
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് വായിൽ വെള്ളമൂറുന്ന വിഭവങ്ങളാകും. എന്നാൽ, ഭക്ഷണങ്ങൾ മാത്രമല്ല, കണ്ണിന് കുളിരേകുന്ന കാഴ്ചകളും നമ്മടെ കോഴിക്കോടുണ്ട്. ഏലക്കാനം മലഞ്ചരിവുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സഞ്ചാര പ്രിയരായ ആളുകൾ ഈ സ്ഥലത്തെ കുറിച്ച് അധികം കേട്ടുകാണില്ല. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ പറ്റിയ ഇടമാണ് ഇവിടം.
മലബാറിന്റെ ഗവിയെന്നറിയപ്പെടുന്ന വയലടക്കരികിലൂടെയാണ് ഏലക്കാനത്തേക്കുള്ള സഞ്ചാരം. കോഴിക്കോട് ബാലുശ്ശേരി തലയാടിനടുത്താണ് ഏലക്കാനം. ഇവിടെ പണ്ടൊരു ഉരുള്‍പൊട്ടലിൽ ഒലിച്ചെത്തിയ ഭീമാകാരമായ ഒരു പാറ ഗുഹയായി രൂപാന്തരപ്പെട്ടിട്ടുണ്ട്. കൊടും വേനലിൽ അടക്കം ഏത് സമയവും ഈ ഭാഗങ്ങളിൽ തണുപ്പാണ്. അതിനാൽ വേനൽക്കാലത്തും ഇവിടേയ്ക്ക് ധൈര്യമായി വരാം.
ഗുഹയോട് ചേർന്ന് ഇരിപ്പിടങ്ങൾ പോലെ ചെറുപാറക്കൂട്ടങ്ങള്‍ കാണാം. അതിനോട് ചേർന്ന് കണ്ണാടി പോലെ തെളിഞ്ഞു നിൽക്കുന്ന ഒരു കുളവുമുണ്ട്. ഈ കാഴ്ചകളൊക്കെ കണ്ണിനും മനസിനും കുളിരേകും എന്നതിൽ സംശയം വേണ്ട. തിരക്കുകളിൽ നിന്നെല്ലാം മാറി കൂട്ടുകാരും കുടുംബവുമൊക്കെയൊത്ത് ഒരു വൺഡേ ട്രിപ്പ് പ്ലാൻ ഇടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ധൈരമായി ഏലക്കാനത്തേക്ക് പോകാം.
കോഴിക്കോട് നിന്നും കക്കോടി–ചേളന്നൂർ–ബാലുശ്ശേരി വഴി 40 കിലോമീറ്റർ സഞ്ചരിച്ചാൽ തലയാടെത്താം. അവിടെ നിന്ന് ചീടിക്കുഴി റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഏലക്കാനെത്തേക്കുള്ള റോഡ് കാണാം. ഫോർവീൽ ജീപ്പുകൾ പോകുന്ന വഴിയാണിത്. ഇവിടെ നിന്നും കുറച്ച് ദൂരം ചെന്ന് കഴിഞ്ഞാൽ ഏലക്കാനം മലഞ്ചരിവിലേക്ക് എത്താൻ നടക്കണം. ചെറിയൊരു ട്രെക്കിംഗ് അനുഭൂതിയും ഈ യാത്ര നിങ്ങൾക്ക് നൽകും.