ഒരു വൺഡേ ട്രിപ്പടിച്ചാലോ? കേരളത്തിലെ 5 കിടിലൻ ഡെസ്റ്റിനേഷനുകൾ ഇതാ

Published : Jul 08, 2025, 05:15 PM IST
One day trip

Synopsis

കേരളത്തിൽ ഒരു ദിവസം കൊണ്ട് പോയി വരാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. 

കൊച്ചി: ജോലിത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അൽപ്പ നേരം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. പല കാരണങ്ങൾ കൊണ്ടും ഇത്തരം യാത്രകളും മറ്റും പലപ്പോഴും നടക്കാറില്ലെന്ന പരാതി പറയുന്നവര്‍ ഏറെയാണ്. മികച്ച രീതിയിൽ സമയം ചെലവഴിക്കാനും സമ്മര്‍ദ്ദങ്ങൾ അകറ്റാനും ഒരു വൺഡേ ട്രിപ്പ് പോകുക എന്നതാണ് ഏറ്റവും ഉചിതമായ കാര്യം. കേരളത്തിൽ ഒരു ദിവസം കൊണ്ട് പോയി വരാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. അത്തരത്തിൽ കേരളത്തിലുള്ള മികച്ച 5 വൺഡേ ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1. കുമരകം

വേമ്പനാട് കായലിന്റെ കിഴക്കേ അറ്റത്തുള്ള ഒരു ദ്വീപ സമൂഹമാണ് കുമരകം. വേമ്പനാട് കായലിന്റെ ഏറ്റവും സുന്ദരമായ ഭാഗങ്ങൾ കുമരകത്താണുള്ളത്. സ്വാദിഷ്ടമായ കായൽ വിഭവങ്ങൾ ആസ്വദിക്കുകയും ബോട്ടിംഗ്, പുരവഞ്ചികൾ, കെട്ടുവള്ളങ്ങൾ എന്നിവയിൽ സമയം ചെലവഴിക്കുകയും ചെയ്യാം. ചൂണ്ടയിടൽ പരീക്ഷണങ്ങൾക്കും കുമരകം മികച്ച സ്പോട്ടാണ്. പക്ഷിനിരീക്ഷകരുടെ പറുദീസ കൂടിയാണ് കുമരകം.

2. വയനാട്

പ്രകൃതി ഭംഗി ആസ്വദിക്കാനും തണുപ്പും കോടമഞ്ഞും പച്ചപ്പുമെല്ലാം അനുഭവിക്കാനുമാണ് നിങ്ങൾക്ക് താത്പ്പര്യമെങ്കിൽ നേരെ വയനാട് ചുരം കയറാം. ട്രെക്കിംഗ്, ബോട്ടിംഗ്, കയാക്കിംഗ് എന്നിവ നടത്താനും നിഗൂഢമായ ഗുഹകൾ പര്യവേക്ഷണം ചെയ്യാനും വന്യജീവികളുടെ സ്വൈര്യവിഹാരം നേരിൽ കാണാനുമെല്ലാം വയനാട് അവസരം നൽകുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ വയനാട് മികച്ച ഓപ്ഷനാണ്.

3. തൃശൂര്‍

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ വൺഡേ ട്രിപ്പിന് ഏറെ അനുയോജ്യമാണ്. ഉത്സവ സീസണുകളിലാണെങ്കിൽ നിരവധി കാര്യങ്ങൾ തൃശൂരിൽ ചെയ്യാൻ കഴിയും. ആനപരിപാലന കേന്ദ്രങ്ങൾ, മൃഗശാല, പുരാവസ്തു മ്യൂസിയം, ആതിരപ്പിള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, തേക്കിൻകാട് മൈതാനം എന്നിവയാണ് തൃശൂരിൽ പ്രധാനമായും കണ്ടിരിക്കേണ്ട കാഴ്ചകൾ.

4. കോഴിക്കോട്

കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുക ബീച്ചും മിഠായി തെരുമൊക്കെയാകും. മലബാറിന്റെ സ്വാദ് നുകരാൻ കോഴിക്കോട് സന്ദര്‍ശിച്ചാൽ മതി. കല്ലുമ്മക്കായയും ചട്ടിപ്പത്തിരിയും വ്യത്യസ്തയിനം ജിലേബികളും ഹൽവകളുമെല്ലാം നിങ്ങൾക്ക് രുചിക്കാൻ സാധിക്കും. പഴയ വിളക്കുമാടവും ബീച്ചും മാനാഞ്ചിറ സ്ക്വയറും സരോവരം ബയോ പാര്‍ക്കുമെല്ലാം കാണേണ്ട സ്പോട്ടുകളാണ്.

5. കൊച്ചി

വൺഡേ ട്രിപ്പിന് കൊച്ചിയെയും ധൈര്യമായി പരിഗണിക്കാവുന്നതാണ്. തിരക്കേറിയ കൊച്ചിയ്ക്ക് ശാന്തമായ മറ്റൊരു മുഖം കൂടിയുണ്ട്. പരമ്പരാഗത ചീനവല മത്സബന്ധനം, പോഷ് കഫേകൾ, വിവിധ ബീച്ചുകൾ, കായൽ തീരങ്ങൾ, ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ, കൊട്ടാരങ്ങൾ, വ്യത്യസ്തമായ ഇന്ത്യൻ സംസ്കാരം മുതൽ വിദേശ സംസ്കാരത്തിന്റെ സ്വാധീനങ്ങൾ വരെ കൊച്ചി സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ മെട്രോ, മറൈൻ ഡ്രൈവ്, ബോൾഗാട്ടി പാലസ്, ഫോര്‍ട്ട് കൊച്ചി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രത്തോളം കാഴ്ചകൾ കൊച്ചിയിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഭൂമിയിലെ സ്വര്‍ഗം! മണാലിയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?
പ്രകൃതിയുടെ മടിത്തട്ടിലൊരു ഡാം; നെയ്യാറിലെ കാഴ്ചകൾ