കൊച്ചി നഗരം ചുറ്റിക്കാണാം, കെഎസ്ആര്‍ടിസി റെഡി; ഓപ്പൺ ബസിലെ നഗരസവാരി ഇന്ന് മുതൽ

Published : Jul 15, 2025, 12:59 PM IST
KSRTC Double decker

Synopsis

കൊച്ചിയിൽ ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും.

കൊച്ചി: കൊച്ചിയുടെ മണ്ണിലേക്ക് എത്തുന്ന ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 5 ന് കെ.എസ്.ആർ.ടി.സി. ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. കെ.എസ്.ആർ.ടി.സി. ബഡ്‌ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗര കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച 2 ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയതിനെത്തുടർന്നാണ് വ്യവസായ തലസ്ഥാന നഗരിയിൽ സഞ്ചാരികൾക്കായി ഓപ്പൺ ബസ് സവാരി ഒരുക്കിയിരിക്കുന്നത്.

ടി ജെ വിനോദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ പത്മജ എസ് മേനോൻ, സുധ ദിലീപ് കുമാർ, എറണാകുളം എ.ടി.ഒ. ടി എ ഉബെെദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിൾ ഡക്കറിന്റെ ഓപ്പൺ ഡെക്കിൽ ഇരുന്ന് നഗര സൗന്ദര്യം ആസ്വദിക്കാൻ യാത്രികർക്ക് അവസരമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. വൈകുന്നേരം 5 മണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് തേവര, കോപ്റ്റ് അവന്യൂ വാക്ക് വെ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി എറണാകുളത്ത് രാത്രി 7.40 ന് തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 

ഓപ്പൺ ഡെക്കിൽ 300 രൂപയും താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക്. onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ Starting from-ൽ “Kochi City Ride” എന്നും Going To-ൽ “Kochi” എന്നും enter ചെയ്ത് സീറ്റുകൾ ഉറപ്പിക്കാം. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 99610 42804, 8289905075, 9447223212 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ
കോട പൊതിയുന്ന പൊന്മുടി; ഒന്ന് ടിക്കറ്റ് എടുത്തു നോക്ക്!