
ഇന്ത്യയുടെ ഇതിഹാസമായ രാമായണം വായിച്ചിട്ടുള്ളവരോ പുരാണകഥകൾ കേട്ടിട്ടുള്ളവരോ ദണ്ഡകാരണ്യത്തെക്കുറിച്ച് കേട്ടിരിക്കും. എന്നാൽ, ഇതേ കുറിച്ച് അറിയാത്തവരുമുണ്ടാകാം. രാമായണത്തിൽ പറയുന്നത് അനുസരിച്ച് ശ്രീരാമൻ വനവാസകാലം ചെലവഴിച്ചത് ഈ വനത്തിലാണ്. 92,200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശമാണ് ദണ്ഡകാരണ്യം. പടിഞ്ഞാറുള്ള അബുജ്മർ കുന്നുകൾ മുതൽ തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലേക്കും ഈ വനം വ്യാപിച്ചുകിടക്കുന്നു.
അസുരന്മാരും മറ്റ് ക്ഷുദ്രജീവികളും വസിച്ചിരുന്ന സ്ഥലമാണിതെന്ന് പുരാണത്തിൽ പറയുന്നു. വനവാസ കാലത്ത് രാമനും സീതയും സഹോദരൻ ലക്ഷ്മണനും ഇവിടെ കഴിഞ്ഞിരുന്നുവെന്നാണ് ഐതിഹ്യം. മൂവരും ഏകദേശം 12 വർഷത്തോളം ഇവിടെ ചെലവഴിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദണ്ഡ (ദണ്ഡക എന്ന അസുരന്റെ വാസസ്ഥലം, കാട് എന്നർത്ഥം വരുന്ന ആരണ്യ) എന്നീ രണ്ട് വാക്കുകളുടെ സംയോജനമാണ് ദണ്ഡകാരണ്യം. ഈ പ്രദേശം അസുരൻമാരുടെ ദണ്ഡരാജ്യമായിരുന്നുവെന്നാണ് പുരാണത്തിൽ പറയുന്നത്.
ദണ്ഡകാരണ്യമെന്ന പ്രദേശം ഇന്നും നിലനിൽക്കുന്നുണ്ട്. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലാണ് ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നത്. റായ്പൂരിൽ നിന്ന് ഏകദേശം 264 കിലോമീറ്റർ അകലെയാണ് ബസ്തർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്ഥലങ്ങളിലൊന്നാണ് ഇവിടം. ഇടതൂർന്ന വനങ്ങൾ, വന്യജീവികൾ, വെള്ളച്ചാട്ടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, പഴയ കൊട്ടാരങ്ങൾ എന്നിവയെല്ലാം ദണ്ഡകാരണ്യത്തിലുണ്ട്. ഈ പ്രദേശത്ത് നിരവധി ഗോത്രവർഗക്കാർ ഇന്നും താമസിക്കുന്നുണ്ട്.
അയോധ്യ മുതൽ ശ്രീലങ്ക വരെയുള്ള 248 സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന "രാം വാൻ ഗമൻ പാത" എന്ന പേരിൽ ഛത്തീസ്ഗഢ് സർക്കാർ ഒരു ടൂറിസ്റ്റ് സർക്യൂട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഈ സർക്യൂട്ടിന്റെ ഒരു പ്രധാന ഭാഗമാണ് ബസ്തർ. രാമായണത്തിൽ ശ്രീരാമൻ വനവാസ കാലത്ത് അയോധ്യയിൽ നിന്ന് പുറപ്പെട്ട് ലങ്കയിലേക്ക് സഞ്ചരിച്ചതായി വിശ്വസിക്കപ്പെടുന്ന പാതയാണിത്.
ദണ്ഡകാരണ്യത്തിന്റെ ഹൃദയമായാണ് ബസ്തർ കണക്കാക്കപ്പെടുന്നത്. ദണ്ഡകാരണ്യം വനത്തിന്റെ പല ഭാഗങ്ങളും, പ്രത്യേകിച്ച് ബസ്തർ ഇന്ന് നക്സലൈറ്റുകളുടെ ഒളിത്താവളമായാണ് വിലയിരുത്തപ്പെടുന്നത്. നക്സലൈറ്റുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവിടുത്തെ ആളുകൾ ഇന്നും വളരെ ആവേശത്തോടെ ദീപാവലി ആഘോഷിക്കാറുണ്ട്. ദന്തേരാസ്, ഛോട്ടി ദീപാവലി, ബഡി ദീപാവലി എന്നിവയും ഈ വനത്തിൽ പ്രത്യേക രീതിയിൽ ആഘോഷിക്കപ്പെടുന്നു. കുതിര ലാടത്തോട് സാമ്യമുള്ള ചിത്രകൂട് വെള്ളച്ചാട്ടം ഇവിടെയാണ്. കൂടാതെ, തിരത്ഗഡ് വെള്ളച്ചാട്ടവും കാംഗർ ഘട്ടി ദേശീയോദ്യാനവും രാമായണവുമായി ബന്ധപ്പെട്ടിരിക്കുന്നു.