
പനാജി: ഒരു ഇടവേളയ്ക്ക് ശേഷം സഞ്ചാരികൾ വലിയ രീതിയിൽ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ഗോവ. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പുറമെ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് കൂടി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ഹോംസ്റ്റേ ആൻഡ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്കീം' ആരംഭിച്ചിരിക്കുകയാണ് ഗോവ സർക്കാർ. തദ്ദേശവാസികൾക്ക് സാമ്പത്തികമായ പിന്തുണയും പ്രോത്സാഹനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹോംസ്റ്റേ ആൻഡ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്കീം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉൾനാടൻ ടൂറിസം പ്രോത്സാഹിപ്പിക്കുകയും വനിതാ ഓപ്പറേറ്റർമാർക്ക് അവരുടെ ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുന്നതിലൂടെ അവരെ ശാക്തീകരിക്കുകയുമാണ് ഹോംസ്റ്റേ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വന്യജീവി സങ്കേതങ്ങളിലേക്കും ഗ്രാമീണ മേഖലകളിലുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേയ്ക്കുമുള്ള പ്രവേശനം ഇതുവഴി മെച്ചപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ 'ഗോവ ബിയോണ്ട് ബീച്ചസ്' എന്ന കാഴ്ചപ്പാടുമായി ഈ പദ്ധതി പൂർണ്ണമായും യോജിക്കുന്നതാണെന്ന് ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ അഭിപ്രായപ്പെട്ടു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു കേന്ദ്രീകൃത ശ്രമമായി ഇത് പ്രവർത്തിക്കുമെന്നും മിക്ക ഹോംസ്റ്റേകളും നടത്തുന്നത് സ്ത്രീകളായതിനാൽ, ടൂറിസം സമ്പദ്‌വ്യവസ്ഥയിൽ അവരുടെ പങ്ക് ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 2025ന്റെ ആദ്യ പാദത്തിൽ ഗോവയിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 10.5 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ വളരെ മോശം സാഹചര്യങ്ങളിലൂടെയായിരുന്നു ഗോവ കടന്നുപോയത്. പ്രധാന വിപണികളുടെ മികച്ച രീതിയിലുള്ള പ്രമോഷൻ, മെച്ചപ്പെട്ട അന്താരാഷ്ട്ര വ്യോമയാന കണക്റ്റിവിറ്റി തുടങ്ങിയ ഗോവ ടൂറിസം വകുപ്പിന്റെ തന്ത്രപരമായ സംരംഭങ്ങളാണ് ഇപ്പോൾ വീണ്ടും ഗോവയിലേയ്ക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ വർഷം ഇതുവരെ ഏകദേശം 28.5 ലക്ഷം ആളുകളാണ് ഗോവയിലേയ്ക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25.8 ലക്ഷമായിരുന്നു.