
ഇന്ത്യൻ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായി ജപ്പാൻ. പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസിയായ അഗോഡ പുറത്തുവിട്ട റിപ്പോർട്ട് പ്രാകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജപ്പാനെ കുറിച്ച് തിരഞ്ഞ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. 68 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിനോദ സഞ്ചാരികൾ ജപ്പാനിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
അടുത്ത കാലം വരെ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ ആണ് സഞ്ചാരികളുടെ ലിസ്റ്റിൽ ഇടം നേടിയിരുന്നതെങ്കിൽ ഇപ്പോൾ അത് ഒസാക്ക ഉൾപ്പെടെയുള്ള മറ്റ് പല സ്ഥലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. സഞ്ചാരികളുടെ തിരച്ചിലിൽ 158 ശതമാനം വർദ്ധനവ് ഇതിന് തെളിവാണ്. ജപ്പാനിലെ ക്ഷേത്രങ്ങളുടെയും പാരമ്പര്യങ്ങളുടെയും നഗരമായ ക്യോട്ടോ ഇപ്പോഴും ആകർഷകമാണ്. അതിന്റെ താൽപ്പര്യത്തിൽ 53 ശതമാനം അതിശയിപ്പിക്കുന്ന വർദ്ധനവ് കാണിക്കുന്നു.
പ്രധാന പട്ടണങ്ങൾക്ക് പുറത്ത് അത്ര അറിയപ്പെടാത്ത സ്ഥലങ്ങളോടുള്ള താൽപര്യം വർദ്ധിച്ചുവരികയാണെന്ന് അഗോഡയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫുജികാവഗുച്ചിക്കോ (36 ശതമാനം വർധന), ഒകിനാവ (47 ശതമാനം വർധന), ഹാക്കോൺ (46 ശതമാനം വർധന), സപ്പോറോ (18 ശതമാനം വർധന), യോകോഹാമ (20 ശതമാനം വർധന), ഫുകുവോക (14 ശതമാനം വർധന), നഗോയ (41 ശതമാനം വർധന) എന്നിങ്ങനെയാണ് അഗോഡ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.