില്പങ്ങൾ നിറഞ്ഞ കുട്ടികളുടെ പൂന്തോട്ടവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കാടിനുള്ളിലെ താമസം: ആധുനിക സൗകര്യങ്ങൾക്കപ്പുറം പ്രകൃതിയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാടിനുള്ളിൽ സുരക്ഷിതമായി താമസിക്കാൻ ഏറുമാടങ്ങൾ ഒരുക്കിയിട്ടുണ്ട്.

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : ചെങ്കോട്ട, 29 കി. മീ., കൊല്ലം 66 കി. മീ.

അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 72 കി. മീ.

PREV
Read more Articles on
click me!

Recommended Stories

മധുര മനോഹര മധുര യാത്ര; മീനാക്ഷി ക്ഷേത്രത്തിനപ്പുറം, ജിഗർതണ്ടയുടെ മധുരം നുണഞ്ഞ് കിഴക്കിന്റെ ഏഥൻസിലൂടെ
ആകാശത്തോളം ഉയരത്തിൽ ഒരു വിസ്മയം! സ്റ്റാച്യൂ ഓഫ് യൂണിറ്റി ട്രാവൽ ഗൈഡ്