
കൊല്ലം: കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ അരങ്ങേറിയ ഒരു കടൽത്തീര പട്ടണമാണ് തങ്കശ്ശേരി. കൊല്ലം നഗരത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് തങ്കശ്ശേരി സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് തങ്കശ്ശേരിയിലെ പ്രധാന ആകര്‍ഷണങ്ങൾ. 1902ൽ പണിത 144 അടി ഉയരമുളള വിളക്കുമാടവും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. ലൈറ്റ്ഹൗസ് റോഡിലൂടെ യാത്ര ചെയ്താൽ സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്.
തങ്കശ്ശേരിയുടെ ചരിത്രം
ഭൂതകാല കഥകളെയും സ്മാരകങ്ങളെയും ചുറ്റിപ്പറ്റിയാണ് തങ്കശ്ശേരിയുടെ ചരിത്രം. 1502ൽ കൊല്ലത്ത് എത്തിയ പോര്‍ച്ചുഗീസുകാരാണ് തങ്കശ്ശേരി കോട്ട അഥവാ സെന്‍റ് തോമസ് കോട്ട നിര്‍മ്മിച്ചത്. 1516ൽ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലോപ്പോ ഡോറസും കൊല്ലം റാണിയും തമ്മിൽ ഒരു വ്യാപാര കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം പോര്‍ച്ചുഗീസുകാര്‍ തങ്കശ്ശേരിയിൽ പാണ്ടികശാലയുടെ നിര്‍മ്മാണം തുടങ്ങി. പിന്നീട് കുരുമുളക് വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായി തങ്കശ്ശേരി മാറി. എന്നാൽ, കരാര്‍ പാലിക്കാൻ കൊല്ലം റാണിക്ക് കഴിഞ്ഞില്ല. ഇതോടെ പോര്‍ച്ചുഗീസുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പാണ്ടികശാലയെ ഒരു കോട്ടയാക്കി മാറ്റാനുള്ള അനുവാദമാണ് പോര്‍ച്ചുഗീസുകാര്‍ ആവശ്യപ്പെട്ടത്. കൊല്ലം റാണിയ്ക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നു. ഇതോടെ പാണ്ടികശാല ഒരു കോട്ടയായി മാറി.
1661-ൽ, ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി തങ്കശ്ശേരി പിടിച്ചടക്കി. ഇന്ന് തങ്കശ്ശേരിയിൽ കാണാൻ കഴിയുന്ന ചില ഗ്രിഡ് പാറ്റേൺ റോഡുകൾ ഡച്ചുകാർ വികസിപ്പിച്ചെടുത്തതാണ്. പിന്നീട് തിരുവിതാംകൂർ മഹാരാജാവ് തങ്കശ്ശേരി പിടിച്ചടക്കുകയും അത് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. 1795-ൽ, തിരുവിതാംകൂറിന്റെ പരാജയത്തിന് ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ബ്രിട്ടീഷുകാർ അവരുടെ ഭരണം സ്ഥാപിച്ചു. ഒരുകാലത്ത് പോർച്ചുഗീസുകാരെ സംരക്ഷിക്കുന്ന ശക്തമായ ഒരു കോട്ടയായിരുന്നു തങ്കശ്ശേരി. എന്നാൽ, ഇപ്പോൾ തകർന്ന ഇഷ്ടിക മതിലുകളും പടികളും മാത്രമുള്ള ഒരു നിര്‍മ്മിതി മാത്രമാണിത്. ചരിത്രവും പഴയകാല നിര്‍മ്മിതികളുമെല്ലാം താത്പ്പര്യമുള്ളവര്‍ക്ക് തങ്കശ്ശേരി മികച്ച അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്റ്റേഷൻ: കൊല്ലം ജങ്ഷൻ, 3 കി.മീ.
അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 59 കി.മീ.