അനന്തപുരിയുടെ മിനി പൊന്മുടി; അതിശയിപ്പിക്കും കാഴ്ചകൾ ഒരുക്കി വെള്ളാണിക്കൽ പാറ

Published : Jul 19, 2025, 09:10 PM IST
Vellanikkal Para

Synopsis

സമുദ്രനിരപ്പിൽ നിന്ന് 500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സഞ്ചാരികൾക്ക് അവിസ്മരണീയമായ കാഴ്ചകൾ സമ്മാനിക്കുന്നു. 

തിരക്കുകളിൽ നിന്നതെല്ലാം വിട്ടുമാറി ഗ്രാമീണത വിളിച്ചോതുന്ന ഒരിടത്തേയ്ക്ക് യാത്ര പോയാലോ? മറ്റെങ്ങുമല്ല തിരുവനന്തപുരത്തെ മിനി പൊന്‍മുടി എന്ന് അറിയപ്പെടുന്ന വെള്ളാണിക്കൽ പാറമുകളിലേക്ക്... പോത്തൻകോട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറ സ്ഥിതി ചെയ്യുന്നത്. 2015ലാണ് വെള്ളാണിക്കൽ പാറമുകൾ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്.

പാറമുകളിലേക്കുള്ള യാത്രയിൽ നിറയെ പറങ്കിമാവുകൾ തിങ്ങി നിറഞ്ഞ കാടുകൾ കാണാം. ഈ കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞിരുന്നതായി ചരിത്രം പറയുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കൽപ്പാറയുള്ളത്. ഏകദേശം 23 ഏക്കറോളം വ്യാപിച്ചു കിടക്കുന്നു. മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും ചെറിയ സാഹസികതകളിൽ താൽപര്യമുള്ളവർക്കും ധൈര്യമായി ഇവിടേയ്ക്ക് വരാം.

പാറമുകളിലെത്തിയാൽ തിരുവനന്തപുരം, കൊല്ലം, അറബിക്കടൽ തീരം, സഹ്യപർവ്വത മലനിരകൾ തുടങ്ങിയവ സഞ്ചാരികൾക്ക് കാണാൻ സാധിക്കും. ഇവിടെ നിന്നുള്ള സൂര്യാസ്തമയം ഒരു ദൃശ്യവിസ്മയമാകും സഞ്ചാരികൾക്ക് സമ്മാനിക്കുക. വെള്ളാണിക്കൽ പാറയിൽ നിന്ന് നോക്കിയാൽ തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും അറബികടലിന്റെ വശ്യതയും പൊന്മുടിയും അഗസ്ത്യാർകൂടവും ഉൾപ്പെടുന്ന സഹ്യപർവത മലനിരകളും കാണാം.

വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും ഇവിടെയുണ്ട്. ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത് രണ്ടും. പ്രദേശവാസികൾ പുലിച്ചാണി എന്ന് വിളിക്കുന്ന ഒരു ഗുഹയും ഇവിടെ ഉണ്ട്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരെ പുലിച്ചാണി ഗുഹ നിരാശപ്പെടുത്തില്ല. വെള്ളാണിക്കൽ പാറയുടെ താഴ്‌വാരത്തിനടുത്താണ് ഈ ഗുഹയുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല