- Home
- Yatra
- Destinations (Yatra)
- ന്യൂ ഇയർ പ്ലാനുകൾ ഇതുവരെ ആയില്ലേ? അവധിക്കാലം ആഘോഷമാക്കാൻ 10 ഡെസ്റ്റിനേഷനുകൾ
ന്യൂ ഇയർ പ്ലാനുകൾ ഇതുവരെ ആയില്ലേ? അവധിക്കാലം ആഘോഷമാക്കാൻ 10 ഡെസ്റ്റിനേഷനുകൾ
ക്രിസ്മസ് - ന്യൂഇയർ അവധിയ്ക്ക് യാത്രകൾ പ്ലാൻ ചെയ്യുന്നവർ ഏറെയാണ്. കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ ഇന്ത്യയിലെ 10 സ്ഥലങ്ങൾ.

ഗുൽമാർഗ്, ജമ്മു കശ്മീർ
മഞ്ഞുവീഴ്ചയും പ്രകൃതി സൗന്ദര്യവും ഇടകലർന്ന സ്വപ്നഭൂമിയാണ് ഗുൽമാർഗ്. മഞ്ഞും ശാന്തതയും ഇഷ്ടപ്പെടുന്നവർക്ക് ഇവിടം അനുയോജ്യമാണ്. പ്രകൃതി സ്നേഹികൾക്ക് ഒരു പറുദീസയായ ഇവിടം പുതുവത്സര സമയത്ത് സന്ദർശിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ്.
മണാലി, ഹിമാചൽ പ്രദേശ്
വർഷം മുഴുവനും വിനോദസഞ്ചാരികളാൽ നിറഞ്ഞിരിക്കുന്ന സ്ഥലമാണ് മണാലി. പുതുവത്സരാഘോഷ വേളയിൽ മണാലി ഒന്ന് കാണേണ്ട കാഴ്ചയാണ്. തണുത്തുറഞ്ഞ അന്തരീക്ഷം ആസ്വദിക്കുന്നതിന്റെ ആനന്ദം പുതുവത്സര ആഘോഷത്തിന്റെ മാധുര്യം ഇരട്ടിയാക്കും. ഓൾഡ് മണാലി മികച്ച കഫേകൾക്ക് പേരുകേട്ടയിടമാണ്. സോളാങ് വാലിയിലേക്കും കുഫ്രി പോലുള്ള പരിസര പ്രദേശങ്ങളിലേക്കും നിങ്ങൾക്ക് ഒരു റോഡ് യാത്ര ആസൂത്രണം ചെയ്യാം. മഞ്ഞുമൂടിയ റോഡുകളിൽ സമയം ചെലവഴിക്കുന്നത് നിങ്ങളെ കൂടുതൽ ആവേശഭരിതരാക്കും.
ഊട്ടി, തമിഴ്നാട്
തണുത്തുറഞ്ഞ അന്തരീക്ഷവും ശാന്തമായ ഒരു സായാഹ്നവുമെല്ലാം ആസ്വദിക്കാൻ അനുയോജ്യമായ ഇടമാണ് ഊട്ടി. ദക്ഷിണേന്ത്യയിൽ പുതുവത്സരാഘോഷത്തിന് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് ഊട്ടി എന്നതിൽ സംശയമില്ല. പുതുവത്സര പരിപാടികളും പാർട്ടികളും സംഘടിപ്പിക്കുന്ന നിരവധി വേദികൾ ഊട്ടിയിലുണ്ട്. നിലവിൽ ഊട്ടിയിൽ പലയിടങ്ങളും താപനില മൈനസ് ഡിഗ്രിയിലേയ്ക്കും മഞ്ഞുവീഴ്ചയിലേയ്ക്കും കടന്നിട്ടുണ്ട്.
ഗോവ
എല്ലാ ആഘോഷങ്ങൾക്കും അനുയോജ്യമായ സ്ഥലമാണ് ഗോവ. ഇന്ത്യയിൽ പുതുവത്സരം ആഘോഷിക്കാൻ ഇതിലും മികച്ച ഓപ്ഷൻ ഉണ്ടാകില്ല. മനോഹരമായ ബീച്ചുകൾ, സാഹസികത, വർഷം മുഴുവനും നല്ല കാലാവസ്ഥ, നൈറ്റ് ലൈഫ്, വർണാഭമായ പാർട്ടികൾ, വ്യത്യസ്തമായ സംസ്കാരം എന്നിവയാണ് ഗോവയുടെ സവിശേഷത.
ഉദയ്പൂർ, രാജസ്ഥാൻ
നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ആസ്വദിക്കാൻ പറ്റിയ ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഉദയ്പൂർ. നിങ്ങൾക്ക് ഇവിടെയുള്ള പഴയ കൊട്ടാരങ്ങളും മാർക്കറ്റുകളും സന്ദർശിക്കാം. ആത്മീയത തേടുന്നവർക്കും ഉദയ്പൂർ അനുയോജ്യമാണ്. രാജകീയമായ കാഴ്ചകൾ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഉദയ്പൂർ മറക്കാനാകാത്ത അനുഭവം സമ്മാനിക്കും.
മക്ലിയോഡ്ഗഞ്ച്, ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനാണ് മക്ലിയോഡ്ഗഞ്ച്. നിങ്ങൾ ശാന്തമായ ഒരു സ്ഥലം തിരയുകയും മറ്റൊരു സംസ്കാരത്തിൽ മുഴുകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ പുതുവത്സരം ആഘോഷിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് മക്ലിയോഡ് ഗഞ്ച് എന്ന് നിസംശയം പറയാം. ധർമ്മശാലയും സമീപ സ്ഥലങ്ങളും പര്യവേക്ഷണം ചെയ്യാനും മറക്കരുത്.
പോണ്ടിച്ചേരി
പോണ്ടിച്ചേരിയിലെ പുതുവത്സരാഘോഷങ്ങൾ മനോഹരമാണ്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സ്റ്റൈലിഷ് ആയി സന്ദർശിക്കാൻ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണിത്. പോണ്ടിച്ചേരിയിൽ റിസോർട്ടുകളും പബ്ബുകളും മുതൽ ബീച്ചുകളും ക്ലബ്ബുകളും വരെ വൈവിധ്യമാർന്ന പാർട്ടികളിൽ പങ്കെടുക്കാം. ഫ്രഞ്ച് കാലഘട്ടത്തിന്റെ ഓർമകളുറങ്ങുന്ന വീടുകളും തെരുവുകളും ഇവിടെ കാണാം. റോക്ക് ബീച്ചിലെ സൂര്യോദയം പറഞ്ഞറിയിക്കാൻ കഴിയുന്നതിനേക്കാൾ മനോഹരമാണ്. അരബിന്ദോ ആശ്രമം കാണാനും നിരവധിയാളുകൾ എത്താറുണ്ട്.
ബെംഗളൂരു, കർണാടക
പുതുവത്സരം ആഘോഷിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ബെംഗളൂരു. സുഖകരമായ കാലാവസ്ഥയും ഉന്മേഷദായകമായ അന്തരീക്ഷവുമാണ് ബെംഗളൂരുവിനെ സ്പെഷ്യലാക്കുന്നത്. ഡിജെ പാർട്ടികളുടെ ആവേശത്തിൽ പങ്കെടുത്ത് സ്മാലീസ് റെസ്റ്റോ കഫേ, നാഗാർജുന, ദി ഹമ്മിംഗ് ട്രീ തുടങ്ങിയ ചില മികച്ച റെസ്റ്റോറന്റുകളിൽ വ്യത്യസ്തമായ രുചികൾ ആസ്വദിക്കാം. പച്ചപ്പ് നിറഞ്ഞ പാർക്കുകൾ, പബ്ബുകൾ, കഫേകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് ധാരാളം സ്ഥലങ്ങൾ ഉള്ളതിനാൽ, നിങ്ങളുടെ ആഘോഷ മൂഡ് ഒട്ടും കുറയാതെ നിലനിർത്താൻ ബെംഗളൂരുവിൽ സാധിക്കും.
വയനാട്, കേരളം
വിനോദ സഞ്ചാരികൾക്ക്, പ്രത്യേകിതച്ച് മലയാളികളെ സംബന്ധിച്ച് പുതുവർഷം ആഘോഷിക്കാൻ മികച്ച ഓപ്ഷനുകൾ ഏറെയുണ്ട്. സുഖകരമായ കാലാവസ്ഥയിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി വയനാട്ടിലേയ്ക്ക് വണ്ടി കയറാം. ശാന്തമായ അന്തരീക്ഷത്തിൽ പുതുവത്സരം ആസ്വദിക്കാൻ ഈ മനോഹരമായ സ്ഥലം അനുയോജ്യമാണ്. പച്ചപ്പ് നിറഞ്ഞ സുഗന്ധവ്യഞ്ജന തോട്ടങ്ങളിൽ ചുറ്റിനടക്കുകയോ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുകയോ ചെയ്യാം. നിരവധി വിദേശ റിസോർട്ടുകളും വയനാട്ടിലുണ്ട്. സാഹസിക പ്രിയർക്കും നിരവധി ആക്ടിവിറ്റികൾ വയനാട്ടിലുണ്ട്.
ദില്ലി
രാജ്യതലസ്ഥാനമായ ദില്ലിയിൽ പുതുവത്സരാഘോഷങ്ങൾ വേറെ ലെവലാണ്. പുതുവത്സരം ആഘോഷിക്കാനും ആസ്വദിക്കാനും ഇവിടെ നിരവധി ഓപ്ഷനുകൾ ഉണ്ട്. പാർട്ടികളിൽ പങ്കെടുത്തും അതിശയകരമായ ലോഞ്ചുകളിലോ എക്‌സ്‌ക്ലൂസീവ് നൈറ്റ് ക്ലബ്ബുകളിലോ സമയം ചെലവഴിക്കാം. ചരിത്രപരമായ നിർമ്മിതികളും വർണ്ണാഭമായ ബസാറുകളുമെല്ലാം ദില്ലിയുടെ മുഖമുദ്രയാണ്. പൈതൃക കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, നാഷണൽ മ്യൂസിയം, ക്രാഫ്റ്റ് മ്യൂസിയം, റെയിൽ മ്യൂസിയം, മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി ആൻഡ് സയൻസ് തുടങ്ങി നിരവധിയായ കാഴ്ചകളാണ് ദില്ലി സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.

