ഗോവ പഴയ ​ഗോവയല്ല; ഇനി എന്തും ചെയ്യാമെന്ന് കരുതണ്ട, പുതിയ നിയമങ്ങൾ, സഞ്ചാരികൾ അറിയേണ്ടതെല്ലാം

Published : Aug 04, 2025, 02:49 PM ISTUpdated : Aug 04, 2025, 02:51 PM IST
Goa

Synopsis

ഗോവയിലെത്തുന്ന സഞ്ചാരികളുടെ പെരുമാറ്റം കർശനമായി നിയന്ത്രിക്കാനാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. 

പനാജി: ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി സഞ്ചാരികൾ എത്തുന്നയിടമാണ് ഗോവ. ഇവിടുത്തെ ബീച്ചുകൾ ലോകപ്രശസ്തമാണ്. അടുത്തിടെ സംസ്ഥാന ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഗോവയിലേയ്ക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് ഗോവ. ഗോവയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ പുതിയ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.

ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ പെരുമാറ്റം കർശനമായി നിയന്ത്രിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റ ഭാഗമായി ഗോവ നിയമസഭ ഒരു ബിൽ പാസാക്കി കഴിഞ്ഞു. ഓഗസ്റ്റ് 1-ന് സംസ്ഥാന ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെയാണ് ഗോവ ടൂറിസ്റ്റ് പ്ലേസസ് (പ്രൊട്ടക്ഷൻ ആൻഡ് മെയ്ന്റനൻസ്) അമെൻഡ്മെന്റ് ബിൽ അവതരിപ്പിച്ചത്. പുതിയ നിയമപ്രകാരം നിയമ ലംഘനം കണ്ടെത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും. ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ പൊതുസ്ഥലത്തോ മദ്യപിക്കുകയോ ഗ്ലാസ് കുപ്പികൾ പൊട്ടിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്.

മറ്റ് നിയന്ത്രണങ്ങൾ

  • പൊതുസ്ഥലങ്ങളിൽ മദ്യം കഴിക്കുകയോ കുപ്പികൾ പൊട്ടിക്കുകയോ ചെയ്യുക.
  • തുറസ്സായ സ്ഥലങ്ങളിൽ പാചകം ചെയ്യുക.
  • വിനോദസഞ്ചാരികളെ സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ പ്രേരിപ്പിക്കുക.
  • ബീച്ചുകളിൽ മാലിന്യം നിക്ഷേപിക്കുക.
  • അനധികൃതമായ കച്ചവടം.
  • ഭിക്ഷാടനം.
  • മലിനീകരണമോ അപകടമോ ഉണ്ടാക്കുന്ന ബോട്ടുകളും മറ്റും പ്രവർത്തിപ്പിക്കുക.
  • ബീച്ചുകളിൽ വാഹനമോടിക്കുകയോ വിനോദസഞ്ചാരികളുടെ സഞ്ചാരം തടയുകയോ ചെയ്യുക.
  • ഗോവയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് അംഗീകാരമില്ലാതെ ടൂറിസം പാക്കേജുകൾ വാ​ഗ്ദാനം ചെയ്യുക.

വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത് കാരണം പല തരത്തിലുള്ള പ്രശ്നങ്ങളും സംസ്ഥാനം നേരിടുന്നുണ്ട്. മോശം പെരുമാറ്റം, പരിസ്ഥിതി നാശം, അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം. ഇവ പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമ ഭേദഗതി നടപ്പിലാക്കുന്നത്. അനധികൃത കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ തടയാനും വിനോദസഞ്ചാരികളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കാനുമാണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. സമാധാനപരമായ വിനോദസഞ്ചാരം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന കച്ചവട രീതികളും പ്രവർത്തനങ്ങളും നിയമം ലക്ഷ്യമിടുന്നുണ്ട്.

ഭേദഗതി ചെയ്ത നിയമപ്രകാരം, നിയമങ്ങൾ ലംഘിക്കുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും 5,000 മുതൽ 1 ലക്ഷം രൂപ വരെ പിഴ ചുമത്താം. ചില കുറ്റകൃത്യങ്ങൾക്ക് 2023ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 പ്രകാരം ശിക്ഷ നൽകാം. ഓരോ രണ്ട് വർഷത്തിലും പിഴകൾ പുനഃപരിശോധിക്കണമെന്നും 10% വരെ പിഴ കുറയ്ക്കണമെന്നും പുതിയ വകുപ്പായ 10A വ്യവസ്ഥ ചെയ്യുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല