
കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് പാലരുവി. സഹ്യപർവ്വത നിരകളിൽ നിന്ന് ഏകദേശം 300 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മുകളിൽ നിന്നും താഴേക്ക് പാൽ ഒഴുകുന്നത് പോലെ വെളുത്ത നിറത്തിൽ കാണപ്പെടുന്നതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് 'പാലരുവി' എന്ന പേര് ലഭിച്ചത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്ന് എന്ന പ്രത്യേകതയും പാലരുവിയ്ക്ക് ഉണ്ട്.
ഇവിടുത്തെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. നിബിഡമായ വനമേഖലയിലൂടെയും ഔഷധസസ്യങ്ങൾക്കിടയിലൂടെയും ഒഴുകി വരുന്നതിനാലാണ് ഇവിടുത്തെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി സഞ്ചാരികൾ ഇവിടെ കുളിക്കാനായി എത്തുന്നുണ്ട്. രാജഭരണകാലത്ത് തിരുവിതാംകൂർ രാജാക്കന്മാരുടെ ഇഷ്ട സുഖവാസ കേന്ദ്രമായിരുന്ന ഇവിടെ അക്കാലത്ത് നിർമ്മിച്ച കൊട്ടാരത്തിന്റെയും കുതിരലായത്തിന്റെയും അവശിഷ്ടങ്ങൾ ഇന്നും കാണാൻ സാധിക്കും.
കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 75 കിലോമീറ്റർ അകലെയാണ് പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ഈ പ്രദേശം പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു പറുദീസയാണ്. വനം വകുപ്പിന്റെ പ്രത്യേക ബസ്സിൽ കാടിനുള്ളിലൂടെ യാത്ര ചെയ്ത് വേണം വെള്ളച്ചാട്ടത്തിലേയ്ക്ക് എത്താൻ. ബസിറങ്ങി അൽപ്പദൂരം നടന്നാൽ വെള്ളച്ചാട്ടത്തിന് താഴെ എത്താം. ജൂൺ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് പാലരുവി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രകൃതിയുടെ കുളിർമ ആസ്വദിക്കാനും പറ്റിയ മനോഹരമായ ഇടമാണിത്.