
ഇടുക്കി: ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽസ്റ്റേഷനാണ് പട്ടുമല. പേരുപോലെ തന്നെ, പട്ടുപോലുള്ള മൃദുവായ പച്ചപ്പും മഞ്ഞുമൂടിയ കുന്നുകളുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. വാണിജ്യ കൃഷിയുടെയും, തീർത്ഥാടനത്തിന്റെയും, ടൂറിസത്തിന്റെയും വിശിഷ്ടമായ കേന്ദ്രമായി പട്ടുമല പ്രശസ്തമാണ്. പട്ടുമലയിലെ ഏറ്റവും വലിയ ആകർഷണം അതിന്റെ പ്രകൃതി ഭംഗിയാണ്.
കണ്ണെത്താ ദൂരത്തെ ചായത്തോട്ടങ്ങളും പച്ചപർവത നിരകളും ഇവിടെ കാണാം. മൂടൽമഞ്ഞ് വീഴുന്ന പ്രഭാതങ്ങൾ, തണുത്ത കാറ്റ്, മലനാട് ശാന്തത എന്നിവ പട്ടുമലയെ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് പട്ടുമലയിലെ മാതാവിന്റെ വിശുദ്ധ തിരുനാൾ. ഓരോ വർഷവും ആയിരക്കണക്കിന് തീർത്ഥാടകർ ഇവിടെ എത്തുന്നു.
പട്ടുമല പ്രദേശത്തെ ക്ഷേത്രങ്ങളും പള്ളിയും ഈടുറപ്പുള്ള മനുഷ്യത്വത്തിന്റെയും മതസൗഹൃദത്തിന്റെയും ഉദാഹരണമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള തണുത്ത കാലാവസ്ഥയാണ് പട്ടുമല ആസ്വദിക്കാൻ ഏറ്റവും അനിയോജ്യമായ സമയം. തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി ഒരു ദിവസം ശാന്തതയിൽ ചെലവിടാൻ ആഗ്രഹിക്കുന്നവർക്ക് പട്ടുമല ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്.
സാഹസികത ആഗ്രഹിക്കുന്നവർക്ക് പട്ടുമലയിലെ ട്രെക്കിംഗും ഹൈക്കിംഗ് പാതകളും പര്യവേക്ഷണം ചെയ്യാൻ കഴിയും. പട്ടുമലയിൽ നിന്ന് ഒരു ചെറിയ ഡ്രൈവ് പോയാൽ പരുന്തുംപാറ വ്യൂപോയിന്റ് അഥവാ "ഈഗിൾ റോക്കിൽ" എത്തും. പശ്ചിമഘട്ടത്തിന്റെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഒരു പോയിന്റാണിത്. അനന്തമായ കുന്നുകൾ, ആഴമേറിയ താഴ്‌വരകൾ, ഇടതൂർന്ന വനങ്ങൾ എന്നിവ സന്ദർശകർക്ക് ആസ്വദിക്കാം.