തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ കേരളത്തോട് ചേർന്നുകിടക്കുന്ന മനോഹരമായ ഗ്രാമമാണ് മേക്കര. ഹനുമാൻ നദിക്ക് കുറുകെയുള്ള അടവിനൈനാർ അണക്കെട്ടും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ഒരിത്തിരി നേരം കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അത്തരത്തിൽ എല്ലാ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കാൻ അനുയോജ്യമായ ഒരിടമാണ് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ കേരളത്തോട് ചേർന്നുകിടക്കുന്ന അതിമനോഹരമായ മേക്കര ഗ്രാമം. വെള്ളച്ചാട്ടങ്ങളും അണക്കെട്ടും കൊണ്ട് കാഴ്ചകളുടെ ഒരു അത്ഭുത ലോകം തന്നെയാണ് മേക്കര സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.
ഹനുമാൻ നദിക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള അടവിനൈനാർ അണക്കെട്ടാണ് മേക്കരയിലെ പ്രധാന ആകർഷണം. പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തായി, കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കൃഷി ആവശ്യങ്ങൾക്കായി നിർമ്മിച്ച ഈ ഡാമിന് ഏകദേശം 51.5 മീറ്റർ ഉയരമുണ്ട്. മഴക്കാലത്ത് അണക്കെട്ട് നിറഞ്ഞു കവിഞ്ഞൊഴുകുന്നത് കാണാനായി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്താറുള്ളത്. ഡാമിനോട് ചേർന്ന് മനോഹരമായ ഒരു പാർക്കും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
പച്ചപ്പും തെങ്ങിൻ തോപ്പുകളും നെൽവയലുകളും നിറഞ്ഞ മേക്കര തമിഴ്‌നാട്ടിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നാണെന്ന് വേണം പറയാൻ. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മൺസൂൺ കാലത്ത് മേക്കരയുടെ സൗന്ദര്യം ഇരട്ടിയാകും. ഈ സമയത്ത് മേഘങ്ങളാൽ മൂടപ്പെട്ട മലനിരകളുടെയും തുള്ളിച്ചാടി ഒഴുകുന്ന വെള്ളച്ചാട്ടങ്ങളുടെയും മനംമയക്കുന്ന കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം.
പുനലൂർ - ആര്യങ്കാവ് - ചെങ്കോട്ട - ഇലത്തൂർ - പൻപൊളി വഴിയോ കോന്നിയിൽ നിന്ന് വരുന്നവർക്ക് വനത്തിലൂടെയുള്ള അച്ചൻകോവിൽ - മേക്കര പാതയിലൂടെയോ ഇവിടേയ്ക്ക് എത്തിച്ചേരാവുന്നതാണ്. തെങ്കാശിയിൽ നിന്ന് ഏകദേശം 15-20 കിലോമീറ്റർ അകലെയാണ് മേക്കര സ്ഥിതി ചെയ്യുന്നത്. കുറ്റാലം വെള്ളച്ചാട്ടം, തിരുമലൈ കോവിൽ എന്നിവയാണ് സമീപത്തുള്ള പ്രധാന ആകർഷണങ്ങൾ.


